മക്ക - ഫലസ്തീനിൽ നിന്ന് എത്തിയ റുമാഹ് പരിശുദ്ധ ഹജ് കർമം നിർവഹിച്ചത് 29 വർഷം മുമ്പ് നെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ടയുമായി. മൂന്നു ദശകത്തോളമായി ശരീരത്തിന്റെ ഭാഗമായി മാറിയ വെടിയുണ്ട ഇടക്കിടെ സമ്മാനിക്കുന്ന ഹൃദയം നുറുങ്ങുന്ന വേദന സഹിച്ചാണ് 44 കാരി ഹജ് കർമം നിർവഹിച്ചത്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിലാണ് റുമാഹ് പുണ്യഭൂമിയിൽ എത്തിയത്.
ഫലസ്തീനിൽ നിന്ന് രാജാവിന്റെ അതിഥികളായി എത്തിയ തീർഥാടകർക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയം താമസം ഒരുക്കിയ ഹോട്ടലിലാണ് റുമാഹ് കഴിയുന്നത്. സൽമാൻ രാജാവിനെ നേരിട്ട് കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് റുമാഹ് പറഞ്ഞു. അർബുദ രോഗിയായ പിതാവ്, ഫലസ്തീനും ഫലസ്തീനികൾക്കും നൽകുന്ന സഹായങ്ങൾക്കും ഫലസ്തീൻ പ്രശ്‌നത്തിന് നൽകുന്ന പിന്തുണക്കും തന്റെ സലാമും നന്ദിയും പ്രശംസയും രാജാവിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിതാവിന്റെ സന്ദേശം രാജാവിനെ നേരിട്ട് അറിയിക്കുന്നതിന് സാധിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്ന് സൽമാൻ രാജാവിന്റെ ഫോട്ടോയിലേക്ക് കൈ ചൂണ്ടി റുമാഹ് പറഞ്ഞു.
1989 ൽ ഉത്തര വെസ്റ്റ്ബാങ്കിലെ ജനീൻ നഗരത്തിൽ വീട്ടിൽ കുടുംബാംഗങ്ങൾ ഒന്നിച്ച് സമാധാനത്തോടെ ഇരിക്കുന്നതിനിടെയാണ് തനിക്ക് വെടിയേൽക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. ഈ സമയത്ത് വീടിന് പുറത്തായിരുന്ന സഹോദരൻ വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടിക്കയറി. ഇസ്രായിലി പോലീസ് സഹോദരനെ പിന്തുർന്ന് ആക്രമിക്കുന്നതിന് ശ്രമിക്കുകയാണെന്ന് തങ്ങൾക്ക് വ്യക്തമായി. ഉടൻ തന്നെ തങ്ങൾ കുടുംബാംഗങ്ങളായ 12 പേരും കൂടി ഒരു മുറിയിൽ കയറി വാതിലടച്ചു. എന്നാൽ ജനൽ ചില്ല് തകർത്ത് ഇസ്രായിലി സൈന്യം തങ്ങളുടെ കൺമുന്നിലിട്ട് ഇളയ സഹോദരിയെ നിഷ്‌കരുണം വെടിവെച്ചു കൊലപ്പെടുത്തി. മകളെ കൊന്നൊടുക്കിയതിനാൽ ആക്രമണം അവസാനിപ്പിക്കണമെന്ന് തന്റെ മാതാവ് ഇസ്രായിലി സൈനികരോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് ചെവികൊള്ളാതെ സൈന്യം തങ്ങൾക്ക് എല്ലാവർക്കും നേരെ നിറയൊഴിച്ചു. ഇളയ സഹോദരനും വെടിയേറ്റ് മരിച്ചു. മറ്റു സഹോദരങ്ങൾക്കെല്ലാവർക്കും പരിക്കേറ്റു. തന്റെ നെഞ്ചിൻ കൂട് തുളച്ചുകയറിയ വെടിയുണ്ട ശ്വാസകോശത്തിൽ തറച്ചുനിന്നു. ആക്രമണത്തിനിടെ തന്റെ മൂന്നു സഹോദരങ്ങളെ ഇസ്രായിൽ സൈന്യം ബന്ദികളാക്കി പിടിച്ചു.
തന്റെ ജീവൻ നഷ്ടപ്പെട്ടേക്കുമെന്ന് ഭയന്ന് ശ്വാസകോശത്തിൽ തുളച്ചുകയറിയ വെടിയുണ്ട നീക്കം ചെയ്യേണ്ടതില്ല എന്ന തീരുമാനത്തിൽ ഡോക്ടർമാർ എത്തുകയായിരുന്നു. അന്നു മുതൽ നെഞ്ചിനകത്ത് വെടിയുണ്ടയുമായാണ് താൻ കഴിയുന്നത്. ഹജ് നിർവഹിക്കണമെന്ന് മാതാവിന് അങ്ങേയറ്റത്തെ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇത് സഫലമാകുന്നതിനു മുമ്പ് മസ്തിഷ്‌കാഘാതം ബാധിച്ച് മാതാവ് മരണപ്പെട്ടു. പിതാവ് ക്യാൻസറുമായി മല്ലടിച്ച് രോഗശയ്യയിലാണ്. ഒരിക്കലും സഫലമാകുമെന്ന് കരുതാത്ത സ്വപ്‌നമാണ് സൽമാൻ രാജാവിന്റെ കാരുണ്യത്താൽ ഹജ് നിർവഹിക്കുന്നതിന് തനിക്ക് അവസരം ലഭിച്ചതിലൂടെ യാഥാർഥ്യമായതെന്നും റുമാഹ് പറഞ്ഞു.