കൊച്ചി- സ്‌റ്റേറ്റ് ന്യൂട്രിഷന്‍ ആന്‍ഡ് ഡയറ്റ് റിലേറ്റഡ് ഇന്റര്‍വെന്‍ഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച പോഷകാഹാര ബോധവല്‍ക്കരണ പരിപാടി കെ.ജെ മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി സെന്റ് തോമസ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഫാന്‍സി ഡ്രസ്സ്, റീല്‍സ്, ഓപ്പണ്‍ ടാലന്റ് ഷോ, കുക്കറി ഷോ, പോസ്റ്റര്‍ രചന എന്നീ മത്സരങ്ങള്‍ നടന്നു.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ സഗീര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ പി.ആര്‍ രചന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. സിസി തങ്കച്ചന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി. രോഹിണി, കുമ്പളങ്ങി സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. ആശാമോള്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സി.എം ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു. നല്ല ആഹാര ശീലങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാറിന് ഡയറ്റീഷ്യന്‍ ദിവ്യ ഉണ്ണികൃഷ്ണന്‍ നേതൃത്വം നല്‍കി.
കുട്ടികളില്‍ ചെറുപ്പം മുതല്‍ തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ജീവിത രീതികളും പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് എറണാകുളം 'സൂപ്പര്‍ മനു' എന്ന പേരില്‍ നിര്‍മിച്ച ഹ്രസ്വ ചിത്രത്തിന്റെ സി.ഡി പ്രകാശനം ചെയ്തു.
പ്രശസ്ത ബാലതാരം മാസ്റ്റര്‍ ദ്രുപത് കൃഷ്ണയും റെഡ് എഫ്. എം ആര്‍.ജെ സുരാജും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഹ്രസ്വചിത്രത്തിന്റെ ആശയവും സംവിധാനവും നിര്‍വഹിച്ചത് മുന്‍ പ്രവാസിയും മലയാളം ന്യൂസ് ആര്‍ടിസ്റ്റുമായിരുന്ന നാസര്‍ ബഷീറാണ്.