കൊച്ചി- പ്രവര്‍ത്തനമാരംഭിച്ച് മാസങ്ങള്‍ക്കകം ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും ശ്രദ്ധയാകര്‍ഷിച്ച സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ ടെര്‍മിനലുകളിലേക്ക് സര്‍വ്വീസ് വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ഉടന്‍ ആരംഭിക്കും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സര്‍വ്വീസ് വീതം ആരംഭിക്കാനാണ് തീരുമാനം. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിന്ന് ഇനി നല്‍കാനുള്ള ബോട്ടുകള്‍ ലഭിക്കുന്നതനുസരിച്ച് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ഏലൂര്‍, ചേരാനെല്ലൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കുകയും ചെയ്യും.
ലഭിക്കാനുള്ള 11 ബോട്ടുകള്‍ വേഗത്തില്‍ നല്‍കുന്നതിനായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചീഫ് മാനേജിംഗ് ഡയറക്ടറുമായി നേരിട്ട് ചര്‍ച്ച നടത്തുമെന്ന് ഇതുസംബന്ധിച്ച അവലോകന യോഗത്തില്‍ മന്ത്രി പി രാജീവ് അറിയിച്ചു. വികസന സാധ്യതകളേറെയുള്ള വാട്ടര്‍ മെട്രോയുടെ സുഗമമായ നടത്തിപ്പിനായി മെട്രോ റെയിലില്‍ നിലവിലുള്ളതിന് സമാനമായ നിയമ നിര്‍മ്മാണം നടത്താന്‍ കെഎംആര്‍എല്‍ ജലഗതാഗത വകുപ്പുമായി ചേര്‍ന്ന് ചര്‍ച്ച നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
നേരത്തെ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന ബോട്ടുകള്‍ അയോധ്യയിലും വാരാണസിയിലും സര്‍വീസ് നടത്താനായി കൊണ്ടുപോയത് വിവാദമായിരുന്നു. വാട്ടര്‍മെട്രോക്ക് ഓര്‍ഡര്‍ ചെയ്ത ബോട്ടുകള്‍ നിര്‍മിച്ചു നല്‍കാതെ യു പിക്കു വേണ്ടി തിരക്കിട്ട് രണ്ട് ബോട്ടുകള്‍ നിര്‍മിച്ചു നല്‍കിയതാണ് വിവാദമായത്. കൊച്ചി വാട്ടര്‍മെട്രോയ്ക്ക് 100 പേര്‍ക്കു യാത്രചെയ്യാവുന്ന 23 ബോട്ടുകള്‍ കഴിഞ്ഞ ഒക്ടോബറില്‍ കപ്പല്‍ശാല കൈമാറേണ്ടതായിരുന്നു. എന്നാല്‍ ഇതുവരെ നല്‍കിയത് 12 എണ്ണം മാത്രമാണ്. ഇതുമൂലം കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് വാട്ടര്‍മെട്രോ.