കൊച്ചി- തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാര്‍ തടഞ്ഞ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ പ്രതികളായ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതിയുടെ ഉപദേശം. ജാമ്യഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഉപദേശം. വിദ്യാര്‍ഥികള്‍ കൃത്യമായി ക്ലാസില്‍ കയറണമെന്നും മാതാപിതാക്കളെ അനുസരിക്കണമെന്നും ഹൈക്കോടതി ജഡ്ജി സി.എസ് ഡയസ് ഉപദേശിച്ചു.
മാതാപിതാക്കള്‍ നിര്‍ദേശിച്ച കൗണ്‍സിലിംഗിന് കുട്ടികള്‍ വിധേയരാകണം. ഇവര്‍ പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതര്‍ നല്‍കുന്ന ഹാജര്‍ പട്ടിക മൂന്ന് മാസം കൂടുമ്പോള്‍ ബന്ധപ്പെട്ട കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. ജാമ്യഹരജി പരിഗണിക്കുന്നതിന് മുമ്പ് ഹൈക്കോടതി ഹരജിക്കാരോടും മാതാപിതാക്കളോടും ഓണ്‍ലൈന്‍ മുഖേന സംസാരിച്ചു. കൃത്യമായി ക്ലാസില്‍ കയറാമെന്നും മാതാപിതാക്കളെ അനുസരിക്കാമെന്നും കൗണ്‍സിലിംഗില്‍ പങ്കെടുക്കാമെന്നും വിദ്യാര്‍ഥികള്‍ ഉറപ്പ് നല്‍കി.
കര്‍ശന നിര്‍ദ്ദേശങ്ങളോടെയാണ് ഹൈക്കോടതി ഏഴു വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ചത്. യദുകൃഷ്ണന്‍, ആഷിഖ്, പ്രദീപ്, ആര്‍ ജി ആഷിഷ്, ദിലീപ്, റയാന്‍, അമല്‍ഗഫൂര്‍, റിനോ സ്റ്റീഫന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.