Sorry, you need to enable JavaScript to visit this website.

പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്ര സ്വര്‍ണ്ണം കൊണ്ടു പോകാം? എങ്ങനെ ? ബില്ല് സൂക്ഷിക്കണം ഇല്ലെങ്കില്‍ പണി കിട്ടാം

കോഴിക്കോട് - സ്വര്‍ണ്ണം കൈവശം വെയ്ക്കുകയെന്നത് സമ്പത്തിന്റെയും സാമൂഹ്യമായ അന്തസ്സിന്റെയുമെല്ലാം പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. സ്വര്‍ണ്ണം ആഭരണങ്ങളാക്കി ധരിക്കാനും ഏത് സമയത്തും പണമാക്കാവുന്ന  നിക്ഷേപമാക്കി മാറ്റാനും സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുകയെന്നത് രാജ്യത്തെ ജനങ്ങളുടെ ശീലമാണ്. വിവാഹം, ജന്മദിനം കുഞ്ഞിന്റെ ജനനം തുടങ്ങിയ വിശേഷാവസരങ്ങളിലെല്ലാം സ്‌നേഹത്തിന്റെയും സന്തോഷ പ്രകടനത്തിന്റെയും  ഭാഗമായി സ്വര്‍ണ്ണം സമ്മാനമായി നല്‍കുകയെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്‌കാരത്തിന്റെയും ജീവിത രീതിയുടെയും ഭാഗം കൂടിയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങി സൂക്ഷിക്കുന്നത് മലയാളികളാണ്. ഭ്രാന്തമായ ഒരു അഭിനിവേശമാണ് മലയാളികള്‍ക്ക് സ്വര്‍ണ്ണത്തിനോടുള്ളത്. കേരളം യഥാര്‍ത്ഥത്തില്‍ ഒരു സ്വര്‍ണ്ണക്കലവറയാണ്. കേരളത്തിലെ വീടുകളില്‍ ഏതാണ്ട് 20 ലക്ഷം കോടി രൂപയുടെ സ്വര്‍ണ്ണമുണ്ടെന്നാണ് കണക്ക്. വളരെ വിലപിടിപ്പുള്ള ലോഹമായ സ്വര്‍ണ്ണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴുമെല്ലാം വളരെയധികം ശ്രദ്ധ ആവശ്യമാണ്. വളരെ വിലപിടിപ്പുള്ളത് കൊണ്ട് തന്നെ പറ്റിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. നിരവധി ആളുകള്‍ സ്വര്‍ണ്ണത്തിന്റെ പേരിലുള്ള തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്. അതേപോലെ തന്നെ വീടുകളില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിനും വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടു വരുന്നതിനും മറ്റും ചില മാനദണ്ഡങ്ങളുണ്ട്. അതറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പലതരത്തിലുള്ള വിഷമതകളും ഉണ്ടാകും. അക്കാര്യങ്ങളെക്കുറിച്ച് അറിയാം.

സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി

സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ പരിശുദ്ധി. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയാണ് അതിനെ വിലപിടിപ്പുള്ള ലോഹമാക്കി മാറ്റുന്നത്. പരിശുദ്ധി കുറഞ്ഞാല്‍ സ്വര്‍ണ്ണത്തിന്റെ മൂല്യവും വിലയുമെല്ലാം കുറയും. പരിശുദ്ധിയുടെ പേരിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് മനസ്സിലാക്കാതെ, അംഗീകൃത വില്‍പ്പനക്കാരില്‍ നിന്നല്ലാതെ സ്വര്‍ണ്ണം വാങ്ങുകയും ഒടുവില്‍ അത് വില്‍ക്കുമ്പോള്‍ കൃത്യമായ പരിശുദ്ധി ഇല്ലാത്തതിന്റെ പേരില്‍ വിലയും മൂല്യവും കുറഞ്ഞ പോകുകയും ചെയ്യുന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കണം. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നത് അതിന്റെ കാരറ്റിനെ അടിസ്ഥാനമാക്കിയാണ്. പരിശുദ്ധിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണത്തെ 24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് 14 കാരറ്റ്  തുടങ്ങി  സ്വര്‍ണ്ണത്തെ വേര്‍തിരിച്ചിട്ടുണ്ട്. ആഭരണങ്ങള്‍ 916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വര്‍ണ്ണത്തിലാണ് നിര്‍മ്മിക്കുക.

എന്താണ് 916 

916 എന്നത് എപ്പോഴും കേള്‍ക്കുന്ന വാക്കാണ്. എന്നാല്‍ പലര്‍ക്കും അതേക്കുറിച്ച് കൃത്യമായി അറിയില്ല. 916 എന്നത് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയുടെ അടയാളമാണ്. ഇതാണ് 22 കാരറ്റ് സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്. ആഭരണങ്ങള്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിലുള്ളതായിരിക്കും. തനി തങ്കം എന്നൊക്കെ വിശേഷിപ്പിക്കുന്ന 24 കാരറ്റ് സ്വര്‍ണ്ണമാണ് സ്വര്‍ണ്ണ ബാറായും ചിലപ്പോള്‍ നാണയങ്ങളായും മറ്റും കിട്ടുക. അതായത് നൂറ് ഗ്രാം എടുത്താല്‍ അതില്‍ 99.9 ഗ്രാമും സ്വര്‍ണ്ണ ലോഹം  മാത്രം അടങ്ങുന്നതാണ് 24 കാരറ്റ് സ്വര്‍ണ്ണം. ഏറ്റവും പരിശുദ്ധിയുള്ള സ്വര്‍ണ്ണമാണിത്.  എന്നാല്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നത് 22 കാരറ്റ് സ്വര്‍ണ്ണമാണ്. ഇതാണ് 916 പരിശുദ്ധിയുള്ള സ്വര്‍ണ്ണം എന്നറിയപ്പെടുന്നത്. അതായാത് 100 ഗ്രാം സ്വര്‍ണ്ണത്തില്‍ 91.6 ശതമാനവും സ്വര്‍ണ്ണമായിരിക്കും. ഇതില്‍ ബാക്കി വരുന്ന 8.4 ശതമാനം ചെമ്പ്, നിക്കല്‍, സിങ്ക്, വെള്ളി തുടങ്ങിയ ലോഹങ്ങളില്‍ ഏതെങ്കിലുമൊക്കെ  ചേര്‍ന്നുള്ള മിശ്രിതമായിരിക്കും.. ആഭരണങ്ങള്‍ എല്ലാം തന്നെ നിര്‍മ്മിക്കുന്നത് 916 പരിശുദ്ധിയില്‍ അഥവാ 22 കാരറ്റ് സ്വര്‍ണ്ണത്തിലാണ്. ആഭരണങ്ങള്‍ക്ക് ഉറപ്പു കിട്ടുന്നതിനും എളുപ്പത്തില്‍ പൊട്ടിപ്പോകാതിരിക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്. 24 കാരറ്റില്‍ ആഭരണങ്ങള്‍ നിര്‍മ്മിച്ചാല്‍ അത് വളരെ എളുപ്പം പൊട്ടിപ്പോകും. 916 സ്വര്‍ണ്ണം വളരെ പരിശുദ്ധമായാണ് കണക്കാക്കുന്നത്. കാരറ്റോ മീറ്റര്‍  ഉപയോഗിച്ചാണ് സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി അളക്കുന്നത്.  സ്വര്‍ണ്ണ വില്‍പ്പനക്കാരന്‍ 916 സ്വര്‍ണ്ണം എന്ന് പറയുമ്പോള്‍ ഇനി ഇക്കാര്യങ്ങള്‍ ഓര്‍ത്തിരിക്കുന്നത് നല്ലതാണ്. ഇതിന് താഴെ കാരറ്റിലുള്ള സ്വര്‍ണ്ണമെല്ലാം മാറ്റ് കുറഞ്ഞതാണ്. ഇതിന് വേണ്ടത്ര പരിശുദ്ധി ഉണ്ടായിരിക്കില്ല. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ ഓരോ നൂറ് ഗ്രാമിലും 75 ഗ്രാം സ്വര്‍ണ്ണം മാത്രമേ അടങ്ങിയിട്ടുണ്ടാകൂ. 14 കാരറ്റ് സ്വര്‍ണ്ണത്തില്‍ വെറും 58.3 ഗ്രാം മാത്രമാണ് സ്വര്‍ണ്ണമുണ്ടാകുക. അതുകൊണ്ട് തന്നെ ഇതെല്ലാം പരിശുദ്ധി തീരെ കുറഞ്ഞ സ്വര്‍ണ്ണമാണ്.

HUID ഹാള്‍മാര്‍ക്കിംഗ് 

സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയെക്കുറിച്ചൊക്കെ നാം മനസ്സിലാക്കിയാലും ജ്വല്ലറിയില്‍ പോയി നാം വാങ്ങുന്ന സ്വര്‍ണ്ണം നിശ്ചിത പരിശുദ്ധിയോട് കൂടിയാതാണോ എന്ന് നമുക്ക് എങ്ങനെ അറിയാന്‍ കഴിയും?  കാരറ്റോ മീറ്റര്‍ ഉപയോഗിച്ചാണ് സ്വര്‍ണ്ണത്തിന്റെ കാരറ്റ് അളക്കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഇതിനെക്കുറിച്ചൊന്നും അറിയാനോ അളക്കാനോ സാധിക്കില്ല. അതുകൊണ്ട് തന്നെ പരിശുദ്ധിയുടെ കാര്യത്തിലടക്കം ഉപഭോക്താക്കള്‍ പറ്റിക്കപ്പെടാതിരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ബി ഐ എസ്, അതായത് ഉത്പന്നങ്ങള്‍ക്ക് ഗുണമേന്‍മ ഉറപ്പു വരുത്തുന്ന സര്‍ക്കാര്‍  സംവിധാനമായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സാക്ഷ്യപ്പെടുത്തിയ ബി ഐ എസ് ഹാള്‍മാക്കുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രമേ ഇന്ത്യയില്‍ വില്‍ക്കാന്‍ പാടുള്ളൂ. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ഇതില്‍ കുറച്ച് കൂടി പരിഷ്‌കാരങ്ങള്‍ വരുത്തി  HUID മുദ്ര പതിപ്പിച്ച ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന് നിയമം നടപ്പാക്കി.. ബി ഐ എസ് മുദ്രയോടൊപ്പം മറ്റുള്ള വിവരങ്ങള്‍ കൂടി അടങ്ങിയതാണ് HUID. ഹാള്‍മാര്‍ക്കിംഗ് യുണീക് ഐഡിന്റിഫിക്കേഷന്‍ എന്നതിന്റെ ചുരുക്കപ്പേരാണ് HUID.

വില്‍ക്കുന്ന എല്ലാ ആഭരണങ്ങളിലും ഗുണമേന്‍മയടക്കമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന HUID മുദ്ര പതിപ്പിച്ചിരിക്കണം എന്നത് ഇപ്പോള്‍ നിര്‍ബന്ധമാണ്. സ്വര്‍ണ്ണത്തിന്റെ ഗുണമേന്‍മ ഉറപ്പാക്കുന്ന ബി ഐ എസ് ലോഗോ, അതിന്റെ പരിശുദ്ധിയുടെ അളവ് എന്നിവയ്‌ക്കൊപ്പം തന്നെ ആറക്ക അല്‍ഫാ ന്യൂമറിക് നമ്പര്‍ കൂടി HUID യില്‍ ഉള്‍പ്പെട്ടിരിക്കും. സ്വര്‍ണ്ണം എവിടെ നിന്ന് നിര്‍മ്മിച്ചു, അതിന്റെ ആധികാരികത തുടങ്ങിയ കാര്യങ്ങളെല്ലാം അടങ്ങിയതാണ് ഈ അക്കങ്ങള്‍. സ്വര്‍ണ്ണത്തിന്റെ പരിശുദ്ധിയും ഇതിന്റെ ആധികാരികതയും വിശ്വാസ്യതയുമെല്ലാം ഉറപ്പാക്കുന്നതിന് നിലവിലുള്ള അംഗീകൃത മാര്‍ഗമെന്നത് HUID ആണ്. അത് കൊണ്ട് തന്നെ ജ്വല്ലറികളില്‍ പോയി സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഇതില്‍ HUID മുദ്ര ഉണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്ത സ്വര്‍ണ്ണാഭരണങ്ങള്‍ ഒരിക്കലും വാങ്ങരുത്. സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിച്ച ശേഷം അത് സര്‍ക്കാര്‍ അംഗീകൃത HUID ഹാള്‍മാര്‍ക്കിംഗ് കേന്ദ്രത്തില്‍ കൊണ്ടു പോയി മുദ്രവെച്ച ശേഷമേ  ജ്വല്ലറികളിലൂടെ വില്‍ക്കാന്‍ പാടുള്ളൂ. ബി ഐ എസ് അധികൃതരുടെ പരിശോധനയില്‍ ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിക്കാത്ത ആഭരണങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചതായി കണ്ടെത്തിയാല്‍ വലിയ പിഴ ചുമത്തുകയോ ജ്വ്വല്ലറിയുടെ  ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യും. അതേസമയം പഴയ ബി ഐ എസ് ഹാള്‍മാര്‍ക്കിംഗ് മാത്രമുള്ള (HUID ഇല്ലാത്ത) ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈവശം വെയ്ക്കുന്നതിനോ വില്‍ക്കുന്നതിനോ ഇപ്പോഴും തടസ്സമൊന്നുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും പരിശുദ്ധി നിര്‍ണ്ണയിക്കുന്ന ഹാള്‍മാര്‍ക്കിംഗിന്റെ പേരില്‍ ഇപ്പോഴും വലിയ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. വ്യാജ ഹാള്‍മാര്‍ക്കിംഗ് നടത്തിയതായ ആഭരണങ്ങള്‍ വിപണിയിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഹാള്‍മാര്‍ക്കിംഗ് നടത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഹാള്‍മാര്‍ക്കിംഗ് നടത്താത്ത ആഭരണങ്ങള്‍ വില്‍ക്കുന്നുണ്ട്. അതിനാലാണ് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ HUID മുദ്ര ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് പറയുന്നത്. 

 

ബില്ലുകള്‍ ചോദിച്ച് വാങ്ങണം, ഇല്ലെങ്കില്‍ പണി കിട്ടിയേക്കും

വീടുകളില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതിന് ചില നിയമങ്ങളൊക്കെയുണ്ട്. ഒരു പുരുഷന് വീട്ടില്‍ 100 ഗ്രാം സ്വര്‍ണ്ണം സൂക്ഷിക്കാം. സ്ത്രീയ്ക്കാണെങ്കില്‍ വിവാഹം കഴിഞ്ഞിട്ടില്ലെങ്കില്‍ 250 ഗ്രാം സ്വര്‍ണ്ണവും വിവാഹം കഴിഞ്ഞ സ്്ത്രീ ആണെങ്കില്‍ 500 ഗ്രാം സ്വര്‍ണ്ണവും സൂക്ഷിക്കാം എന്നാണ് നിയമം. വിട്ടില്‍ എത്ര വ്യക്തികളുണ്ടോ അവര്‍ക്കെല്ലാവര്‍ക്കും ഈ രീതിയില്‍ സ്വര്‍ണ്ണം സൂക്ഷിക്കാമെന്നതാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ ഇതില്‍ കൂടുതല്‍ സ്വര്‍ണ്ണം സൂക്ഷിച്ചാല്‍ അത് പിടികൂടുമോ എന്ന ചോദ്യം സ്വാഭാവികമായി ഉയരും. അങ്ങനെ പിടികൂടില്ല. എന്നാല്‍ സൂക്ഷിക്കുന്ന സ്വര്‍ണ്ണത്തിന് അത് വാങ്ങിയതിന്റെ ബില്ലുകള്‍ അടക്കമുള്ള രേഖകള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടി വരും. ഇല്ലെങ്കില്‍ പണി കിട്ടും. സ്വര്‍ണ്ണം പിടിച്ചെടുക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്താം. പരമ്പരാഗതമായി കിട്ടിയ സ്വര്‍ണ്ണമാണെങ്കില്‍ അത് കൈമാറ്റം ചെയ്ത് കിട്ടിയതിന്റെ രേഖകളും മറ്റും ഉണ്ടെങ്കില്‍ അത് സൂക്ഷിച്ച് വെയ്ക്കണം.
ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ഇനി മുതല്‍ ബില്ലുകള്‍ വാങ്ങുകയും സ്വര്‍ണ്ണം കൈവശം വെയ്ക്കുന്ന കാലത്തോളം ബില്ലും സൂക്ഷിക്കണം. നിയമ പ്രകാരമുള്ള നികതി അടച്ചാണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് തെളിയിക്കാനുള്ള രേഖയാണ് ബില്ല്. മാത്രമല്ല ഭാവിയില്‍ സ്വര്‍ണ്ണം വില്‍ക്കുമ്പോഴും മറ്റും വാങ്ങിയ സമയത്തെ ബില്ല് കൂടി വേണമെന്ന നിബന്ധനയൊക്കെ വന്നേയ്ക്കാനും സാധ്യതയുണ്ട്. സ്വര്‍ണ്ണം മാറ്റി വാങ്ങുന്ന സമയത്ത് ജ്വല്ലറികള്‍ ബില്ലുകള്‍ ആവശ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. ഏത് ജ്വല്ലറിയില്‍ നി്ന്നാണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് ഉറപ്പാക്കാനും അതിന്റെ വാങ്ങുമ്പോഴുള്ള പരിശുദ്ധി തെളിയിക്കുന്നതിനും മറ്റും ബില്ലുകള്‍ സഹായിക്കും. ബില്ലുകള്‍ നല്‍കാതെ നികുതി വെട്ടിച്ചു കൊണ്ട് സ്വര്‍ണ്ണം വില്‍ക്കുന്ന കച്ചവടക്കാരുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക ലാഭം മാത്രമാണ് ഉണ്ടാക്കുക. നിയമങ്ങള്‍ ഏത് നിമിഷവും മാറിമാറു വരും. അതുകൊണ്ട് തന്നെ സ്വര്‍ണ്ണം വാങ്ങിയ ബില്ലുകള്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ടെങ്കില്‍ പിന്നെ ഒന്നും പേടിക്കാനില്ല.

ഗള്‍ഫില്‍ നിന്ന് എത്ര സ്വര്‍ണ്ണം നാട്ടിലേക്ക് കൊണ്ടു വരാം

വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും നിശ്ചിത അളവില്‍ സ്വര്‍ണ്ണം കൊണ്ടുവരുന്നതിന് തടസ്സമില്ല. എന്നാല്‍ ഇതിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇത് അറിഞ്ഞില്ലെങ്കില്‍ നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ പല വിധത്തിലുള്ള പ്രയാസങ്ങളുമുണ്ടാകാം. കൈയ്യില്‍ നിന്ന് കാശു പോകും, കള്ളക്കടത്തുകാരനെന്ന രീതിയില്‍ നില്‍ക്കേണ്ടി വരും. ഗള്‍ഫ് നാടുകളില്‍ കേരളത്തിനെയും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സ്വര്‍ണ്ണത്തിന് പൊതുവെ വില കുറവാണ്. നല്ല പരിശുദ്ധമായ സ്വര്‍ണ്ണവും ലഭിക്കും. കറന്‍സി വിനിമയത്തിലെ വ്യതാസം കൂടി കണക്കാക്കുമ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് (എട്ട് ഗ്രാം) സൗദി അറേബ്യ, യു എ ഇ തുടങ്ങിയ ഗള്‍ഫ് നാടുകളില്‍  കേരളത്തിലേതിനേക്കാള്‍ 4000 ത്തിനും 5000 ഇടയ്ക്ക് രൂപയുടെ കുറവ് മിക്കപ്പോഴും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഇതിനേക്കാളും വിലക്കുറവും ഉണ്ടാകാം. ഇത് ചെറിയ വ്യത്യാസമല്ല. ഇത് തന്നെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ സ്വര്‍ണ്ണം വാങ്ങി വരാന്‍ പ്രവാസികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം . എന്നാല്‍ വിലക്കുറുള്ളതു കൊണ്ട് ഇഷ്ടം പോലെ സ്വര്‍ണ്ണം കൊണ്ടുവാരാന്‍ പറ്റില്ല. ഒരു പുരുഷന് പരമാവധി 50,000 രൂപയുടെയും സ്ത്രീയ്ക്ക്  ഒരു ലക്ഷം രൂപയുടെയും  സ്വര്‍ണ്ണം ഡ്യൂട്ടി ഇല്ലാതെ തന്നെ വിദേശത്ത് നിന്ന് നാട്ടിലേക്ക് കൊണ്ടുവരാം. ധരിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഉള്‍പ്പെടെയുള്ള കണക്കാണിത്. 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമാണ്. ഇന്ത്യക്കാരുടെ നിത്യോപയോഗ ആഭരണങ്ങളില്‍ ചെറിയ തൂക്കത്തിലുള്ള താലിമാലയും പാദസരവും ഒന്നോ രണ്ടോ വളകളും മോതിരവും മറ്റും ഉള്‍പ്പെടുന്നതിനാല്‍ അനുവദിച്ച അളവ് സ്വര്‍ണ്ണത്തിന് പുറമെ ഇതൊക്കെ കൊണ്ടു വരാന്‍ ചിലപ്പോള്‍ നാട്ടിലെ എയര്‍പോര്‍ട്ടില്‍ കസ്റ്റംസുകാര്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇത് ഒരു അവകാശല്ല. ഒന്ന് കണ്ണടയ്ക്കുന്നുവെന്ന് മാത്രം. 

നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പുറപ്പെടുന്ന യാത്രക്കാരന്‍ ധരിച്ചിരിക്കുന്നതോ കൈയ്യിലുള്ളതോ ആയ സ്വര്‍ണത്തിന്റെ അളവ് കൃത്യമായി പ്രഖ്യാപിക്കുകയും നാട്ടിലെ എയര്‍പോര്‍ട്ട് കസ്റ്റംസ് ഡെസ്‌കില്‍ നിന്ന് എക്സ്പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്താല്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയ എല്ലാ സ്വര്‍ണ്ണാഭരണ ഉല്‍പ്പന്നങ്ങളും തിരിച്ചു നാട്ടിലേക്ക് വരുമ്പോള്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെടും. നാട്ടിലേക്ക് വരുമ്പോള്‍ വിദേശത്ത് നിന്ന് സ്വര്‍ണ്ണം വാങ്ങിയതിന്റെ രേഖകള്‍ കൈയ്യില്‍ കരുതുന്നത്. നല്ലതാണ്. ഇനി ഏതെങ്കിലും കാരണവശാല്‍ അനുവദിക്കപ്പെട്ട അളവിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം കൈയ്യിലുണ്ടെങ്കില്‍ അക്കാര്യം നാട്ടില്‍ എത്തുമ്പോള്‍ അവര്‍ ഫരിശോധന തുടങ്ങുന്നതിന് മുന്‍പ് തന്നെ കസ്റ്റംസുകാരെ ബോധ്യപ്പെടുത്തി നികതി അടച്ചാല്‍ സ്വര്‍ണ്ണം വിട്ടു കിട്ടും.

ഇത് വരെ പറഞ്ഞത് നികുതി അടയ്ക്കാതെ കൊണ്ടു വരാന്‍ പറ്റുന്ന സ്വര്‍ണ്ണത്തിന്റെ കണക്കാണ്. എന്നാല്‍ നികുതി അടച്ച് വിദേശത്ത് നിന്ന് സ്വര്‍ണ്ണം നാട്ടിലേക്ക് കൊണ്ടുവരാന്‍ കഴിയും. ഒരു യാത്രക്കാരന് പരാമാവധി ഒരു കിലോഗ്രം വരെ സ്വര്‍ണ്ണമാണ് ഇങ്ങനെ കൊണ്ടു വരാനാകുക. ചുരുങ്ങിയത് 13 ശതമാനത്തോളം നികുതി നല്‍കേണ്ടി വരും. ആറ് മാസമോ അതിലധികമോ വിദേശത്ത് കഴിഞ്ഞവര്‍ക്ക് മാത്രമേ ഇങ്ങനെ സ്വര്‍ണ്ണം കൊണ്ടു വരാന്‍ സാധിക്കുകയുള്ളൂ. വിദേശത്ത് താമസിക്കുന്ന കാലാവധി ആറുമാസം പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ 36.ശതമാനം വരെ ഡ്യൂട്ടി ഈടാക്കും. സ്വര്‍ണ്ണ ബാറുകളാണ് കൊണ്ടു വരുന്നതെങ്കില്‍ അതിന് മുകളില്‍ സീരിയല്‍ നമ്പറും, ഭാരവും, നിര്‍മ്മാതാവിന്റെ പേരും അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കണം.

 

സ്വര്‍ണ്ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ബൈബാക്ക് ഗ്യാരന്റിയുണ്ടോയെന്ന് ശ്രദ്ധിക്കണം. അതായത് വാങ്ങുന്ന സ്വര്‍ണ്ണം പിന്നീട് അതേ ജ്വല്ലറിക്കാര്‍ തന്നെ മൂല്യത്തില്‍ കുറവില്ലാതെ തിരിച്ചെടുക്കുമോയെന്ന കാര്യം ഉറപ്പാക്കണം. ഒരു ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണം മറ്റ് ജ്വല്ലറിയില്‍ കൊണ്ടു പോയി പിന്നീട് വില്‍ക്കുമ്പോള്‍ വില കുറയ്ക്കാന്‍ സാധ്യതയുണ്ട്. സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലി കൃത്യമായ മനസ്സിലാക്കിയത് ശേഷം മാത്രമേ സ്വര്‍ണ്ണം വാങ്ങാവൂ. പണിക്കൂലിയാണ് ജ്വല്ലറി ഇടമയുടെ പ്രധാന ലാഭം. മൂന്ന് ശതമാനം മുതല്‍ 20 ഉം അതിലധികവും ശതമാനം പണിക്കൂലി ഈടാക്കുന്ന ജ്വല്ലറികളുണ്ട്. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ നല്ലൊരു തുക ഇതിനായി ചെലവാകും. അതുകൊണ്ട് തന്നെ പണിക്കൂലി കുറഞ്ഞ ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങാന്‍ ശ്രദ്ധിക്കണം. 

വിവിധ തരത്തിലുള്ള കല്ലുകളും മുത്തുകളും പതിപ്പിച്ച ആഭരണങ്ങളാണെങ്കില്‍ അതിന് ഈടാക്കുന്ന വിലയും കല്ലുകളുടെ ഇനവും തരവുമെല്ലാം  കൃത്യമായി ചോദിച്ച് മനസ്സിലാക്കിയിരിക്കണം. കല്ലുകളുടെ പേരിലാണ് വലിയ തട്ടിപ്പ് പലപ്പോഴും നടക്കുന്നത്. മാത്രമല്ല ആഭരണങ്ങള്‍ തിരിച്ചെടുക്കുമ്പോള്‍ കല്ലുകള്‍ക്ക് എത്ര വില കിട്ടുമെന്ന കാര്യവും ജ്വല്ലറി ഉടമയോട് ചോദിച്ച് മനസ്സിലാക്കണം. ആഭരണത്തില്‍ അടങ്ങിയ സ്വര്‍ണ്ണത്തിന്റെ തൂക്കവും കല്ലുകളുടെ തൂക്കവുമെല്ലാം കൃത്യമായി മനസ്സിലാക്കിയിരിക്കണം. ആഭരണങ്ങള്‍ക്ക് എന്തെങ്കിലും തകരാറ് സംഭവിച്ചാല്‍ സൗജന്യമായി റിപ്പയര്‍ ചെയ്തു നല്‍കുന്ന ഓഫറുകള്‍ ഉണ്ടെങ്കില്‍ നല്ലതാണ്. ധരിക്കാനല്ലാതെ നിക്ഷേപമെന്ന നിലയില്‍ സൂക്ഷിച്ച് വെയ്ക്കാനാണ് സ്വര്‍ണ്ണം വാങ്ങുന്നതെങ്കില്‍ സ്വര്‍ണ്ണ നാണയങ്ങളും  ബിസ്‌ക്കറ്റുകളും മാറ്റും വാങ്ങുക. അങ്ങനെ വരുമ്പോള്‍ പണിക്കൂലി കൊടുക്കേണ്ടതില്ല. സ്വര്‍ണ്ണം അമൂല്യമായ ലോഹമാണ്. അതുകൊണ്ട് തന്നെ അതിന്റെ വിശ്വസ്തതയാണ് പ്രശ്‌നം. വിശ്വസ്തവും ദീര്‍ഘകാലത്തെ പാരമ്പര്യവുമുള്ള ജ്വല്ലറികളില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങാന്‍ ശ്രദ്ധിക്കുക.

Latest News