കോഴിക്കോട് - ബാങ്കിൽനിന്ന് പണവുമായി പോയ വാഹനത്തിന് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്ന് കോഴിക്കോട് സിറ്റി പോലീസ് അസി. കമ്മിഷണറെ സസ്‌പെൻഡ് ചെയ്തു. കോഴിക്കോട് സിറ്റി ഡി.സി ആർ.ബിയിലെ അസിസ്റ്റന്റ് കമ്മിഷണർ ടി.പി ശ്രീജിത്തിനെയാണ് അഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി സസ്‌പെൻഡ് ചെയ്തത്.
കോഴിക്കോട് മാങ്കാവിലെ യൂണിയൻ ബാങ്കിന്റെ കറൻസി ചെസ്റ്റിൽനിന്നും ഹൈദരാബാദിലേക്ക് 750 കോടി രൂപയുമായി പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയിൽ എ.സി.പി വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ.സി.പി അകമ്പടി പോയതെന്നും ഔദ്യോഗിക പിസ്റ്റൾ കൈവശമുണ്ടായിരുന്നില്ലെന്നും അഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തായതായാണ് വിവരം. പണം കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട റിസർവ് ബാങ്ക് സുരക്ഷാ നിർദേശം എ.സി.പി ലംഘിച്ചതായും സസ്‌പെൻഷൻ ഉത്തരവിലുണ്ട്.