Sorry, you need to enable JavaScript to visit this website.

സലീം,ബഷീര്‍,റിയാസ്..പേരുകള്‍ മാറ്റി ചാരിറ്റി തട്ടിപ്പ് നടത്തിയ കുഞ്ഞിമോന്‍ ഒടുവില്‍ അറസ്റ്റില്‍

കൊച്ചി-നിര്‍ധനരുടെ പെണ്‍മക്കളുടെ വിവാഹത്തിന് വിദേശത്തുള്ള ചാരിറ്റി സംഘടന വഴി സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച് കടന്നുകളഞ്ഞ തൃശൂര്‍ അവിയൂര്‍ സ്വദേശി കൂവക്കാട്ട് വീട്ടില്‍ കുഞ്ഞിമോനെ(50) ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കോതമംഗലം ഭാഗത്തുള്ള യുവതിയുടെ മകളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നതിന് പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അവരെക്കൊണ്ട് മൂന്ന് പവന്റെ സ്വര്‍ണമാല വാങ്ങിപ്പിച്ചതിന് ശേഷം സ്വര്‍ണ്ണമാലയും ബില്ലും കൊണ്ട് ഇടപ്പള്ളി ഭാഗത്ത് വരാന്‍ അറിയിക്കുകയും യുവതി ഇടപ്പള്ളി ഭാഗത്തുള്ള ആശുപത്രി പരിസരത്ത് എത്തിയ ശേഷം യുവതിയുടെ പക്കല്‍ നിന്നും സ്വര്‍ണമാലയും ബില്ലും കുഞ്ഞിമോന്‍ വാങ്ങുകയും, സംഘടനയില്‍ കാണിച്ചതിന് ശേഷം തിരികെ വരാം എന്ന് അറിയിച്ച് കടന്നുകളയുകയുമായിരുന്നു.  

മുമ്പും ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള കുഞ്ഞിമോന്‍ വയനാട്, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസിലെ പ്രതിയാണ്.  ചികിത്സാ സഹായം നല്‍കാമെന്നും, വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും, ലോണ്‍ ലഭിക്കുന്നതിന് സഹായം നല്‍കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി നിര്‍ധനരായ ആളുകളെ പ്രലോഭിപ്പിച്ചാണ് വിവിധ തരത്തിലുള്ള തട്ടിപ്പിന് ഇയാള്‍ നേതൃത്വം നല്‍കിയത്.

ആളുകളെ സംസാരിച്ച് വശത്താക്കുന്നതിന് കുഞ്ഞിമോന് പ്രത്യേക സമാര്‍ത്ഥ്യമുണ്ടെന്ന് ഇരകളായ ആളുകള്‍ പോലീസിനോട് പറഞ്ഞു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലയിലുള്ളവരാണ് ഇയാളുടെ തട്ടിപ്പിന്റെ പ്രധാന ഇരകള്‍. സലീം,. ബഷീര്‍, റിയാസ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിലാണ് ഇയാള്‍ തട്ടിപ്പ് നടത്താറുള്ളത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൈസൂരില്‍ വെച്ചാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. നിരവധി മൊബൈല്‍ നമ്പറുകള്‍ പല സമയങ്ങളിലായി ഉപയോഗിക്കുന്നതിനാല്‍ കുഞ്ഞിമോനെ കണ്ടെത്തുന്നത് പോലീസിന് ദുഷ്‌കരമായിരുന്നു. ഒരു പ്രാവശ്യം ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ പിന്നീട് ഇയാള്‍ ഉപയോഗിക്കാറില്ല. അഞ്ഞൂറ് രൂപക്ക് മൈസൂരില്‍ നിന്ന് ലഭിക്കുന്ന വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിമോന്‍ സമ്മതിച്ചു. കാമുകിയുമായുള്ള തര്‍ക്കത്തില്‍ ഇയാളുടെ വലത് കാല്‍ ഒടിഞ്ഞ് ചികിത്സയില്‍ ഇരിക്കുന്ന സമയത്താണ് പോലീസ് മൈസൂരിലുള്ള ഹോട്ടലില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.  പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ്ചെയ്തു.

ഈ വാർത്തകൾ കൂടി വായിക്കുക

കുവൈത്ത് 11 ദിവസത്തിനിടെ 1470 പ്രവാസികളെ നാടുകടത്തി, മടങ്ങാനാവില്ല

പുലര്‍ച്ചെ പാര്‍ക്കില്‍ യുവാവിനെ ബലാത്സംഗം ചെയ്തു; സ്വര്‍ണവുമായി കടന്ന പ്രതിയെ തെരയുന്നു

VIDEO വാതിലടക്കാത്ത സ്വീകരണ മുറികള്‍; കയറാം, ഇരിക്കാം, ഭക്ഷണം കഴിക്കാം

 

Latest News