കൊച്ചി- ഓഡിറ്റോറിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചതാണ് കുസാറ്റ് ദുരന്തത്തിന് കാരണമെന്ന് പോലീസ് ഹൈക്കോടതിയില്‍. ആയിരംപേര്‍ക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തില്‍ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുന്‍കൂട്ടി കാണാന്‍ സംഘാടകര്‍ക്ക് സാധിച്ചില്ല.ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിര്‍മ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി തൃക്കാക്കര അസി. കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നുണ്ട്. കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു നല്‍കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹര്‍ജി ജനുവരി 18ന് വീണ്ടും പരിഗണിക്കും. 80 സെക്യൂരിറ്റി ജീവനക്കാരാണ് കുസാറ്റിലുള്ളത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ഹര്‍ജി നല്‍കിയത്. പരിപാടിക്ക് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഒഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പാള്‍ നല്‍കിയ കത്ത് രജിസ്ട്രാര്‍ അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സര്‍വകലാശാലകളിലെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ രജിസ്ട്രാര്‍ അവഗണിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
കുസാറ്റ് സ്‌കൂള്‍ ഒഫ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ടെക് ഫെസ്റ്റിന്റെ ഭാഗമായി ക്യാമ്പസിനകത്ത് ആംഫി തീയേറ്ററില്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് അപടകത്തില്‍പെട്ടത്. വിദ്യാര്‍ത്ഥികള്‍ കയറി നിറഞ്ഞ ആംഫി തീയേറ്ററിലേക്ക് റോഡരികില്‍ നിന്നവര്‍ മഴവന്നപ്പോള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടകാരണം, തീയേറ്ററിലേക്ക് കയറാനും ഇറങ്ങാനും ഒരു ഗേറ്റ് മാത്രമാണുള്ളത്. ഗേറ്റ് കഴിഞ്ഞുള്ള പടിക്കെട്ടില്‍ നിന്നവര്‍ തിക്കിലും തിരക്കിലും താഴോട്ട് വീഴുകയായിരുന്നു, അവരുടെ മുകളിലേക്ക് കൂടുതല്‍ ആളുകള്‍ വീണു. ചവിട്ടേറ്റും ശ്വാസം മുട്ടിയുമാണ് നാലുപേര്‍ മരിച്ചത്. രണ്ടാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ റൂഫ് , താമരശേരി സ്വദേശിനി സാറ തോമസ്, കുസാറ്റിലെ വിദ്യാര്‍ത്ഥിയല്ലാത്ത പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.