യശശരീരനായ സീതി ഹാജിയെ പോലെ ഏറെ പരിഹാസത്തിനിരയാകുകയും കുറിക്കുകൊള്ളുന്ന പരിഹാസം തൊടുത്തു വിടുകയും ചെയ്ത നേതാവാണ് ടി.എച്ച് മുസ്തഫ. തന്നെക്കുറിച്ചുള്ള തമാശകള്‍ മുസ്തഫ ആസ്വദിക്കുകയും ചെയ്തു. ഇ കെ നായനാര്‍ മുതല്‍ എ കെ ആന്റണിയും രാഹുല്‍ ഗാന്ധിയും വരെ മുസ്തഫയുടെ പരിസാഹത്തിന്റെ മൂര്‍ച്ചയറിഞ്ഞിട്ടുണ്ട്.
ഇക്കൂട്ടത്തില്‍ കൊണ്ടും കൊടുത്തും മുന്നേറിയവരാണ് ഇ കെ നായനാരും ടി എച്ച് മുസ്തഫയും. 1986ല്‍ പെരുമ്പാവൂരില്‍ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളന സമാപന പൊതുയോഗത്തില്‍ പ്രസംഗിച്ച ഇ കെ നായനാര്‍ നാട്ടുകാരനായ മുസ്തഫക്കെതിരെ ആക്ഷേപത്തോളമെത്തുന്ന പരിഹാസം ചൊരിഞ്ഞു. 'ഇവിടൊരു ഭക്ഷ്യ വകുപ്പ് മന്ത്രിയുണ്ട്. മണ്ടന്‍ മുത്തപ്പ. ആളെ കണ്ടാലും ഭക്ഷ്യ വകുപ്പിന് കൊള്ളാവുന്ന മന്ത്രിയാ. പത്ത് പേരുടെ ശാപ്പാട് ഒറ്റയ്ക്ക് ഇഷ്ടന്‍ കഴിക്കും. അതാ നമ്മുടെ ചങ്ങായി കരുണാകരന്‍ അയാളെ പിടിച്ച് ഭക്ഷ്യമന്ത്രി ആക്കിയത്'. നായനാരുടെ ഈ പ്രസംഗം തന്റെ വീടിന്റെ ഉമ്മറത്തിരുന്ന് കേട്ട് ആസ്വദിച്ചു ചിരിക്കുകയായിരുന്നു. പ്രസംഗം കഴിഞ്ഞ് ഇ കെ നായനാര്‍ ഇരുന്നയുടനെ ആ വേദിയിലേക്ക് ടി എച്ച് മുസ്തഫാ കയറിച്ചെന്നു. നിങ്ങള് എന്തും പറഞ്ഞോ പക്ഷേങ്കില്‍ ഇവിടെ വരെ വന്നിട്ട് എന്റെ വീട്ടില്‍ കേറാതെ പോയാല്‍ വിടില്ലെന്നാണ് മുസ്തഫ നായനാരോട് പറഞ്ഞത്. മുസ്തഫയും വീട്ടിലിരുന്ന് ചായ കുടിച്ചിട്ടാണ് അന്ന് പിരിഞ്ഞത്. നായനാര് ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ഓച്ചിറക്കാള ചിരിക്കുന്നതുപോലാ അയാടെ ചിരി എന്നൊക്കെ പറഞ്ഞു നായനാരെ മുസ്തഫയും പരിഹസിച്ചിട്ടുണ്ട്.
1980 കളില്‍ പാലാ മണര്‍കാട് ജങ്ഷനിലെ കോണ്‍ഗ്രസ് ഐ യുടെ പൊതുയോഗത്തില്‍ പ്രസംഗിച്ച മുസ്തഫ എ കെ ആന്റണിക്കെതിരെ ആഞ്ഞടിച്ചു. 'ആരെയും വിശ്വസിക്കാം പക്ഷെ ആളില്‍ കുറുകിയവനെ ആരും വിശ്വസിക്കരുത്. ആന്റണിയെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ആളില്‍ കുറുകിയവന്‍ മാത്രമല്ല കാല്‍ വിരലിനെ ക്കാളും കുറുകിയ കൈ വിരലുകള്‍ ഉള്ളവനാണിവന്‍ അതുകൊണ്ടു നിങ്ങളൊക്കെ സൂക്ഷിച്ചോ' എന്നായിരുന്നു മുസ്തഫയുടെ പരിഹാസം.
പതിനാറാം വയസില്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലെ തീപ്പൊരി പ്രാസംഗികനായാണ് ടി.എച്ച് മുസ്തഫയുടെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമാകുന്നത്. മണിക്കൂറുകള്‍ ഒറ്റ നില്‍പില്‍ പ്രസംഗിക്കാനുള്ള സിദ്ധി മുസ്തഫക്ക് ഉണ്ടായിരുന്നു. ഒരു കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ആള്‍ക്കൂട്ടത്തെ പിടിച്ചിരുത്താന്‍ ടി എച്ച് മുസ്തഫയുടെ റെക്കോഡ് ചെയ്ത പ്രസംഗങ്ങള്‍ കേള്‍പ്പിച്ചിരുന്നു. എന്നാല്‍ സംസാരത്തിലെ അമിതാവേശം അദ്ദേഹത്തിന് പലപ്പോഴും വിനയാകുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ ജോക്കറാണെന്നും കോണ്‍ഗ്രസില്‍ നിന്നും രാഹുലിനെ പുറത്താക്കണമെന്നും പ്രിയങ്കാ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും പ്രസംഗിച്ച മുസ്തഫ പാര്‍ട്ടിയില്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടു. 2014ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ മുസ്തഫ കടുത്ത പ്രയോഗം നടത്തിയത്. രാഹുല്‍ ജോക്കറാണെന്നും അദ്ദേഹത്തിന്റെ ഭ്രാന്തന്‍ നയങ്ങളാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണമെന്നും മുസ്തഫ തുറന്നടിച്ചു. പ്രിയങ്ക ഗാന്ധിയെ എഐസിസി അധ്യക്ഷയാക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു. 'ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍ കളികള്‍ നടത്താന്‍ രാഹുല്‍ കോണ്‍ഗ്രസുകാരല്ലാത്തവരെ നിയമച്ചു. കേരളത്തില്‍ വന്നപ്പോള്‍ ഈ ഭ്രാന്തന്‍ പോലീസ് ജീപ്പിന് മുന്നില്‍ ചാടിക്കയറി. ഇത്തരമൊരു കോമാളിക്ക് വോട്ടു നല്‍കരുതെന്ന് ജനങ്ങള്‍ തീരുമാനിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി പദം കുട്ടിക്കളിയല്ലെന്ന് മനസിലാക്കണം. രാഹുല്‍ ഗാന്ധിയെ സേവാദള്‍ സംഘടിപ്പിക്കാനുള്ള ചുമതലയാണ് ഏല്‍പ്പിക്കേണ്ടത്'- മുസ്തഫ വാര്‍ത്താ സമ്മേളനം വിളിച്ച് തുറന്നടിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കോണ്‍ഗ്രസ് നേതാക്കളിലൊരാള്‍ മുസ്തഫയായിരുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസുകാരനാണെന്നും സിക്കന്ദര്‍ ഭക്തിന്റെ അനുയായിയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇതു കേരളമാണെന്നു ഗവര്‍ണര്‍ ഓര്‍ക്കുന്നതു നല്ലതാണ്. സര്‍ സിപിയുടെ ഭാവി എന്തായിരുന്നുവെന്നു പഠിക്കുന്നതും നല്ലതാണ്. സ്വന്തം ചുമതലയും കര്‍ത്തവ്യവുമെന്തെന്നു മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഗവര്‍ണര്‍ക്ക് ആവശ്യമായ ബഹുമാനവും പ്രോട്ടോക്കോള്‍ മുന്‍ഗണനയും ലഭിക്കൂവെന്നും മുസ്തഫ പറയുകയുണ്ടായി.
കെ പി സി സി ഭാരവാഹി, എം എല്‍ എ മന്ത്രി എന്നിങ്ങനെ പതിറ്റാണ്ടുകള്‍ വിവിധ പദവികള്‍ വഹിച്ചപ്പോഴും പാര്‍ട്ടിക്കകത്തും പുറത്തും പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ യാതൊരു മടിയും കാട്ടിയില്ല. ഉമ്മന്‍ചാണ്ടിയേയും ആന്റണിയയും വിമര്‍ശിച്ച അതേ തീഷ്ണതയോടെ സ്വന്തം ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തലയെയും അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. 2021ലെ തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് കാരണം രമേശ് ചെന്നിത്തലയുടെ കഴിവില്ലായ്മയാണെന്ന് തുറന്നടിച്ചു മുസ്തഫ. നാണമുണ്ടെങ്കില്‍ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്നും ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിക്കെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ആട് ഇല കടിക്കുന്നത് പോലെയാണ് സര്‍ക്കാരിന് എതിരെ ചെന്നിത്തലയുടെ ആരോപണങ്ങള്‍' എന്നായിരുന്നു മുസ്തഫയുടെ പ്രസ്താവന. ഒന്നില്‍ കടിച്ച് ഒന്നിലേക്ക് പോകും. ഒന്നും തെളിയിക്കാനായില്ലെന്നും അദ്ദേഹം പരിഹസിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും മുസ്തഫയുടെ നാവിന്റെ ചൂടറിഞ്ഞു. കെപിസിസി അധ്യക്ഷനാകാന്‍ ഏറ്റവും യോഗ്യന്‍ കെ മുരളീധരന്‍ ആണെന്നായിരുന്നു അവസാനകാലം വരെയും അദ്ദേഹത്തിന്റെ നിലപാട്.
കോണ്‍ഗ്രസിന്റെ ജനകീയ മുഖം
ഏത് പ്രതിസന്ധിയിലും പതറാതെ, പദവികള്‍ ഏതായാലും പ്രവര്‍ത്തകര്‍ക്കൊപ്പം ഉറച്ച് നിന്ന് പാര്‍ട്ടിയെ പതിറ്റാണ്ടുകള്‍ കരുത്തോടെ നയിച്ച കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്നു ടി എച്ച് മുസ്തഫ. കരുത്തുറ്റ സംഘടന ശേഷി, കഠിനാധ്വാനം, തീപ്പൊരി പ്രസംഗം, ജനപക്ഷ നിലപാട്,ധാര്‍മികതയിലൂന്നിയ ജീവിതം ഇവയെല്ലാം ടി എച്ച് മുസ്തഫയെന്ന നേതാവിനെ ജനങ്ങള്‍ക്ക് അത്രമേല്‍ പ്രിയങ്കരനാക്കി. സാധാരണക്കാര്‍ക്കൊപ്പം നിന്നും പ്രതിസന്ധിയില്‍പ്പെട്ട പാര്‍ട്ടി് പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ചും സഹായം തേടിയെത്തിയവരുടെ രാഷ്ട്രീയമോ മതമോ ജാതിയോ നോക്കാതെ അവര്‍ക്കായി പ്രവര്‍ത്തിച്ചുമാണ് ടി എച്ച് മുസ്തഫ ജനകീയ നേതാവായി വളര്‍ന്നത്. പതിനാറാം വയസ്സില്‍ രാഷ്ട്രീയത്തിലേക്കെത്തിയ മുസ്തഫയുടെ സംഘടനാ പാടവം ഏറെ വൈകാതെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വാഴക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റായും പിന്നീട് കോണ്‍ഗ്രസ് ബ്ളോക്ക് കമ്മറ്റി പ്രസിഡന്റായും തുടര്‍ന്ന് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായുമെല്ലാം പടിപടിയായുര്‍ന്ന് നേതൃ സ്ഥാനത്തേക്കെത്തി.അന്ന് ജില്ലാ കമ്മിറ്റിയുടെ ഭാഗമായിരുന്ന മൂന്നാര്‍, ദേവികുളം മേഖലയിലടക്കം ഓടിനടന്ന് സംഘടനാ പ്രവര്‍ത്തനം നടത്തി. മലയോര മേഖലയില്‍ പാര്‍ട്ടിക്ക് ശക്തമായ അടിത്തറ പാകി. മുസ്തഫയെ കാണാനും കേള്‍ക്കാനും ആള്‍ക്കുട്ടം ഇരച്ചെത്തി. തീപ്പൊരി പ്രാസംഗികന്‍ എന്ന നിലയില്‍ ഏറെ പേരെടുത്തു. എറണാകുളം ജില്ലാകോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ട് സ്ഥാനത്തെത്തിയ മുസ്തഫ 14 വര്‍ഷം ജില്ലയിലെ കോണ്‍ഗ്രസിനെ നയിച്ചു. ജനപക്ഷ നിലപാടെന്ന പ്രവര്‍ത്തന ശൈലിയായിരുന്നു മുസ്തഫയുടെ നേതൃസ്ഥാനം ഉറപ്പിച്ചത്. ദേശീയ നേതാക്കളുടെ ശ്രദ്ധ പിടിച്ചു പറ്റിയ മുസ്തഫ പാര്‍ട്ടിയിലെ ഏത് പിളര്‍പ്പിലും ഇന്ദിരാഗാന്ധിക്കൊപ്പമായിരുന്നു. 70ലും, 80ലും ഉലയാതെ നിന്ന ആ നില്‍പ്പ് പിന്നീട് കെ കരുണാകരനൊപ്പം ഐ ഗ്രൂപ്പില്‍ അടിയുറച്ചതായി.
ഇന്ദിരാഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ ഒരു ലക്ഷം സേവാദള്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ ജാഥ മുസ്തഫയിലെ സംഘടനാ പ്രവര്‍ത്തകന്റെ മാറ്റുകൂട്ടി. ദൈര്‍ഘ്യമേറിയ മൂര്‍ച്ചയുള്ള പ്രസംഗത്തിന്റെ ചാതുര്യമാണ് മുസ്തഫയുടെ പേരുയര്‍ത്തിയത്. 1971ല്‍ തൃപ്പൂണിത്തുറയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ദിരാഗാന്ധി എത്താന്‍ വൈകിയപ്പോള്‍ അന്ന് രാത്രി ഒമ്പത് മണി മുതല്‍ ഒരു മണി വരെ തുടര്‍ച്ചയായി മുസ്തഫ നടത്തിയ നാല് മണിക്കൂര്‍ പ്രസംഗം കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അപൂര്‍വമായിരുന്നു. ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ പ്രവര്‍ത്തകരെ മുഴുവന്‍ ആവേശഭരിതരാക്കി മുസ്്തഫ പ്രസംഗിച്ചു. ഇന്ദിരാ ഗാന്ധി അന്ന് പ്രസംഗത്തില്‍ മുസ്തഫ നല്ലൊരു സംഘാടകനാണെന്ന് പരാമര്‍ശിച്ച് പ്രത്യേകം അനുമോദിച്ചു.മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും അഴിമതി ആരോപണങ്ങള്‍ ശോഭ കെടുത്തി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ഏറ്റവും അടുത്ത അനുയായിയും കെ കരുണാകരന്റെ ഏറ്റവും വിശ്വസ്തനുമായിരുന്നു മുസ്തഫ. 1978-ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കെ കരുണാകരന്‍ പക്ഷത്തിനൊപ്പം ചേര്‍ന്നതാണ് മുസ്തഫ. കരുണാകരന്‍ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം പല്ലും നഖവും ഉപയോഗിച്ച് നേതാവിനെ സംരക്ഷിക്കാന്‍ കൂടെനിന്നു. കരുണാകരനൊപ്പം നിന്നിട്ടും പിന്നീട് ഡിഐസി രൂപീകരിച്ചപ്പോള്‍ മുസ്തഫ അങ്ങോട്ടേക്ക് പോയില്ല.
1991-95 കാലഘട്ടത്തില്‍ നാലാം കെ കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായി. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചെങ്കിലും അഴിമതി ആരോപണങ്ങള്‍ ശോഭകെടുത്തി. പാമോയില്‍ കേസില്‍ രണ്ടാംപ്രതിയായി. കരുണാകരനായിരുന്നു ഒന്നാം പ്രതി. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതികള്‍ ഉണ്ടെന്നായിരുന്നു ആരോപണം. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന്റെ വില ടണ്ണിനു 392.25 ഡോളറായിരുന്ന അക്കാലത്ത് ടണ്ണിനു 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനമാണ് വിവാദമായത്.