കണ്ണൂർ - ഭയപ്പെടുത്തിയുള്ള പരിശീലനം കുട്ടികളിൽ വലിയ തോതിലുള്ള മാനസിക സമ്മർദമുണ്ടാക്കുന്നുവെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. കെ.വി. മനോജ് കുമാർ പറഞ്ഞു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സംസ്ഥാന പോലീസ് വകുപ്പും ചേർന്ന് എസ്.പി.സി അധ്യാപകർക്കായി നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ നല്ലതിനെന്ന് വിചാരിച്ച് രക്ഷിതാക്കളും അധ്യാപകരും നിർബന്ധപൂർവം നടത്തുന്ന പരിശീലനവും മറ്റും വലിയ മാനസിക സംഘർഷമാണ് ഉണ്ടാക്കുന്നത്. പരീക്ഷപ്പേടിയും സ്‌കൂളുകളിൽനിന്നുള്ള അസൈൻമെന്റുകൾ ചെയ്യാൻ കഴിയാത്തതിന്റെ പേരിലുമെല്ലാം കുട്ടികൾ വീടുവിട്ട് പോകുന്ന കേസുകൾ കൂടിവരികയാണ്. ഇതിന് പ്രധാന കാരണം കുട്ടികളിലുണ്ടാകുന്ന ഭയവും മാനസിക സമ്മർദവുമാണ്.
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പലപ്പോഴും മുതിർന്നവർ മനസിലാക്കുന്നില്ല. കുടുംബ കോടതികളിൽപോലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാത്ത സാഹചര്യമുണ്ടാകുന്നു. കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുമ്പോൾ പലപ്പോഴും അവരുടെ അന്തസും മൂല്യങ്ങളും ഹനിക്കപ്പെടുന്നു. സ്വകാര്യതക്കും അന്തസിനുമുള്ള അവകാശം പ്രായപൂർത്തിയായവർക്കെന്നപോലെ കുട്ടികൾക്കുമുണ്ട്. എന്നാൽ സമൂഹം ഇതേക്കുറിച്ച് അജ്ഞരാണ്. ഈ മേഖലയിൽ ഏറ്റവും ഫലപ്രദമായി ഇടപെടാൻ കഴിയുന്നത് അധ്യാപകർക്കാണെന്നും സമൂഹത്തിന്റെ അപചയങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് എസ്.പി.സി പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ പോലീസ് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ എ.സി.പി ടി.കെ രത്‌നകുമാർ അധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. എ.പി ഹംസക്കുട്ടി, സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉദ്യോഗസ്ഥൻ ഡേവിഡ് റെജി മാത്യു എന്നിവർ ക്ലാസെടുത്തു. വീടുകൾ ബാലസൗഹൃദമാകണമെന്നും മൗലികാവകാശങ്ങൾ കുട്ടികൾക്ക് കൂടിയുള്ളതാണെന്ന് നാം മറക്കരുതെന്നും ഹംസക്കുട്ടി പറഞ്ഞു.
എസ് പി സി എഡിഎൻ ഒ. കെ രാജേഷ്, ഡി ഡാഡ് സൈക്കോളജിസ്റ്റ് എൻ. സുധീഷ്ണ, എസ്പിസി കമ്മ്യൂണിറ്റി പോലിസ് ഓഫീസർ മീനാകുമാരി, എസ് പി സി പ്രോജക്ട് അസിസ്റ്റന്റ് സി എം ജയദേവൻ എന്നിവർ സംസാരിച്ചു.