കൊച്ചി - പ്രമുഖ എഴുത്തുകാരി കെ.ബി. ശ്രീദേവി(84) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ മകന്റെ വീട്ടിലായിരുന്നു അന്ത്യം. നോവല്‍, ചെറുകഥ, നാടകം, ബാലസാഹിത്യം, പ്രബന്ധങ്ങള്‍, തിരക്കഥ തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ രചനകള്‍ നടത്തിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയക്കുള്ള പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്. 1940-ല്‍ മലപ്പുറം ജില്ലയില്‍ വാണിയമ്പലത്ത് പ്രശസ്ത വൈദ്യ കുടുംബമായ വെള്ളക്കാട്ട് മനയില്‍ വി.എം.സി. നാരായണന്‍ഭട്ടതിരിപ്പാടിന്റെയും കൂടല്ലൂര്‍ മനയില്‍ ഗൗരി അന്തര്‍ജ്ജനത്തിന്റെയും മകളാണ്. ഭര്‍ത്താവ് കെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാട്. മക്കള്‍ : ഉണ്ണി, നാരായണന്‍, ലത. ആദ്യമായി പതിമൂന്നാം വയസ്സില്‍ കഥ എഴുതി തുടങ്ങി. യജ്ഞം, ചാണക്കല്ല്, മുഖത്തോടു മുഖം, തിരിഉഴിച്ചില്‍, മൂന്നാം തലമുറ, ദാശരഥം, അഗ്‌നിഹോത്രം, ബോധിസത്വന്‍ എന്നിവയാണ് കെ ബി ശ്രീദേവിയുടെ പ്രശസ്തമായ നോവലുകള്‍, കുട്ടിത്തിരുമേനി, കോമണ്‍വെല്‍ത്ത്, കൃഷ്ണാവതാരം, പടുമുള, ചിരംജ്ജീവി എന്നീ ചെറുകഥകള്‍ രചിച്ചിട്ടുണ്ട്. ഭാഗവതപര്യടനം , ജ്ഞാനപ്പാന വ്യാഖ്യാനം, പ്രാചീന ഗുരുകുലങ്ങള്‍ എന്നിവയാണ് കെ ബി ശ്രീദേവിയുടെ പ്രബന്ധങ്ങള്‍. കൂറൂരമ്മ (നാടകം) പിന്നെയും പാടുന്ന കിളി(ബാലസാഹിത്യം) നിറമാല (തിരക്കഥ) എന്നിവയും രചിച്ചിട്ടുണ്ട്.
2011ലെ കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാപുരസ്‌കാരം, മികച്ച കഥയ്ക്കുള്ള 1975 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം -( ചിത്രം: നിറമാല ) 2018ലെ യജ്ഞം എന്ന നോവലിന് കുങ്കുമം അവാര്‍ഡ്, കൃഷ്ണാവതാരം എന്ന കൃതിക്ക് കൃഷ്ണാഷ്ടമി പുരസ്‌കാരം, അമൃത കീര്‍ത്തി പുരസ്‌കാരം., 2019 ല്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.