അണികളുടെ ആവേശം സംഘടനകളുടെ അടിത്തറയാണ്. പ്രസംഗത്തിലൂടെയും പ്രവർത്തനങ്ങളിലൂടെയും അണികളെ ആവേശഭരിതരാക്കി നിർത്തുകയെന്നത് നേതാക്കളുടെ ജോലിയാണ്. ആവേശം വറ്റുന്ന സംഘടന തളരുമെന്നാണ് പൊതുവിൽ സംഘടനാശാസ്ത്രം.ഇത് തിരിച്ചറിഞ്ഞ് അണികളിൽ ആവേശമുണർത്തുന്ന പ്രസംഗങ്ങളും പരാമർശങ്ങളും നേതാക്കൾ ഏറെക്കാലമായി കൃത്യമായി നൽകിക്കൊണ്ടിരിക്കുന്നുണ്ട്. അത് കേട്ട് പുളകിതരായി അണികൾ സംഘടനയെ ശക്തിപ്പെടുത്താനായി മുന്നിലിറങ്ങുകയും ചെയ്യുന്നു. എന്നാൽആവേശം അതിരു വിടുമ്പോൾ അത് വിപരീത ഫലങ്ങളുണ്ടാക്കും. ആവേശമിളക്കാൻ വിളിച്ചുപറയുന്ന വാക്കുകൾ, സമൂഹത്തിൽ അപകടകരമായി മാറുമ്പോൾ അത് നിയമ ലംഘനമായി മാറും.സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ ഇപ്പോൾ എത്തിനിൽക്കുന്നത് അത്തരമൊരു നിയമ ലംഘനത്തിലാണ്. ഇസ്‌ലാമിക പണ്ഡിതനായ സത്താർ പന്തല്ലൂരിനെതിരെ മലപ്പുറം പോലീസ് കേസെടുത്തിരിക്കുകയാണ്. സമൂഹത്തിൽ സ്പർധയുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചതിനെതിരെ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്.കെ.എസ്.എസ്.എഫിന്റെ പ്രവർത്തകരുണ്ടാകുമെന്നായിരുന്നു സത്താർ പന്തല്ലൂർ കഴിഞ്ഞ ദിവസം മലപ്പുറത്ത് നടത്തിയ പ്രസ്താവന. പണ്ഡിതൻമാരുടെ സംരക്ഷണം അനുചരൻമാരുടെ ഉത്തരവാദിത്തമാണെന്ന വിശ്വാസം നിലനിൽക്കുമ്പോൾ എസ്.കെ.എസ്.എസ്.എഫ് വേദിയിൽ അത്തരമൊരു പ്രസംഗം തെറ്റായി തോന്നണമെന്നില്ല. എന്നാൽ ആ പ്രസംഗം പൊതുസമൂഹത്തിന് മുന്നിലെത്തുമ്പോൾ അപകടകരമായ പലതുമുണ്ട്. പൊതുവിൽ ക്രമസമാധാന നില തകരാൻ എന്തെങ്കിലും കാരണം കാത്തുനിൽക്കുന്ന സമൂഹത്തിൽ തെറ്റിദ്ധാരണയും അക്രമങ്ങളുമുണ്ടാക്കാൻ അതൊരു തീപ്പൊരിയായി മാറിയേക്കാം.
അണികളും നേതാക്കളും എന്ന ഘടന പൊതുവിൽ രാഷ്ട്രീയ സംഘടനകളുടേതാണ്. മതസംഘടനകളിൽ ഇത് ഗുരുക്കൻമാരും ശിഷ്യൻമാരുമാണ്. എന്നാൽ കുറച്ചേറെ കാലമായി മതസംഘടനകളിലും നേതാക്കൻമാർ രൂപപ്പെട്ടു വന്നുകൊണ്ടിരിക്കുന്നുണ്ട്.
സമസ്തയുടെ വിദ്യാർഥി സംഘടനകളിലും യുവജന സംഘടനകളിലുമുള്ളത് വിദ്യാർഥികളും യുവാക്കളുമാണോ എന്ന ചോദ്യവും ഏറെ പഴക്കമുള്ളതാണ്.ഇസ്‌ലാമിക സംഘടനകളുമായി ബന്ധപ്പെട്ട പൊതുചടങ്ങുകളിൽ ഗുരുക്കൻമാരെത്തുമ്പോൾ അവർക്ക് വേണ്ടി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതും പതിവാണ്.ആദ്യകാല ഗുരുക്കൻമാർ ഈ പ്രശംസ മുദ്രാവാക്യങ്ങളിൽ അഭിരമിക്കാത്തവരായിരുന്നു. എന്നാൽ പുതിയ കാലത്ത് നേതൃപരിവേഷം ആസ്വദിക്കുന്ന പണ്ഡിതൻമാരുണ്ട്. സ്വന്തം പേരിൽ ഉയരുന്ന മുദ്രാവാക്യങ്ങൾ കേട്ട് അവർ ആനന്ദഭരിതരാകുന്നു. ചിലർ കൈവീശി അണികളെ അഭിവാദ്യം ചെയ്യുന്നു.ഗുരു-ശിഷ്യ ബന്ധത്തിന്റെ പതിവു ശീലങ്ങളെ പൊളിച്ചെഴുതുന്ന ഈ ആവേശം മതസംഘടനകളിലും നേതാക്കൻമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
ഇത്തരത്തിൽ മതവിശ്വാസം സംഘടന രൂപത്തിലേക്ക് വളരുമ്പോൾ ഉടലെടുക്കുന്ന നേതാക്കൾക്ക് അണികളോട് കൂടുതൽ ഉത്തരവാദിത്തമുണ്ട്. അണികൾ മതവിശ്വാസത്തിന്റെ വ്യക്തിപരമായ ചട്ടക്കൂടിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരല്ല. മറിച്ച്, സംഘടനയോട് കൂറും അതിന്റെ നേതാക്കളോട് ആരാധനയും വെച്ചു പുലർത്തുന്നവരാണ്. അവരെ ആവേശത്തിലാക്കാൻ, അവരുടെ കൈയടി വാങ്ങാനായി നടത്തുന്ന പ്രസംഗങ്ങൾ അവരിലുണ്ടാക്കുന്ന സ്വാധീനം ഏറെ വലുതാണെന്ന് നേതാക്കൻമാർ അല്ലെങ്കിൽ പണ്ഡിതർ തിരിച്ചറിയണം. മറ്റുള്ളവരെ ആക്രമിക്കുമെന്ന് പരസ്യമായി പറയുന്നത്, ആവേശത്തിന് വേണ്ടിയാണെങ്കിലും അപകടരമാണ്, പ്രത്യേകിച്ച് ഇന്നത്തെ കേരള സാഹചര്യത്തിൽ.കോളേജ് അധ്യാപകന്റെ കൈവെട്ടിമാറ്റിയതിനെ തുടർന്ന് കേ രളത്തിന്റെ മനഃസാക്ഷിയിൽ രൂപമെടുത്ത ഭയവും ആശങ്കകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കൈവെട്ട് എന്ന പദപ്രയോഗം തന്നെ ബ്രാന്റിംഗിന് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്ത്, മതപണ്ഡിതൻമാർ വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷ്്മത പാലിക്കേണ്ട ആവശ്യകത വർധിച്ചു വരികയാണ്.
സത്താർ പന്തല്ലൂരിനെ അനുകൂലിച്ച് സമസ്തയിലെ ഏതാനും പണ്ഡിതർ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവർക്കും പറയാൻ അവരുടേതായ ന്യായങ്ങളുണ്ടാകാം. എന്നാൽ സ്വന്തം വിശ്വാസ സമൂഹത്തിനപ്പുറം മറ്റൊരു ലോകമുണ്ടെന്ന ചിന്ത എല്ലായ്‌പ്പോഴും നാം വെച്ചു പുലർത്തേണ്ടതുണ്ട്. ഈ യാഥാർഥ്യം പൂർണമായും ഉൾക്കൊള്ളുന്നവരാണ് ഇവിടുത്തെ മതപണ്ഡിതൻമാരും വിശ്വാസികളും.
ആ ഉൾക്കൊള്ളൽ കൂടിയാണ് സഹവർത്തിത്വത്തിന്റെ ജീവൻ സമൂഹത്തിൽ നിലനിർത്തുന്നത്. അതിനിടയിൽ, അണികളിൽ ആവേശമുണർത്താനോ സ്വയം നേതാവാകാനോ വേണ്ടി നടത്തുന്ന വിവാദ പരാമർശങ്ങൾ പറഞ്ഞയാൾക്ക് മാത്രമല്ല, അദ്ദേഹം പ്രതിനിധീകരിക്കുന്ന സമുദായത്തിനും പേര് ദോഷമുണ്ടാക്കും.അന്യരുടെ ജീവിതത്തിന് ഏറെ ബഹുമാനം നൽകിപ്പോരുന്നവരാണ് സമസ്തയുടെ നേതാക്കൾ. സമൂഹത്തിലെ കലുഷിതമായ കാലങ്ങളിൽ സമാധാനത്തിന്റെ ദൂതരാകാൻ സമസ്തയുടെ പല നേതാക്കൾക്കും കഴിഞ്ഞിട്ടുണ്ട്. ആ പാരമ്പര്യം തന്നെയാണ് സമസ്തയുടെ മുന്നോട്ടുള്ള യാത്രയിൽ ഇനിയും ആവശ്യം.