പാലക്കാട് - എം.ടി വാസുദേവൻ നായരെ സി.പി.എമ്മിന്റെ ചെരിപ്പ് നക്കിയെന്ന് വിമർശിച്ചവരാണിപ്പോൾ അദ്ദേഹത്തെ പുകഴ്ത്താൻ ശ്രമിക്കുന്നതെന്നും സാഹിത്യകാരന്മാരുടെ രാഷ്ട്രീയ വിമർശങ്ങളിൽ യാതൊരു വിഷമതയും പാർട്ടിക്കില്ലെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ പറഞ്ഞു.
സാഹിത്യകാരന്മാരുടെ പരാമർശങ്ങൾ മുഖവിലയ്‌ക്കെടുക്കുന്ന പാർട്ടിയാണ് സി.പി.എം. പാർട്ടി സെക്രട്ടറി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയതാണെന്നും പാർട്ടിയിലെ നേതാക്കൾക്കും പ്രവർത്തകർക്കും പറ്റുന്ന പിശക് തിരുത്താൻ സംഘടനയിൽ പ്രത്യേക സംവിധാനം ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
തെറ്റ് തിരുത്തൽ പ്രക്രിയ സി.പി.എമ്മിന്റെ അജണ്ടയാണ്. ഇന്ത്യയിലെ മറ്റൊരു പാർട്ടിക്കും അത് അവകാശപ്പെടാനാവില്ല. എം.ടിയുടെയും എം മുകുന്ദന്റെയും പരാമർശങ്ങളെല്ലാം തെറ്റ് തിരുത്തൽ പ്രക്രിയ നടത്തുമ്പോൾ പാർട്ടി പരിശോധിക്കും. ജനവികാരങ്ങൾ മാനിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണിത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും സി.പി.എം ജനങ്ങളുടെ മുമ്പിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.