ദമാം - അല്‍ഹസ ഹരദില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സെന്ററിലെ വിദേശ ഡോക്ടര്‍ക്കും രണ്ടു നഴ്‌സുമാര്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി അല്‍ഹസ ആരോഗ്യ വകുപ്പ് അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറെയും നഴ്‌സുമാരെയും അല്‍ഹസ ആരോഗ്യ വകുപ്പ് സംഘം സന്ദര്‍ശിച്ചു.
നീതിലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് കേസിന്റെ പുരോഗതി വിലയിരുത്തിവരികയാണെന്ന് ആരോഗ്യ വകുപ്പ് സംഘം പറഞ്ഞു.
സൗദി പൗരനാണ് ഇവരെ ആക്രമിച്ചത്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ വിധിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അതിസാരം ബാധിച്ച മാതാവിനോടൊപ്പം ഹെല്‍ത്ത് സെന്ററിലെത്തിയ സൗദി പൗരന്‍ ഡോക്ടറെയും നഴ്‌സുമാരെയും ആക്രമിച്ചത്. രോഗിക്ക് ചികിത്സ നല്‍കുന്നതിനിടെ തെറ്റിദ്ധാരണ മൂലം യുവാവ് നഴ്‌സിനെ മര്‍ദിക്കുകയായിരുന്നു. ഇതു കണ്ട് തടയുന്നതിന് ഓടിയെത്തിയപ്പോഴാണ് ഡോക്ടര്‍ക്കും മറ്റൊരു നഴ്‌സിനും മര്‍ദനമേറ്റത്. പരിക്കേറ്റ ഒരു നഴ്‌സിനെയും ഡോക്ടറെയും പിന്നീട് ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.