മിന - അറഫയില്‍ വെച്ച് തീര്‍ഥാടകന്റെ പോക്കറ്റടിച്ച ആഫ്രിക്കക്കാരനെ അറഫ ക്രിമിനല്‍ കോടതി ഒമ്പതു മാസം തടവിന് ശിക്ഷിച്ചു. അറഫ ജബലുറഹ്മയില്‍ വെച്ചാണ് തിരക്കിനിടെ ആഫ്രിക്കക്കാരന്‍ തീര്‍ഥാടകന്റെ പോക്കറ്റടിച്ചത്.
ഉടന്‍ തന്നെ ഇയാളെ സമീപത്തുണ്ടായിരുന്ന കുറ്റാന്വേഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഹജിനിടെയുണ്ടാകുന്ന കേസുകളില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് നീതിന്യായ മന്ത്രാലയം അറഫയില്‍ സ്ഥാപിച്ച അതിവേഗ ക്രിമിനല്‍ കോടതിയാണ് ആഫ്രിക്കക്കാരന്റെ കേസ് വിചാരണ ചെയ്തത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സൗദിയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.