തിരുവനന്തപുരം-എക്സാലോജിക്കിനെതിരായ അന്വേഷണത്തില്‍ പ്രതിക്കൂട്ടിലാകുന്നതു സിപിഎം കൂടിയാണ്. പാര്‍ട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ എകെജി സെന്ററിന്റെ വിലാസം ഉപയോഗിച്ചാണ് വീണ ബെംഗളൂരുവില്‍ കമ്പനി റജിസ്റ്റര്‍ ചെയ്തത്. മുന്‍പ് ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അഡ്രസ് ഒന്നും നോക്കേണ്ട കാര്യമില്ലെന്നും അതിന്റെ രേഖയൊന്നും എകെജി സെന്ററില്‍ ഇല്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.
വീണ 2014 ല്‍ കമ്പനി ആരംഭിക്കുന്ന കാലത്ത് പിണറായിയും കുടുംബവും തലസ്ഥാനത്തു താമസിച്ചിരുന്നത് എകെജി സെന്ററിനടുത്ത് പാര്‍ട്ടിയുടെ ഫ്ളാറ്റിലായിരുന്നു. എന്നാല്‍ ഈ ഫ്ളാറ്റിന്റെയല്ല, പാര്‍ട്ടി ആസ്ഥാനത്തിന്റെ തന്നെ വിലാസമാണ് വീണ ഉപയോഗിച്ചത്. അതേസമയം, നോമിനിയായി ഉള്‍പ്പെടുത്തിയ അമ്മ കമലയുടെ വിലാസം കണ്ണൂരിലേതായിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമാണ് കമ്പനി കേരളത്തില്‍ കൂടുതല്‍ കരാറുകള്‍ നേടുന്നത്. സോഫ്‌റ്റ്വെയര്‍ കമ്പനിയാണെങ്കിലും ഇവര്‍ തയാറാക്കിയ സോഫ്‌റ്റ്വെയറുകളെക്കുറിച്ചോ ഇടപാടുകാരെക്കുറിച്ചോ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം നല്‍കാന്‍ കമ്പനിക്കോ പാര്‍ട്ടിക്കോ കഴിഞ്ഞിട്ടില്ല.ജീവനക്കാരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. സാമ്പത്തിക ഇടപാടുകള്‍ക്കു മറയായ 'ഷെല്‍ കമ്പനി' ആണിതെന്നു പ്രതിപക്ഷം ആരോപിച്ചത് ഈ സാഹചര്യത്തിലാണ്.
സംസ്ഥാനത്തേക്ക് ഐടി നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഐടി വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകള്‍ മറ്റൊരു സംസ്ഥാനത്ത് സംരംഭം നടത്തുന്നതിലെ ശരികേടും ഉന്നയിക്കപ്പെട്ടിരുന്നു.