പൂർണ മനസ്സാന്നിധ്യത്തോടെ കർമങ്ങൾ നിർവഹിച്ച നിർവൃതിയിലാണ് ഓരോ ഹാജിയും പുണ്യമക്കയോട് വിടപറയുന്നത്. ഹജിനായി വിശുദ്ധ നഗരിയിലെത്തിയതുമുതൽ പ്രാർഥനകളിലും നമസ്‌കാരങ്ങളിലുമായി അല്ലാഹുവിന്റെ സ്മരണയിൽ ലയിച്ചവർ നവജാതശിശുവിനെ പോലെയുള്ള വിശുദ്ധി കൈവരിച്ച് അവരവരുടെ നാടുകളിലേക്ക് തിരിച്ചുപോവുമ്പോഴും ഹജിലൂടെ പുണർന്ന ആത്മ വിമലീകരണം കളങ്കപ്പെടാതെ സൂക്ഷിക്കേണ്ടതുണ്ട്. ഹജ് ആത്മാവിലേക്കുള്ള ഒരു തീർഥയാത്രയാണ്. സ്വന്തത്തെ അന്വേഷിച്ചുള്ള, ത്യാഗസ്മരണകളുടെ കാൽപാടുകൾ തേടിയുള്ള ഒരു യാത്ര. ആഭാസങ്ങളിലും അശ്ലീലതകളിലും മലീമസമായ ചുറ്റുപാടുകളിൽ നിന്ന് രാജി പറഞ്ഞ് ഒരാദർശത്തിന്റെ വിളികേട്ട് നാടും വീടും വിട്ടിറങ്ങി ഇസ്ലാമിക സംസ്‌കാരത്തിന്റെ ഈറ്റില്ലമായ മക്കയിലെത്തിയവർ. ചെയ്തുപോയ പാപങ്ങളിൽ കുറ്റബോധവുമായി സാമ്പത്തിക, സാമൂഹിക, വൈയക്തിക ബാധ്യതകളിൽ നിന്നെല്ലാം മുക്തരായി മക്കയെ പുണർന്ന് സ്രഷ്ടാവുമായി ആത്മ ബന്ധത്തിന്റെ ഊഷ്മളതയിലൂന്നി ഹജ്ജിന്റെ കർമങ്ങൾ പൂർത്തിയാക്കുന്നു. പാരമ്പര്യത്തിലേക്കുള്ള മടക്കമെന്ന മഹിതമായൊരു ആശയം കൂടിയാണ് ഹജിനുള്ളത്.
ചരിത്രത്തിന്റെ തിരുശേഷിപ്പുകളിൽ അലിഞ്ഞു നിൽക്കുകയാണ് ഹജിന്റെ ഓരോ കർമങ്ങളും. പ്രവാചകൻ ഇബ്രാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ഭാര്യ ഹാജറയുടെയും ത്യാഗപൂർണ്ണമായ പരീക്ഷണങ്ങളുടെയും നിഷ്‌കളങ്കമായ വിധേയത്വത്തിന്റെയും ഓർമ്മപ്പെടുത്തലുകളുണ്ട് ഈ കർമങ്ങളിൽ. സഅ്‌യ്, തവാഫ്, കല്ലേറ് തുടങ്ങിയ ഹജിന്റെ പ്രധാന കർമ്മങ്ങളിലെല്ലാം ഈ വിധേയത്വത്തിന്റെ സ്മരണകളാണ്. ആദ്യ പിതാവ് ആദം നബിയും മാതാവ് ഹവ്വയുടേയും പുനഃസമാഗമനത്തിന്റെ സ്മൃതിയുണർത്തിക്കൊണ്ടാണ് അറഫാ മൈതാനിയിൽ ലക്ഷങ്ങൾ സംഗമിക്കുന്നത്. ഒരു മാതാവിൽ നിന്നും പിതാവിൽ നിന്നുമാണ് മാനവ ചരിത്രത്തിന്റെ സമാരംഭമെന്ന് ഈ മഹാസമ്മേളനം ഓർമ്മപ്പെടുത്തുന്നു. മനുഷ്യരേ, നിങ്ങളെ ഒരേ പുരുഷനിൽനിന്നും സ്ത്രീയിൽ നിന്നം സൃഷ്ടിച്ചു. നിങ്ങൾക്കന്യോന്യം പരിചയപ്പെടാനായി വിവിധ ശാഖകളും ഗോത്രങ്ങളുമാക്കി തിരിച്ചിരിക്കുന്നു. നിങ്ങളിൽ മാന്യന്മാർ കൂടുതൽ ഭക്തിയുള്ളവരത്രെ.' എന്ന ഖുർആനിക വചനത്തിന്റെ പൊരുൾ മനവ ഹൃദയങ്ങളിലേക്ക് പകരാൻ ഈ സംഗമത്തോളം വരുന്ന മറ്റൊന്നുമില്ല
സ്വീകരിക്കപ്പെട്ട ഹജിന് സ്വർഗമല്ലാതെ പ്രതിഫലമില്ലെന്ന് പ്രവാചകൻ നമ്മെ ഓർമിപ്പിച്ചത് ശിഷ്ടകാല ജീവിതം കൂടി ക്രമപ്പെടുത്താനുള്ള ആഹ്വാനമാണ്. പാപങ്ങളിൽ നിന്നകന്ന് മുമ്പത്തേതിനേക്കാൾ കൂടുതൽ അല്ലാഹുവിലേക്കടുക്കുന്നതാണ് ഹജ്ജ് സ്വീകരിക്കപ്പെട്ടെന്നതിന് അടയാളമെന്ന് പണ്ഡിതർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. വല്ലവരും അല്ലാഹുവിന് വേണ്ടി ഹജ് ചെയ്യുകയും ദുരാചാരങ്ങളിലും ദുർവൃത്തികളിലും അകപ്പെടാതെ അകന്നു നിൽക്കുകയും ചെയ്താൽ മാതാവ് അവനെ പ്രസവിച്ച ദിവസത്തെ പോലെ അവൻ പരിശുദ്ധനായിത്തീരുന്നതാണ്. (ബുഖാരി).ഹജ് കഴിഞ്ഞ് തിരിച്ചുപോയതിന് ശേഷവും ഹജിലൂടെ കൈവന്ന വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഓരോരുത്തർക്കും ബാധ്യതയുണ്ട്. താനൊരു ഹാജിയാണെന്ന അഹന്ത നടിക്കാനാകരുത് ഹജ്. ഹജ് യാത്രയിലുണ്ടായ അനുഗ്രഹങ്ങളെ കുറിച്ചും പുണ്യനഗരങ്ങളുടെ പവിത്രതയെ കുറിച്ചും മറ്റുള്ളവർക്ക് പറഞ്ഞുകൊടുത്ത് അവരെയും ഹജ്ജിന് പ്രേരിപ്പിക്കണം. ശിഷ്ടജീവിതത്തിൽ ആരാധന കർമങ്ങളിൽ കൃത്യനിഷ്ഠയും പ്രവർത്തനങ്ങളിൽ നിഷ്‌കളങ്കതയും മനസ്സാന്നിധ്യവും ഉണ്ടാവുന്ന സാഹചര്യത്തിലേക്ക് ജീവിതത്തെ മാറ്റണം. ഹജ് പകരുന്ന ചൈതന്യങ്ങളുടെ ലോകത്ത് സ്വന്തത്തെയും സമൂഹത്തെയും എത്തിക്കുമ്പോഴേ അത് അർത്ഥപൂർണ്ണമാകുന്നുള്ളൂ. ഹജെന്നാൽ വ്യക്തിവിശുദ്ധിയിലൂടെയുള്ള ലോകത്തിന്റെ മോചനമാണ്. വ്യക്തി സംസ്‌കരണത്തിലൂടെയാണ് സമൂഹ സംസ്‌കരണം സാധ്യമാകുന്നത്. അത്‌കൊണ്ട് തന്നെ ജീവിത വഴിത്താരയിൽ ഇബ്‌റാഹീമീ പാത പിന്തുടരാൻ ഖുർആൻ ആഹ്വാനം ചെയ്യുന്നു. ഇബ്‌റാഹീം നബിയുടെ പാതയിലൂടെ സഞ്ചരിക്കുന്ന ഹാജി ആ പ്രതിജ്ഞ പുതുക്കുകയാണ്. അതെ, തൗഹീദിന്റെ പ്രതിജ്ഞ. ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്. ലബ്ബൈക്ക ലാശരീക്കലക്ക ലബ്ബൈക് . ഇന്നൽ ഹംദ വന്നിഅ്മത്ത ലക്ക വൽമുൽക്. ലാശരീക്കലക്ക്.