മിനാ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ കാരുണ്യം നാലു ദശകത്തിനിടെ തനിക്ക് രണ്ടു തവണ ലഭിച്ചിട്ടുണ്ടെന്നും ജീവിതാവസാനം വരെ ഇത് താൻ ഒരിക്കലും മറക്കില്ലെന്നും ഈജിപ്തിൽ നിന്ന് എത്തിയ വൃദ്ധ തീർഥാടകൻ അബ്ദു സായിദ് പറഞ്ഞു.
സൽമാൻ രാജാവിന്റെ അതിഥിയായാണ് 73 കാരനായ അബ്ദു സായിദ് ഹജിനെത്തിയിരിക്കുന്നത്. നടക്കാൻ സാധിക്കാത്ത ഇദ്ദേഹം വീൽചെയറിലാണ് സഞ്ചരിക്കുന്നത്.
ഈജിപ്ഷ്യൻ സുരക്ഷാ സേനാ ഉദ്യോഗസ്ഥനായ അബ്ദു സായിദിന്റെ പുത്രൻ മുഹമ്മദ് ഭീകര വിരുദ്ധ പോരാട്ടത്തിനിടെ വീരമൃത്യു വരിക്കുകയായിരുന്നു. രക്തസാക്ഷികളായ ഈജിപ്ഷ്യൻ സൈനികരുടെയും പോലീസുകാരുടെയും ബന്ധുക്കളിൽ പെട്ട ആയിരത്തിലേറെ പേർ ഇത്തവണ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് അബ്ദു സായിദിനും രാജാവിന്റെ അതിഥിയായി സാമ്പത്തിക ചെലവുകളില്ലാതെ ഹജിന് അവസരം ലഭിച്ചത്.
41 വർഷം മുമ്പ്, 1977 ലാണ് രാജാവിന്റെ കാരുണ്യം അബ്ദു സായിദിന് ആദ്യം ലഭിച്ചത്. റിയാദിൽ ഗവൺമെന്റ് മന്ത്രാലയത്തിനു കീഴിലെ പദ്ധതികൾ നടപ്പാക്കുന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. അക്കാലത്ത് സൽമാൻ രാജാവ് റിയാദ് ഗവർണറായിരുന്നു. കമ്പനിയിൽ നിന്ന് മൂന്നു മാസത്തെ വേതനം ലഭിക്കാത്തതിൽ പരാതി നൽകുന്നതിന് താൻ സൽമാൻ രാജാവിന്റെ സദസ്സിൽ നേരിട്ട് എത്തുകയായിരുന്നെന്ന് അബ്ദു സായിദ് പറഞ്ഞു. ആവലാതി ബോധിപ്പിക്കുന്നതിന് എത്തിയ തന്നെ രാജാവ് സദസ്സിൽ പിടിച്ചിരുത്തി കാപ്പി കഴിപ്പിക്കുകയും വളരെ ശ്രദ്ധയോടെ പരാതി കേൾക്കുകയും ചെയ്തു. ഏറെ വിനയാന്വിതനായാണ് രാജാവിനെ തനിക്ക് കാണാൻ സാധിച്ചത്. ഒരാഴ്ചക്കകം പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് രാജാവ് ഉറപ്പു നൽകി.
ഒരാഴ്ചക്കകം വേതന കുടിശ്ശിക ലഭിച്ചില്ലെങ്കിൽ വീണ്ടും തന്നെ വന്നുകാണുന്നതിന് രാജാവ് ആവശ്യപ്പെട്ടു. എന്നാൽ രാജാവ് പറഞ്ഞതു പോലെ തന്നെ ഒരാഴ്ചക്കകം വേതന കുടിശ്ശിക മുഴുവൻ കമ്പനിയിൽ നിന്ന് തീർത്തു ലഭിച്ചു. ഈ വർഷം തന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കുന്നതിന് തെരഞ്ഞെടുത്തതിലൂടെയാണ് രാജാവിന്റെ കാരുണ്യം രണ്ടാമതും തന്നെ തേടിയെത്തിയതെന്നും അബ്ദു സായിദ് പറഞ്ഞു.