Sorry, you need to enable JavaScript to visit this website.

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: കുറ്റപത്രം തയാറായി; മറ്റു പ്രതികളില്ല

കൊല്ലം - ഓയൂരില്‍ നിന്നു ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കുറ്റപത്രം തയാറായി. കേസില്‍ മറ്റു പ്രതികളില്ല. നവംബര്‍ 27ന് വൈകിട്ടാണ് ഓയൂരിലെ ഓട്ടുമലയില്‍നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്‍.പത്മകുമാര്‍ (51), ഭാര്യ എം.ആര്‍.അനിതാകുമാരി (39), മകള്‍ പി.അനുപമ (21) എന്നിവര്‍ മാത്രമാണു പ്രതികള്‍. അടുത്ത ദിവസങ്ങളില്‍ തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. കുറ്റപത്രം നല്‍കുന്നതിന് മുന്നോടിയായി ഉന്നതതല യോഗം നടന്നു.
മോചനദ്രവ്യത്തിനായി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാണ് കേസ്. പത്മകുമാറിനും കുടുംബത്തിനുമുണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം. ബാലികയുടെ സഹോദരനാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. സാക്ഷിപ്പട്ടികയില്‍ നൂറിലേറെ പേര്‍ ഉണ്ട്. ശാസ്ത്രീയ തെളിവുകളാണ് ഏറെയും. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമര്‍പ്പിക്കും.
കാറില്‍ കുട്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടില്‍ കുട്ടിയെ പാര്‍പ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളുണ്ട്. ദൃശ്യങ്ങള്‍ക്ക് പുറമേ പ്രതികളുടെ ശബ്ദവും കയ്യക്ഷരം ഉള്‍പ്പെടെയുള്ള തെളിവുകളും ശേഖരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കു കോടതിക്ക് കൈമാറാനാണ് ഇപ്പോഴത്തെ തീരുമാനം.
ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ബാലികയെ തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ പാര്‍പ്പിക്കുക, മുറിവേല്‍പിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 361, 363, 370(4), 323, 34, 201 വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം. പൂയപ്പള്ളി പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിച്ചത്. പ്രതികള്‍ അറസ്റ്റിലായി 50 ദിവസം കഴിഞ്ഞെങ്കിലും ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയിട്ടില്ല. 90 ദിവസത്തിനകം കുറ്റപത്രം നല്‍കുന്നതോടെ വിചാരണ കഴിയും വരെ ജയിലില്‍ തുടരേണ്ടി വന്നേക്കാം.

 

Latest News