റിയാദ് - കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നാമധേയത്തില്‍ ലോക വിസ്മയമായി റിയാദിലെ ഖിദിയയില്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് ഖിദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി അറിയിച്ചു. അഭൂതപൂര്‍വവും നൂതനവും ഭാവിരൂപകല്‍പനയോടെയും നിര്‍മിക്കുന്ന സ്റ്റേഡിയം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളില്‍ ഒന്നാകും. സൗദി അറേബ്യയിലെ ഏറ്റവും വലിയ കായിക, വിനോദ, സാംസ്‌കാരിക പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്ന നിലയിലുള്ള സാങ്കേതികവിദ്യകളും ശേഷികളും സ്റ്റേഡിയത്തിലുണ്ടാകും.
റിയാദ് നഗരത്തില്‍ നിന്ന് 40 മിനിറ്റ് യാത്രാ ദൂരത്തില്‍ ഖിദിയ സിറ്റിയുടെ ഹൃദയഭാഗത്താണ് സ്റ്റേഡിയം നിര്‍മിക്കുക. ഖിദിയ സിറ്റിയില്‍ തുവൈഖ് പര്‍വതത്തിന്റെ കൊടുമുടികളില്‍ ഒന്നില്‍ 200 മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം കളിയുടെ ശക്തിയെ കുറിച്ച ഖിദിയയുടെ തത്വശാസ്ത്രത്തിന് കരുത്തു പകരാന്‍ സഹായിക്കും. ഇവന്റിന്റെ ഹൃദയഭാഗത്താണെന്ന് ആരാധകരെ തോപ്പിക്കും വിധമുള്ള അസാധാരണമായ രൂപകല്‍പനയും അതുല്യമായ സാങ്കേതിക സവിശേഷതകളും വഴി ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ സ്റ്റേഡിയം ആകര്‍ഷിക്കും.
വിനോദം, കായികം, സാംസ്‌കാരികം എന്നീ മേഖലകളില്‍ സമീപഭാവിയില്‍ ലോകത്തിലെ ഏറ്റവും പ്രധാന നഗരമായി മാറുന്ന ഖിദിയയുടെ നഗര പദ്ധതിയും ഖിദിയയുടെ അന്താരാഷ്ട്ര ബ്രാന്‍ഡും ആഴ്ചകള്‍ക്കു മുമ്പ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിരുന്നു. ഖിദിയ സിറ്റി ആഗോള തലത്തില്‍ സൗദി അറേബ്യക്കുള്ള സ്ഥാനത്തിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും അനുകൂല ഫലം ചെലുത്തുകയും റിയാദിന്റെ തന്ത്രം ശക്തമാക്കുകയും തലസ്ഥാന നഗരയില്‍ സാമ്പത്തിക വളര്‍ച്ചക്ക് സഹായിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ പത്തു നഗര സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി റിയാദ് മാറും.
ഈ വാർത്തകൾ കൂടി വായിക്കുക
കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല
പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു
VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം
വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന ദിശയിലെ പ്രധാന ചുവടുവെപ്പാണ് ഖിദിയ സിറ്റിയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം പദ്ധതി. രാജ്യത്ത് ടൂറിസം ശക്തിപ്പെടുത്താനും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമ്പത്തിക വളര്‍ച്ചക്കും പദ്ധതി സഹായിക്കും. പ്രതിവര്‍ഷം 18 ലക്ഷം ഫുട്‌ബോള്‍ പ്രേമികളെയും ഫുട്‌ബോള്‍ മത്സരമല്ലാത്ത മറ്റു പരിപാടികള്‍ വീക്ഷിക്കാന്‍ 60 ലക്ഷം പേരെയും ആകര്‍ഷിക്കാന്‍ സ്റ്റേഡിയം സഹായിക്കും.
സ്‌പോര്‍ട്‌സ്, വിനോദം, സാംസ്‌കാരികം എന്നീ രംഗങ്ങളില്‍ ഖിദിയയെ ആഗോള തലത്തില്‍ ഒരു മുന്‍നിര കേന്ദ്രമാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഖിദിയ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എം.ഡി അബ്ദുല്ല അല്‍ദാവൂദ് പറഞ്ഞു. തുവൈഖ് പര്‍വതത്തിലെ മനോഹരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാലും ഖിദിയ നഗരത്തിന്റെ ദീര്‍ഘദൂര ആകാശക്കാഴ്ച സമ്മാനിക്കുന്നതിനാലും, അന്താരാഷ്ട്ര രൂപകല്‍പനയും നൂതന സാങ്കേതികവിദ്യകളും പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം ഖിദിയ നഗരത്തിന്റെ വളരെ മനോഹരമായ ഒരു ഐക്കണിനെ പ്രതിനിധീകരിക്കും. ലോക പരിപാടികള്‍ക്കും സ്‌പോര്‍ട്‌സ്, വിനോദ മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കാന്‍ പുതിയ സ്റ്റേഡിയം സജ്ജമായിരിക്കുമെന്നും അബ്ദുല്ല അല്‍ദാവൂദ് പറഞ്ഞു.