Sorry, you need to enable JavaScript to visit this website.

അവസാന ഹാജിയും വിടവാങ്ങി; തമ്പുകളുടെ നഗരം നിശബ്ദതയിലേക്ക് 

മിനാ- ജന്മവിശുദ്ധിയുടെ നിറവുമായി തീർഥാടക ലക്ഷങ്ങൾ തമ്പുകളുടെ നഗരിയോട് യാത്ര പറഞ്ഞതോടെ മിനാ പുണ്യനഗരി വിജനം. 20 ലക്ഷത്തിലധികം തീർഥാടകരുടെ ഹജ് കർമങ്ങളും പ്രാർഥനകളും കൊണ്ട് ശബ്ദമുഖരിതമായിരുന്ന മിനാതാഴ്‌വര ഇനി ഒരു വർഷത്തിന് ശേഷമാണ് സജീവമാകുക. അവസാന ഹാജിയും വിടവാങ്ങിയതോടെ തമ്പുകളുടെ നഗരം നിശ്ശബ്ദതയിലേക്ക് വഴിമാറി. മുനിസിപ്പാലിറ്റി അധികൃതരെത്തി മേഖല മാലിന്യമുക്തമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഹജ് വേളകളിൽ നിറഞ്ഞു കവിയുന്ന അറഫയും മുസ്ദലിഫയുമെല്ലാം ഹജ് കഴിഞ്ഞതോടെ ആളനക്കമില്ലാതായി. ഉംറ സീസൺ തുടങ്ങിക്കഴിഞ്ഞാൽ തീർഥാടകർ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനെത്തും. മിനായിലെ അൽഖൈഫ് പള്ളി, അറഫയിലെ നമിറ മസ്ജിദ്, മുസ്ദലിഫയിലെ മശ്അറുൽ ഹറാം മസ്ജിദ് എന്നിവ ഹജ് വേളകളിലാണ് തുറക്കുക. അനധികൃത തീർഥാടകരുടെ വരവിൽ ഗണ്യമായ കുറവുണ്ടായിരുന്നതിനാൽ ആയാസ രഹിതമായാണ് തീർഥാടകർ ജംറകളിലേക്ക് നീങ്ങിയത്. റോഡുകളിൽ അന്തിയുറങ്ങുന്ന പ്രവണത മുൻകാലങ്ങളിൽ അപേക്ഷിച്ച് ഇക്കുറി കുറവായിരുന്നു. അധികൃതരുടെ പഴുതുകൾ അടച്ച പരിശോധനകൾക്കിടയിലും എത്തിയ അനധികൃത തീർഥാടകർ മിനായിലേക്കുള്ള വഴിയിലും പാലത്തിന്റെ ചുവട്ടിലുമാണ് കഴിച്ചുകൂട്ടിയത്. ഇത്തരത്തിലുള്ള തീർഥാടകരെ ഇടക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒഴിപ്പിച്ചിരുന്നു. തീർഥാടകരെ സഹായിക്കാൻ വിവിധസർക്കാർ സംവിധാനങ്ങളും സ്‌കൗട്ടും സ്‌നേഹക്കൈകളുമായി 5,000 ത്തോളം മലയാളി സന്നദ്ധ സേവകരും മിനായിൽ പ്രവർത്തിച്ചത് മലയാളികൾ അടക്കമുള്ള ഹാജിമാർക്ക് അനുഗ്രഹമായി. വിവിധ രാജ്യക്കാരായ ലക്ഷക്കണക്കിനു ഹാജിമാർക്ക് ആശ്വാസം പകരുന്നതായിരുന്നു മലയാളി വളണ്ടിയർമാരുടെ സേവനം. ഭൂരിപക്ഷം മലയാളി ഹാജിമാരും നാലാം ദിവസത്തെ കല്ലേറ് കൂടി നിർവഹിച്ച് ഇന്നലെ വൈകുന്നേരത്തോടെയാണ് മിനാ താഴവരയോട് യാത്ര പറഞ്ഞത്. പതിനൊന്ന് മണിയോടെ കല്ലേറിനായി മലയാളി ഹാജിമാർ ജംറകളിലേക്ക് പോയിത്തുടങ്ങി. 
നടക്കാൻ ബുദ്ധിമുട്ടുള്ളവരും രോഗികളും വളണ്ടിയർമാരുടെ സേവനം തേടി. സുരക്ഷയുടെ കാര്യത്തിൽ  ഈ വർഷം പഴുതടച്ചുള്ള നടപടികളാണ് ഹജിനായി സൗദി അധികൃതർ സ്വീകരിച്ചത്. ജംറകളിലും ഹാജിമാർ മടങ്ങുന്ന വഴികളിലും അജീവ ജാഗ്രതയാണ് സുരക്ഷാ വിഭാഗം പാലിച്ചത്. ഹജ് കർമങ്ങൾ പൂർത്തീകരിച്ച് താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങിയ ഇന്ത്യൻ ഹാജിമാർ വഴിതെറ്റി അലഞ്ഞിരുന്നു. വിവിധ സംഘടനകളുടെ വളണ്ടിയർമാർ ഇന്നലെ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ഹാജിമാർ കടന്നുപോകുന്ന വഴികളിലും അസീസിയയിലുമാണ്. ഇത് ഹാജിമാർക്ക് ഒട്ടേറെ ആശ്വാസം പകർന്നു. തീർഥാടകർ വഴിതെറ്റി പോകാനിടയുള്ള സ്ഥലങ്ങളിലും വളണ്ടിയർമാർ നിലയുറപ്പിച്ചിരുന്നു.
 

Latest News