കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ സ്ഥാപനമായ എക്‌സാലോജിക്, കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ കേന്ദ്രം നടത്തുന്ന അന്വേഷണം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. നിലവില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്. കേന്ദ്ര കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജി ജനുവരി 24 ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക്, കൊച്ചിയിലെ സി എം ആര്‍ എല്‍ കമ്പനി, പൊതുമേഖലാ സ്ഥാപനമായ കെ എസ ്‌ഐ ഡി സി എന്നിവക്കെതിരെ അന്വേഷണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.