തിരുവനന്തപുരം- രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ ഇന്നും ശക്തമായ പ്രതിഷേധം. കാസര്‍കോട്, ആലപ്പുഴ ജില്ലകളിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. കാസര്‍കോട് ആര്‍ഡിഒ ഓഫീസിലേക്കും ആലപ്പുഴയില്‍ കലക്ടറേറ്റിലേക്കുമാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ബുധനാഴ്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നൈറ്റ് മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ബി.വി ശ്രീനിവാസ് ആയിരിക്കും മാര്‍ച്ച് ഉദ്ഘാടനം ചെയ്യുക. രാഹുലിന് ജാമ്യം ലഭിക്കുന്നവരെ ചെറുതും വലുതുമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷമുണ്ടായി. ജില്ലാ പ്രസിഡന്റ് എം പി പ്രവീണിനെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. തലയ്ക്ക് കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടും പോലീസ് മര്‍ദ്ദനം തുടരുകയായിരുന്നു. വനിതാ പോലീസ് നോക്കി നില്‍ക്കെ പുരുഷ പോലീസ് ആണ് വനിതാ നേതാക്കളെ ലാത്തിക്ക് ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ എം.പി പ്രവീണ്‍, സംസ്ഥാന വൈസ്പ്രസിഡന്റ് അരിതാ ബാബു, മേഘ, മീനസജീവ്, കൃഷ്ണ അനു, ഗംഗാപ്രകാശ്, അനന്തനാരയണന്‍ ഉള്‍പ്പടെ പത്തോളം പേരെ ആലപ്പുഴ മെഡിക്കല്‍ക്കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസുകാരുടെ കല്ലേറില്‍ അഞ്ച് പോലിസുകാര്‍ക്കും പരിക്കുണ്ട്.