കോട്ടയം - കോട്ടയത്തെ ലോക്‌സഭാ ചിത്രം തെളിയുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു മുമ്പു തന്നെ കോട്ടയത്തായിരിക്കും ഒരു പക്ഷേ ഇത്തരത്തിലുളള ഏകദേശ ധാരണ വരുന്നത്. സീറ്റു വിഭജന ചര്‍ച്ച തുടങ്ങുന്നതിനു മുമ്പു തന്നെ ഇവിടെ ഇരുമുന്നണികളും ഘടകക്ഷികള്‍ക്കു നല്‍കുമെന്ന ധാരണയാണ് പൊതുവില്‍ ഉളളത്. ഇടതുമുന്നണിയില്‍ സിറ്റിംഗ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കാനാണ് എല്ലാ സാധ്യതയും. യു.ഡി.എഫില്‍ കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്നാണ് ഉറപ്പിച്ചിരുന്നതെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനാണ് ഇപ്പോള്‍ ക്ലെയിം എന്ന് യു.ഡി.എഫ് നേതൃത്വം തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെയാണ് കോട്ടയത്തെ പോരാട്ടത്തിന്റെ രൂപം തെളിയുന്നത്. 25 നുളള സീറ്റു വിഭജന ചര്‍ച്ചയില്‍ കോട്ടയം സീറ്റിനു പകരം പത്തനംതിട്ടയോ ഇടുക്കിയോ ആവശ്യപ്പെട്ടാല്‍ മാത്രമേ യു.ഡി.എഫ് മാറ്റം വരുത്തൂ.അങ്ങനെയെങ്കില്‍ കോട്ടയത്ത് കേരള കോണ്‍ഗ്രസുകളുടെ പോരാട്ടമായിരിക്കും ഇക്കുറി.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം യു.ഡി.എഫിലായിരുന്നു. സിറ്റിംഗ് എം.പി തോമസ് ചാഴികാടന്‍ യു.ഡി.എഫ് ടിക്കറ്റിലാണ് മത്സരിച്ചു വിജയിച്ചത്. ജോസ് വിഭാഗം വിട്ടുപോയെങ്കിലും കേരള കോണ്‍ഗ്രസിന് തന്നെ സീറ്റ് എന്ന നിലപാടിലേക്ക് യു.ഡി.എഫ് മാറിയത് അതുകാരണമാണ്. പി.ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസാണ് ഇപ്പോള്‍ യു.ഡി.എഫിലുളളത്. ജോസ് വിഭാഗം സ്ഥാനാര്‍ഥിയായിരിക്കും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ നേരിടുക. ജോസഫ് വിഭാഗത്തില്‍ പി.സി തോമസ്. ഫ്രാന്‍സിസ് ജോര്‍ജ്. സജി മഞ്ഞക്കടമ്പില്‍, മോന്‍സ് ജോസഫ് എം.എല്‍.എ എന്നീ പേരുകളാണ് പ്രചരിക്കുന്നത്. പി.ജെ ജോസഫ്, മകന്‍ അപു ജോണ്‍ ജോസഫ് എന്നിവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്.
മുന്‍ എം,പി എന്ന നിലയിലുളള പരിചയമാണ് പി.സി തോമസിനും ഫ്രാന്‍സിസ് ജോര്‍ജിനും അനുകൂല ഘടകം. ഫ്രാന്‍സിസ് ജോര്‍ജ് പാര്‍ട്ടിയിലും യു.ഡി.എഫിലും സുസമ്മതനാണ്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളുടെ മക്കളാണ് പി.സി തോമസും ഫ്രാന്‍സിസ് ജോര്‍ജും. പി.ടി ചാക്കോയുടെ മകനാണ് പി.സി. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കി മുന്‍ എംപി എന്ന നിലയിലുളള ട്രാക്ക് റെക്കോര്‍ഡും സൗമ്യതയും സഭകളുമായുളള അടുപ്പവും ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്ലസ് പോയിന്റാണ്. കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് കടുത്തുരുത്തിയില്‍ നിന്നും കോട്ടയത്ത് നടത്തിയ റബര്‍ ലോംഗ് മാര്‍ച്ചില്‍ മോന്‍സ് ജോസഫിനൊപ്പം ഫ്രാന്‍സിസ് ജോര്‍ജിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. വിജയ സാധ്യതയാണ് യു.ഡി.എഫ് പരിഗണിക്കുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് എന്നിവരെയാണ് യു.ഡി.എഫ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മോന്‍സ് കടുത്തുരുത്തി എം.എല്‍.എയാണ്.
ഉമ്മന്‍ചാണ്ടിയുടെ തട്ടകമായിരുന്ന കോട്ടയത്ത് കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന അഭിപ്രായത്തിനാണ് പാര്‍ട്ടിയില്‍ മുന്‍തൂക്കം. പക്ഷേ ഘടകക്ഷി എന്നനിലയില്‍ ജോസഫ് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്താന്‍ യു.ഡി.എഫ് നേതൃത്വത്തിനു താല്‍പര്യമില്ല. പകരം സീറ്റ് ചോദിച്ചാല്‍ കോട്ടയം കോണ്‍ഗ്രസ് ഏറ്റെടുക്കും. എല്‍.ഡി.എഫില്‍ ചാഴികാടന്‍ തന്നെ മത്സരിക്കുമെന്നാണ് സൂചനയെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ലോക്‌സഭയിലേക്ക് മത്സരിക്കണമെന്ന വാദം ശക്തിപ്പെട്ടിട്ടുണ്ട്. രാജ്യസഭാ കാലാവധി ആറുമാസത്തിനുളളില്‍ കഴിയുന്നതിനാല്‍ ജോസ് രംഗത്തുവരുന്നതായിരിക്കും നല്ലതെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ കേരളമാണ് തന്റെ ഇനിയുളള പ്രവര്‍ത്തന മേഖല എന്ന നിലപാടിലാണ് ജോസ്. ബി.ജെ.പി മുന്നണിയില്‍ ചര്‍ച്ച ആരംഭിച്ചിട്ടില്ല. ഘടകക്ഷികള്‍ക്കു സീറ്റു നല്‍കുമോ എന്നതില്‍ വ്യക്തതയില്ല. ഘടകക്ഷികള്‍ക്കു നല്‍കിയില്ലെങ്കില്‍ നാരായണന്‍ നമ്പൂതിരി, ലിജിന്‍ ലാല്‍, എന്‍.ഹരി എന്നിവരാണ് സ്ഥാനാര്‍ഥി പദത്തിലേക്കു പരിഗണിക്കുന്നവരില്‍ മുന്നിലെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട്.