കൊച്ചി - കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിയമ വ്യവസായ മന്ത്രി പി രാജീവിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായ വായ്പകൾ അനുവദിക്കാൻ പി രാജീവിന്റെ സമ്മർദ്ദമുണ്ടായെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.
ബാങ്കിന്റെ മുൻ സെക്രട്ടറി സുനിൽകുമാറിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് ഇ.ഡിയുടെ റിപോർട്ട്. ബാങ്കിൽ നിയമവിരുദ്ധ വായ്പ്പ അനുവദിക്കാൻ പി രാജീവ് ഉൾപ്പെടെയുള്ള സി.പി.എമ്മിന്റെ നിരവധി നേതാക്കൾ സമ്മർദ്ദം ചെലുത്തിയെന്നാണ് പറയുന്നത്. സി.പി.എം ലോക്കൽ, എരിയാ കമ്മിറ്റികളുടെ പേരിൽ ഒട്ടേറെ രഹസ്യ അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ചതായും ഇ.ഡി പറയുന്നു. പി രാജീവ് പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായപ്പോഴാണ് സമ്മർദ്ദമുണ്ടായതെന്നും ഇ.ഡി വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പിൽ പങ്കാളിയായെന്ന് കരുതുന്ന ആൾ നല്കിയ ഹരജി ഹൈക്കോടതി പരിഗണിക്കവെയാണ് ഇ.ഡി ഗുരുതര പരാമർശങ്ങൾ നടത്തിയത്.