കണ്ണൂർ - പോലീസിന്റെ മനുഷ്യാവകാശ ധ്വംസനത്തിൽ നീതി തേടി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് ഉൾപ്പെടെയുള്ളവർ നിയമനടപടിക്ക്. കണ്ണൂരിലെ യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ വനിതാ നേതാക്കൾക്ക് നേരെയുണ്ടായ പോലീസ് മർദ്ദനത്തിനെതിരേയാണ് ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചത്.
ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറിയും ഇരയുമായ റിയ നാരായണൻ സംസ്ഥാന, ദേശീയ വനിതാ കമ്മിഷനുകൾക്ക് പരാതി നല്കി. നീതി ലഭിച്ചില്ലങ്കിൽ വൈകാതെ കോടതിയെ സമീപിക്കുമെന്നും റിയ വ്യക്തമാക്കി.
സമരത്തിനിടെ പോലീസ് റിയയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയുമായിരുന്നു. ബലപ്രയോഗത്തിനിടെ നിലത്ത് വീണ റിയ നാരായണന്റെ മുടി പോലീസ് ചവിട്ടിപ്പിടിച്ചതന് പുറമെ ജീന, മഹിത മോഹൻ എന്നിവരടക്കമുള്ള മറ്റ് വനിതാ നേതാക്കൾക്കും പരുക്കേൽക്കുകയുണ്ടായി. സംഭവത്തിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്നും ഇക്കാര്യങ്ങളെല്ലാം പരാതിയിൽ വ്യക്തമാക്കിയതായും റിയ പറഞ്ഞു. പരുക്കേറ്റ മറ്റ് യൂത്ത് കോൺഗ്രസ് നേതാക്കളെല്ലാം ചികിത്സയിൽ തുടരുകയാണെന്നും പോലീസ് സ്വമേധയാ കേസെടുത്തില്ലെങ്കിൽ നീതി ലഭിക്കും വരെ നിയമ പോരാട്ടമായിരിക്കുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് വെളളിയാഴ്ച യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്ടറേറ്ററിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സമരക്കാർക്കുനേരെ പോലീസ് രാജുണ്ടായത്.