കൊച്ചി- എറണാകുളം-അങ്കമാലി അതിരൂപതയിലുള്ള മുഴുവൻ പളളികളിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് 13 ന് സമാപിച്ച സിറോ മലബാർ സഭാ സിനഡ് കർശന നിർദേശം നൽകി. പുതിയ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ചുമതലയേറ്റ ശേഷം അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സിനഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം. ഫ്രാൻസിസ് മാർപാപ്പ കത്ത് മുഖേനയും വീഡിയോ സന്ദേശത്തിലൂടെയും ആഹ്വാനം ചെയ്തതനുസരിച്ച് ഏകീകൃത രീതിയിലുള്ള കുർബാന അർപ്പണ രീതി നടപ്പാക്കണമെന്ന് എല്ലാ വൈദികരോടും വിശ്വാസികളോടും രേഖാമൂലം അഭ്യർഥിക്കാനാണ് സിനഡ് നിർദേശിച്ചിരിക്കുന്നത്. സിനഡിൽ പങ്കെടുത്ത എല്ലാ മെത്രാൻമാരും ഇതുസംബന്ധിച്ച സർക്കുലറിൽ ഒപ്പുവെച്ചു. മുഴുവൻ മെത്രാൻമാരുടെയും പേരും ഒപ്പും സഹിതമുള്ള സർക്കുലർ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ പുറത്തുവിട്ടു. അടുത്ത ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കുർബാനമധ്യേ സർക്കുലർ വായിക്കണമെന്നും മുഴുവൻ വൈദികർക്കും സർക്കുലർ ലഭ്യമാക്കണമെന്നും അദ്ദേഹം നിർദേശം നൽകി.
ജനാഭിമുഖ കുർബാന തുടരുമെന്ന ഉറച്ച നിലപാടിൽ മുന്നോട്ടു പോകുന്ന വിമതവിഭാഗത്തിന് പുതിയ ആർച്ച് ബിഷപ്പിന്റെ നിർദേശം കനത്ത തിരിച്ചടിയായി. ആർച്ച് ബിഷപ്പായി ചുമതലയേറ്റ സമയത്ത് സമവായത്തിന്റെ ഭാഷയിൽ സംസാരിച്ച മാർ റാഫേൽ തട്ടിലിന്റെ നിലപാടിനെതിരെ വിമത വിഭാഗം വിശ്വാസികളുടെ സംഘടനയായ അൽമായ മുന്നേറ്റം പരസ്യവിമർശനവുമായി രംഗത്തുവന്നു. എല്ലാവരേയും കേൾക്കുമെന്നും കുർബാന തർക്കത്തിൽ സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും പറഞ്ഞ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ വാക്കുകൾ കാപട്യം നിറഞ്ഞതെന്ന് അൽമായ മുന്നേറ്റം വക്താവ് റിജു കാഞ്ഞൂക്കാരൻ കുറ്റപ്പെടുത്തി. പുതിയ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനോട് ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന ആവശ്യം അറിയിച്ചിരുന്നതാണ്. എല്ലാവരേയും കേൾക്കുമെന്നും കുർബാന തർക്കത്തിൽ സാധ്യമായ പരിഹാരം കണ്ടെത്തുമെന്നുമായിരുന്നു അദ്ദേഹം പ്രതികരിച്ചത്. സിനഡ് കഴിഞ്ഞയുടൻ തന്നെ ബിഷപ്പ് ഹൗസിൽ അദ്ദേഹത്തിന് സ്വീകരണം നൽകിയ വേളയിലും അദ്ദേഹം പറഞ്ഞത് നിങ്ങളെ മുഴുവൻ കേട്ടതിന് ശേഷം സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും അതിനാണ് തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നുമാണ്. എന്നാൽ അദ്ദേഹം കാപട്യം നിറഞ്ഞ വാക്കുകളാണ് പറഞ്ഞതെന്നാണ് ഇപ്പോൾ മനസിലാകുന്നത്. 13-ാം തീയതി സിനഡ് തീരുമാനിച്ച് ഇത്തരത്തിലൊരു സർക്കുലർ പുറത്ത് വരാനിരിക്കെ ഇങ്ങനെയൊരു പ്രസംഗം നടത്തേണ്ടിയിരുന്നില്ലെന്നും അൽമായ മുന്നേറ്റം വക്താവ് പറഞ്ഞു.
വിമതപക്ഷം കടുത്ത നിലപാടുമായി മുന്നോട്ടു പോയാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാന തർക്കം ഇനിയും തുടരുമെന്നാണ് സൂചന. 1999 ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. 2021 ജൂലൈയിൽ വത്തിക്കാൻ ഇതിന് അനുമതി നൽകി. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകൃത കുർബാന ക്രമം. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത ജനാഭിമുഖ കുർബാനയിൽ മാറ്റം വരുത്താൻ തയാറായില്ല. ഇത് പല പള്ളികൡലും സംഘർഷത്തിനിടയാക്കി. ഏറ്റുമുട്ടലിനെ തുടർന്ന് രണ്ടു വർഷം മുമ്പ് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്ക ഇപ്പോഴും തുറന്നിട്ടില്ല. 2023 ഡിസംബർ 25 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സഭയുടെ ഏകീകൃത രീതിയിലുള്ള കുർബാന അർപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കത്ത് മുഖേെനയും വീഡിയോ സന്ദേശത്തിലൂടെയും നേരത്തേ ആഹ്വാനം ചെയ്തിരുന്നു. ഇത് പക്ഷെ വിമതർ ചെവിക്കൊണ്ടില്ല. മാർപാപ്പയുടെ പ്രതിനിധിയായെത്തിയ മാർ സിറിൾ വാസിൽ നടത്തിയ സമവായ ചർച്ചകളെത്തുടർന്ന് അടച്ചിട്ട പള്ളി തുറന്ന് ഒരു ദിവസം മാത്രം ഏകീകൃത കുർബാന നടത്താൻ പ്രാഥമിക ധാരണയിലെത്തിയെങ്കിലും വിമതരുടെ കടുംപിടുത്തത്തെ തുടർന്ന് സമവായം പൊളിയുകയായിരുന്നു.