തിരുവനന്തപുരം - അയോധ്യ പരാമർശത്തിൽ ഗായിക കെ.എസ് ചിത്രയ്ക്ക് നേരെയുള്ള വിമർശങ്ങളിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്നും ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും മന്ത്രി പറഞ്ഞു.
രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ? വിശ്വാസമുള്ളവർക്ക് പോകാം. വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. എം.ടി വാസുദേവൻ നായർക്ക് അഭിപ്രായം പറയാൻ അധികാരമുണ്ടെന്നും ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തിടത്ത് 'പണിത രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാ വീടുകളിലും വിളക്കു കത്തിച്ച് രാമ മന്ത്രം ജപിക്കണമെന്നും ആശംസ അറിയിക്കണമെന്നും ഗായിക കെ.എസ് ചിത്ര വീഡിയോ സന്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും പ്രതികരിക്കുകയുമുണ്ടായി.
ചിത്രയ്ക്ക് രാമക്ഷേത്രത്തെ അനുകൂലിച്ച് ആഹ്വാനം ചെയ്യാൻ എത്ര സ്വാതന്ത്ര്യമുണ്ടോ ചിത്രയുടെ നിലപാടിനെ ഖ്ണ്ഡിക്കാനോ ഖണ്ഡിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം അതേപോലെ മറ്റുള്ളർക്കും ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശങ്ങൾ.
കെ.എസ് ചിത്രയുടെ വീഡിയോ സന്ദേശം പുറത്തുവന്നതോടെ, 'ചിത്ര കുയിൽ ആയിരുന്നുവെന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത്. എന്നാൽ, നിങ്ങൾ യഥാർത്ഥത്തിൽ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിലങ്ങ് നടപ്പാക്കിയാൽ മതിയെന്നും എഴുത്തുകാരി ഇന്ദു മേനോൻ ഫെയ്‌സ്ബുക്കിൽ ചിത്രയെ ഓർമിപ്പിച്ചിരുന്നു.
ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ഇഷ്ടമുള്ള പക്ഷത്ത് നില്ക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. മനുഷ്യഹത്യയും വംശീയോന്മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവല്ക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല. അഞ്ചല്ല അഞ്ചുലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സിൽ വെളിച്ചം നിറയാൻ പോകുന്നില്ല. സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്ക്കുക എന്നതല്ല. നിങ്ങൾനിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യുമെന്നും ഇന്ദു മേനോൻ ചൂണ്ടിക്കാട്ടിയിരുന്നു. മതനിരപേക്ഷ പക്ഷത്തുനിന്ന് ഒട്ടേറെ പേരാണ് ഇതിനെ പിന്തുണച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ ഓർമിപ്പിച്ചത്. എന്നാൽ, ചിത്രയെ വിമർശിക്കുന്നതോടൊപ്പം അവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കണമെന്നും വ്യക്തിവിദ്വേഷത്തിലേക്ക് പോകരുതെന്നും ആരും വിമർശത്തിന് അതീതരല്ലെന്നും പലരും വ്യക്തമാക്കി.