Sorry, you need to enable JavaScript to visit this website.

പെങ്ങളെ കെട്ടിക്കണം, കുടുംബത്തിന്റെ കാര്യം നോക്കണം....വിമാനം കയറുന്ന പ്രവാസി അന്നും ഇന്നും ഒരുപോലെ

പ്രവാസം മാറുകയാണെന്നും പുതിയ പ്രവാസി പഴയ പ്രവാസിയുടെ നിഴല്‍മാത്രമാണെന്നുമാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്...മനുഷ്യന്‍ കടല്‍ കടക്കുന്നതിന്റേയും ജന്മനാട് ഉപേക്ഷിച്ച് യാത്രയാകുന്നതിന്റേയും മൗലിക കാരണങ്ങള്‍ക്ക് ഇപ്പോഴും മാറ്റമില്ലെന്നതാണ് യാഥാര്‍ഥ്യം.

ലോകം പലവിധത്തില്‍ മാറിക്കൊണ്ടിരിക്കുന്നു. കുടുംബത്തെ പോറ്റാന്‍ ഗതിയില്ലാതെ കടല്‍കടക്കുന്ന മലയാളി ഇന്നും ഒരു യാഥാര്‍ഥ്യമാണ്. പ്രവാസത്തിലെ തൊഴിലുകള്‍ക്കും തൊഴില്‍ സ്വഭാവങ്ങള്‍ക്കുമൊക്കെ മാറ്റം വന്നിട്ടുണ്ട്. വൈദഗ്ധ്യം ആവശ്യമായ പ്രൊഫഷണനുകളിലേക്കാണ് പ്രവാസികള്‍ കൂടുതലും എത്തിച്ചേരുന്നത്. എന്നാല്‍ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാതെ ഇപ്പോഴും കടലിനക്കരേക്ക് നോക്കുന്ന മലയാളികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ല.

കഴിഞ്ഞ ദിവസം സൗദിയിലേക്കുള്ള വിമാനയാത്രയില്‍ ഒരു യുവാവിനെ പരിചയപ്പെട്ടു. ജിദ്ദയില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ആദ്യമായി വരികയാണ് 27 കാരനായ യുവാവ്. നാട്ടില്‍ പല പണികളും നോക്കി, രക്ഷയില്ല. ദുബായില്‍ പോയി രണ്ടുകൊല്ലം കളഞ്ഞു. ജീവിക്കണ്ടേ... സൗദിയില്‍ ഒരു കൈ നോക്കാമെന്ന് കരുതി പോകുകയാണ്. അയാള്‍ പറഞ്ഞു.

പെങ്ങളെ കെട്ടിക്കണം. അതുകഴിഞ്ഞ് എന്റെ കാര്യങ്ങളും നോക്കണം. നാലുവര്‍ഷം കഴിഞ്ഞേ മടക്കമുള്ളു. എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കണം- സൗദിയിലെ സാഹചര്യങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ ശേഷം യുവാവ് പറഞ്ഞു.

രണ്ടും മൂന്നും മാസം കൂടുമ്പോള്‍ അവധിക്ക് പോകുകയും കുടുംബത്തോടെ ആഘോഷത്തോടെ പ്രവാസ ജീവിതം നയിക്കുകയും ചെയ്യുന്ന ധാരാളം പ്രവാസികളുണ്ട്. എന്നാല്‍ പ്രവാസത്തിന്റെ അടിസ്ഥാന യാഥാര്‍ഥ്യം ഇപ്പോഴും പഴയതുതന്നെ. അടിസ്ഥാന സൗകര്യങ്ങള്‍പോലും ഒരുക്കാന്‍ കഴിയാതെ യുവാക്കളെ അന്യരാജ്യത്തേക്ക് പറഞ്ഞുവിടാന്‍ സാഹചര്യമൊരുക്കുന്ന സര്‍ക്കാരുകള്‍ ഉള്ളിടത്തോളം ഈ അവസ്ഥ മാറില്ല. ഭാഗ്യപരീക്ഷണത്തിനായി വിമാനം കയറിയ ആ യുവാവിന് മംഗളാശംസ നേരാം.

പ്രവാസികള്‍ക്ക് നാട്ടിലേക്ക് എത്ര സ്വര്‍ണ്ണം കൊണ്ടു പോകാം? എങ്ങനെ ? ബില്ല് സൂക്ഷിക്കണം ഇല്ലെങ്കില്‍ പണി കിട്ടാം

 

Latest News