പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തകരെ ചേർത്ത് പിടിച്ച് മുന്നിൽ നിന്ന് നയിച്ച നേതാവായതിനാൽ ജനം എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജന പിന്തുണയായിരുന്നു മുസ്തഫയുടെ ശക്തി. സഹായം ചോദിച്ച് എത്തുന്നവരെയെല്ലം സഹായിച്ചു. സ്വന്തം സ്വത്ത് വിറ്റ് പോലും സംഘടനാ പ്രവർത്തനം നടത്തിയ അഭിമാനി എന്നത് ചുരുക്കം നേതാക്കളുടെ പേരിനൊപ്പം മാത്രം പറയാവുന്ന വലിയ കാര്യമാണ്.
ഇരിപ്പിലും നടപ്പിലുമെല്ലാം സവിശേഷ വ്യക്തിത്വം നിലനിർത്തിയ വ്യക്തിത്വമായിരുന്നു വിട്ടുപിരിഞ്ഞ കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ. ഒന്നിലും ഒരു കുറവും വരുത്താത്തയാൾ. ആകാര ഗരിമക്ക് ചേരുന്ന വസ്ത്രമണിഞ്ഞ് മുസ്തഫ ഒരു സദസ്സിലെത്തിയാൽ ആ സദസ്സാകെ പിന്നെ അദ്ദേഹത്തിന്റേതാണെന്ന് തോന്നും. പ്രസംഗവും ഇടപെടലുമെല്ലാം അങ്ങനെ തന്നെ. ആരെടാ എന്ന് ചോദിച്ചാൽ ഞാനെടാ എന്ന് പറയുന്ന രീതി. സ്വന്തം സ്വത്ത് വിറ്റും പ്രവർത്തിക്കുമെടോ എന്ന ധൈര്യം- പിന്നെ ആരെ പേടിക്കാൻ. നിയമസഭയിലും പുറത്തുമെല്ലാം അദ്ദേഹത്തിന്റെ പ്രസംഗം ആരെയും കൂസാതെയുള്ളതായിരുന്നു. മുസ്തഫയെ പോലുള്ളവരുടെ ശൈലിയും പ്രവർത്തന രീതികളുമാണ് കോൺഗ്രസിനെ ഇന്നും എറണാകുളം ജില്ലയിൽ വലിയ ശക്തിയായി നിലനിർത്തുന്നത്. സമരങ്ങളിലൊക്കെ പുതുകാലത്തും എറണാകുളത്തെ കോൺഗ്രസുകാരുടെ പോരാട്ട വീര്യം കാണുമ്പോൾ ഇതെങ്ങനെ എന്ന് പലപ്പോഴും സംശയിച്ചിരുന്നു. എന്താണ് കാരണമെന്ന് മുസ്തഫയെ പോലുള്ളവരുടെ ഓർമ മറുപടി പറയുന്നുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ സിംഹ ഗർജനമായിരുന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ. ബാവയുടെ പേരും കമ്യൂണിസ്റ്റ് തേരോട്ടത്തിനിടയിലും എറണാകുളത്തും പരിസരത്തും കോൺഗ്രസിനെ പിടിച്ചു നിർത്തിയ ശക്തികളിൽ ഒന്നാം സ്ഥാനത്ത് തന്നെ ഓർക്കേണ്ടതുണ്ട്. മുസ്തഫ കോൺഗ്രസ് രാഷ്ട്രീയത്തിനൊപ്പം സ്വന്തം മതത്തിലും വിശ്വാസത്തിലും അടിയുറച്ചു നിന്നയാളായിരുന്നു. ഈ പറഞ്ഞ വിശ്വാസവും അതുമായി ബന്ധപ്പെട്ട കർമങ്ങളും പരസ്യമാക്കുന്നതിൽ അദ്ദേഹത്തിന് അൽപം പോലും മടിയുണ്ടായിരുന്നില്ല. വിശ്വാസ കാര്യങ്ങളിൽ ക്ഷമാപണ ഭാഷയില്ലാത്ത ഒരാൾ. കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ (1978) ലീഡർ കെ. കരുണാകരനൊപ്പമായിരുന്നു അദ്ദേഹം. കടുത്ത ഹിന്ദുമത വിശ്വാസിയായ കെ. കരുണാകരന് വിശ്വാസികളായ കോൺഗ്രസുകാരെ വലിയ കാര്യമായിരുന്നു. ഇതായിരിക്കാം ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ കാരണങ്ങളിലൊന്ന്. സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിൽ നമസ്‌കാര സമയമായാൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കോൺഗ്രസ് വേദികളിൽ തന്നെ നമസ്‌കരിക്കാറുള്ള കാര്യം ലീഡർ പലവട്ടം സന്തോഷത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്.
84 ാം വയസ്സിലായിരുന്നു മുസ്തഫയുടെ വിടവാങ്ങൽ. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മുസ്തഫയെ പോലൊരു ലെജൻഡിന്റെ ജീവിത പരിസരത്ത് അദ്ദേഹത്തിന്റെ ജീവിത കാലത്ത് ജീവിക്കാൻ കഴിഞ്ഞത് എന്റെ സൗഭാഗ്യം എന്നാണ് നടൻ ജയറാം മൃതദേഹ സന്ദർശന ഘട്ടത്തിൽ പറഞ്ഞത്. എത്രയോ കാലം അദ്ദേഹത്തിന് വേണ്ടി ചുവരെഴുതിയിട്ടുണ്ടെന്ന പെരുമ്പാവൂർകാരനായ ജയറാമിന്റെ വാക്കുകൾ മുസ്തഫയുടെ വ്യക്തിത്വം കൂടുതലായി അടയാളപ്പെടുത്തുന്നുണ്ട്.
കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിൽ നിന്നും നാല് തവണയും ആലുവയിൽ നിന്ന് ഒരു തവണയും നിയമസഭയിലേക്ക് എത്തിയ മുസ്തഫ തെളിയിച്ചത് തന്റെ ജനപിന്തുണയല്ലാതെ മറ്റൊന്നുമായിരുന്നില്ല. ആലുവയിൽ അദ്ദേഹത്തെ കെ. മുഹമ്മദലി (അദ്ദേഹവും ഇന്നില്ല) തോൽപിച്ചത് ഇടതുപക്ഷത്തോടൊപ്പം ചേർന്നായിരുന്നു. കെ. കരുണാകരൻ മന്ത്രി സഭയിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. പൊതുവിതരണ സംവിധാനം ശക്തമാക്കാനുള്ള ശ്രമത്തിനിടയിൽ കേട്ട പാമൊലിൻ ആരോപണത്തെ അദ്ദേഹം അതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിൽ തള്ളിക്കളഞ്ഞിരുന്നു. കോൺഗ്രസിന്റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന മുസ്തഫ അന്നു തന്നെ തീപ്പൊരി പ്രസംഗകനായിരുന്നു. മറൈൻ ഡ്രൈവിൽ അദ്ദേഹം നടത്തിയ നാല് മണിക്കൂർ പ്രസംഗം കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിന്റെ ഭാഗമാണ്.
എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി, എറണാകുളം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ്, കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് എന്നീ നിലകളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തീപ്പൊരി പ്രസംഗകൻ മാത്രമായിരുന്നില്ല അദ്ദേഹം. മികച്ച സംഘാടകനുമായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവർത്തകരെ ചേർത്തുപിടിച്ച് മുന്നിൽ നിന്ന് നയിച്ച നേതാവായതിനാൽ ജനം എപ്പോഴും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജനപിന്തുണയായിരുന്നു മുസ്തഫയുടെ ശക്തി. സഹായം ചോദിച്ച് എത്തുന്നവരെയെല്ലം സഹായിച്ചു. സ്വന്തം സ്വത്ത് വിറ്റ് പോലും സംഘടനാ പ്രവർത്തനം നടത്തിയ അഭിമാനി എന്നത് ചുരുക്കം നേതാക്കളുടെ പേരിനൊപ്പം മാത്രം പറയാവുന്ന വലിയ കാര്യമാണ്.
ഇന്ത്യയിൽ എല്ലായിടത്തും നിറയെ നേതാക്കളുണ്ട് എന്നതാണ് കോൺഗ്രസിന്റെ സവിശേഷതയെന്ന് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കവിത റെഡി പറയുകയുണ്ടായി. 130 വർഷമായി പാർട്ടി ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ചതിന്റെ ഫലമാണിത്. മുസ്തഫയെപോലുള്ളവരുടെ ചരിത്രവും ഈ പറഞ്ഞതിനോട് ബന്ധപ്പെട്ടിരിക്കുന്നു. നിരവധി കോൺഗ്രസ് നേതാക്കളെ സംഭാവന ചെയ്യാൻ അദ്ദേഹത്തെ പോലുള്ളവർക്ക് സാധിച്ചു. നേതൃദാരിദ്ര്യമില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയതിന് പിന്നിലും മുന്നിൽ നടന്നവർ തന്നെ. രാഷ്ട്രീയ പ്രവർത്തന രംഗത്ത് നിർലോഭമായ പിന്തുണയാണ് മുസ്തഫ തനിക്ക് നൽകിയതെന്ന് കോൺഗ്രസിന്റെ ശക്തനായ പുതുതലമുറ നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചിട്ടുണ്ട്. തലമുറ തലമുറകളിലേക്ക് നേതാക്കളെ സംഭാവന ചെയ്യാൻ കഴിയുന്ന പാർട്ടികൾക്കാണ് ജനാധിപത്യ സംവിധാനത്തിൽ നിലനിൽപുള്ളത്. കോൺഗ്രസിനായി എല്ലാ നിലക്കും മുന്നിൽ നിന്ന് പോരാടിയ മുസ്തഫയുടെ മരണം ആ പാർട്ടിക്ക് മാത്രമല്ല നാടിനാകെ വലിയ നഷ്ടമാണ്.