Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മേല്‍ക്കൂരയും ഭിത്തികളും നിലവും ചലിപ്പിക്കാം; സൗദിയിലെ പുതിയ സ്റ്റേഡിയത്തിന്റെ മാതൃക കാണാം

റിയാദ് - സങ്കല്‍പങ്ങള്‍ക്കും അപ്പുറമുള്ള അനുഭവങ്ങളും വിസ്മയങ്ങളും സമ്മാനിക്കുന്ന പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയും ഭിത്തികളും നിലവും ആവശ്യാനുസരണം ചലിപ്പിക്കാന്‍ സാധിക്കുമെന്ന് ഖിദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അറിയിച്ചു. അതുല്യവും അസാധാരണവും അഭൂതപൂര്‍വവുമായ സാങ്കേതികവിദ്യകളാല്‍ സ്റ്റേഡിയം സജ്ജീകരിക്കുക വഴി വൈവിധ്യവും വ്യത്യസ്തവുമാര്‍ന്ന സ്‌പോര്‍ട്‌സ് മത്സരങ്ങളും പരിപാടികളുമായി പൊരുത്തപ്പെടാനും മത്സരങ്ങള്‍ക്ക് ആവശ്യമായ നിലക്ക് സ്റ്റേഡിയത്തില്‍ എളുപ്പത്തില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. മേല്‍ക്കൂര, നിലം, ഭിത്തി എന്നിവ ചലിപ്പിക്കുന്ന സാങ്കേതികവിദ്യയോടെയാണ് സ്റ്റേഡിയം നിര്‍മിക്കുക. ചലിപ്പിക്കാനും മടക്കാനും സ്റ്റേഡിയത്തിന്റെ ഒരു ഭാഗം മുഴുവനായും തുറക്കാനും സാധിക്കും. 2034 വേള്‍ഡ് കപ്പ് മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ ഒന്നാകുമിത്. സ്റ്റേഡിയത്തിന്റെ ഒരു ഭാഗം മുഴുവനായും തുറക്കുക വഴി ഖിദിയ നഗരത്തിന്റെ ദീര്‍ഘദൂര ആകാശക്കാഴ്ച ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും.
ചലിപ്പിക്കാവുന്ന ഭിത്തിയും മേല്‍ക്കൂരയും തറയും സമന്വയിപ്പിക്കുന്ന ലോകത്തിലെ ഏക സ്റ്റേഡിയം ആയിരിക്കുമിത്. റെക്കോര്‍ഡ് സമയത്തിനകം സ്റ്റേഡിയത്തിന്റെ ആകൃതി മാറ്റാനുള്ള കഴിവ് ഈ സാങ്കേതികവിദ്യ നല്‍കും. ബാരിക്കേഡുകള്‍ നീക്കി ആയിരം പേര്‍ മാത്രം പങ്കെടുക്കുന്ന പ്രത്യേക പരിപാടികള്‍ക്കായി സ്റ്റേഡിയത്തിന്റെ ഒരു ഭാഗം മിനി ഗ്രൗണ്ട് ആക്കി മാറ്റാനുള്ള സാധ്യതയും ഗ്രൗണ്ട് മൂവിഗ് ടെക്‌നോളജി നല്‍കുന്നു. ഇതിലൂടെ റഗ്ബി മത്സരങ്ങള്‍, ബോക്‌സിംഗ് മത്സരങ്ങള്‍, മിക്‌സഡ് അയോധന കലകള്‍, ഇ-സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റുകള്‍, പ്രദര്‍ശനങ്ങള്‍, വന്‍കിട സംഗീക കച്ചേരികള്‍ പോലുള്ള പരിപാടികള്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കാന്‍ കഴിയും.
സന്ദര്‍ശകര്‍ക്ക് ആസ്വാദ്യകരമായ കാഴ്ചാനുഭവം സമ്മാനിക്കുന്നതിന് ഒന്നര കിലോമീറ്റര്‍ നീളമുള്ള ഭീമന്‍ ഡിസ്‌പ്ലേ സ്‌ക്രീനുകളാല്‍ പുറംഭാഗവും ഉള്‍വശത്തെ ഭിത്തികളും മേല്‍ക്കൂരയും മൂടുമെന്നത് സ്റ്റേഡിയത്തെ സവിശേഷമാക്കുന്ന മറ്റൊരു പ്രധാന സാങ്കേതികവിദ്യയാണ്. സെന്‍ട്രല്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലേക്ക് പ്രവേശിക്കുന്ന വായു തണുപ്പിക്കാന്‍ സ്റ്റേഡിയത്തിനു താഴെ പരിസ്ഥിതി സൗഹൃദ തടാകം നിര്‍മിക്കും. സ്റ്റേഡിയത്തില്‍ നിന്നും ചുറ്റുപാടു നിന്നുമുള്ള മഴവെള്ളം സംഭരിച്ചാണ് തടാകം നിര്‍മിക്കുക. വലിയതോതില്‍ ഊര്‍ജം ഉപയോഗിക്കാതെ വര്‍ഷത്തില്‍ ഏതു സമയവും ഇവന്റുകള്‍ നടത്താന്‍ അനുവദിക്കുന്ന നൂതന കാലാവസ്ഥാ നിയന്ത്രണ സാങ്കേതികവിദ്യയും സ്റ്റേഡിയത്തില്‍ സജ്ജീകരിക്കും.
അതിവേഗ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുന്ന സൗദിയിലെ വിവിധ പ്രവിശ്യകളില്‍ സവിശേഷമായ വന്‍കിട പദ്ധതികള്‍ നടപ്പാക്കുന്നത് തുടരുകയാണ്. ഈ പദ്ധതികളില്‍ ഏറ്റവും പുതിയതാണ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയും. നിര്‍മാണ മാനദണ്ഡങ്ങളും സാങ്കേതികവിദ്യകളും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയമാക്കി ഇതിനെ മാറ്റും. വൈവിധ്യമാര്‍ന്ന കായിക, വിനോദ, സാംസ്‌കാരിക പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ ഇതിലൂടെ പുതിയ സ്റ്റേഡിയത്തിന് സാധിക്കും.  

 

Latest News