ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീകരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ.എം.ആർ. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണുക്കൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതിനേയാണ് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്. അശാസ്ത്രീയമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പുള്ളത്.
ലോകാരോഗ്യ സംഘടന എ.എം.ആറിനെ വിശേഷിപ്പിച്ചത് നിശ്ശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പുതിയൊരു ആരോഗ്യ പ്രതിസന്ധിയായിത് വളരുകയാണ്. ലോകമെമ്പാടുമുള്ള സർക്കാരുകൾ പ്രതിസന്ധി മറികടക്കാൻ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കേരളവും ഇതിനായുള്ള പരിശ്രമത്തിലാണ്.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപറേഷൻ അമൃത് എന്ന പേരിൽ ഡ്രഗ്‌സ് കൺട്രോൾ വിഭാഗം പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എ.എം.ആർ കമ്മിറ്റികൾ സംസ്ഥാനം രൂപീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 40 ആശുപത്രികളാണ് കാർസ്‌നെറ്റ് ശൃംഖലയിൽ വന്നിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും ഈ ശൃംഖലയുടെ ഭാഗമാക്കി മാറ്റുക എന്നുള്ളതാണ് ആരോഗ്യ വകുപ്പ് ലക്ഷ്യം വെക്കുന്നത്.
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാൻ ലക്ഷ്യം വെയ്ക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കക്കോടി, ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രങ്ങൾ രാജ്യത്തെ ആദ്യത്തെ രണ്ട് ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളായി മാറി. കൂടുതൽ നടപടികൾ പിന്നാലെ വരുമായിരിക്കും.
എന്നാൽ ആന്റിബയോട്ടിക്കുകളുടെ പുതിയ പ്രതിസന്ധിയുടെ പേരിൽ മെഡിക്കൽ സ്റ്റോറുകാരെയും ജനത്തെയും മുദ്രകുത്തി സർക്കാർ രക്ഷപ്പെടാൻ നോക്കുയാണെന്ന ആക്ഷേപം ഗൗരവമർഹിക്കുന്ന കാര്യമാണ്. ഇവിടെ ആന്റിബയോട്ടിക്കുകൾ പ്രചരിപ്പിച്ചത് മെഡിക്കൽ സ്റ്റോറുകാരല്ല. ജനങ്ങളുമല്ല. സർക്കാരും ആരോഗ്യ വിദഗ്ധരുമാണ്. ആന്റിബയോട്ടിക്കുകൾ രോഗാണുക്കളെ നശിപ്പിക്കുന്നതിനും പകർച്ചവ്യാധി തടയുന്നതിനും വലിയൊരളവോളം സഹായിച്ചുവെന്നത് നേരാണ്. എന്നാൽ ഇതിന്റെ പിന്നിൽ ഇത്തരത്തിലുള്ളൊരു ദുരന്തംകൂടി അടയിരിപ്പുണ്ടെന്ന്് സാധാരണക്കാർക്കോ, മരുന്നു കച്ചവടം നടത്തുന്നവർക്കോ അറിയില്ലല്ലോ. ഇതറിയാവുന്നവരല്ലേ ഇതൊക്കെ ശ്രദ്ധിക്കേണ്ടത്. ഇപ്പോഴും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ അനാവശ്യമായി കുറിച്ചുകൊണ്ടേയിരിക്കുന്നു.
ഡോക്ടർമാരല്ലേ തോന്നിയതു പോലെ മരുന്നുകൾ രോഗികളെക്കൊണ്ട് തീറ്റിച്ചത്, തീറ്റിച്ചുകൊണ്ടിരിക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ കാര്യം മാത്രമല്ല, അനാവശ്യ മരുന്നുകൾ വിറ്റഴിക്കുന്ന കേന്ദ്രമായി നമ്മുടെ ആശുപത്രികൾ മാറിയിട്ടുണ്ട്. കോടികൾ മുടക്കി പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഉണ്ടാക്കിയിരിക്കുന്ന ആശുപത്രികളുടെ നിലനിൽപ് തന്നെ രോഗികളാണല്ലോ. നാട്ടിൽ രോഗികളില്ലാതെ വന്നാൽ ഈ ആശുപത്രികളുടെ ഗതിയെന്താവും. മരുന്നു കമ്പനികളും ഡോക്ടർമാരും രാഷ്ട്രീയക്കാരും തമ്മിലുള്ള പലതരത്തിലുള്ള കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് അറിയാത്തവർ കുറവായിരിക്കും. എങ്കിലും രോഗിഡോക്ടറെ വിശ്വസിക്കുന്നു. ഈ വിശ്വാസത്തെയാണ് പലരും മുതലെടുക്കുന്നത്.
പാവപ്പെട്ട ജനത്തിന്റെ പണം കൊള്ള ചെയ്യാനായി ആവശ്യമില്ലാത്ത ടെസ്റ്റുകൾ ചെയ്യിക്കുകയും മരുന്നു തീറ്റിക്കുകയും ചെയ്യുന്ന ഡോക്ടർമാരുടെ കരിമ്പട്ടികസർക്കാരിന്റെ പക്കലുണ്ടോ. എന്തിന് ഡോക്ടർമാരെക്കൊണ്ട് രോഗിക്കു മനസ്സിലാകുന്ന നിലയിൽ നേരെചൊവ്വേ മരുന്നു കുറിപ്പിക്കാൻ പോലും അധികാരികൾക്ക് കഴിയുന്നുണ്ടോ. ആയുർവേദ ഡോക്ടർ പോലും മുരന്ന് ഇംഗ്ലീഷിൽ കുറിക്കാനാണ് ശ്രമിക്കുന്നത്. മരുന്നാണോ മരുന്നു കമ്പനിയുടെ പേരാണോ ഡോക്ടർമാർ കുറിക്കുന്നത്. ഇതു വല്ലതും നോക്കാനിവിടെ ആളുണ്ടോ.
ഇന്നേവരെ ഇവിടുത്തെ സർക്കാർ തലത്തിലെയോ, സ്വകാര്യ മേഖലയിലെയോ ഡോക്ടർമാരുടെ മരുന്നു കുറിപ്പടികൾ ഓഡിറ്റ് ചെയ്ത ചരിത്രമുണ്ടോ. ഇനി മുതൽ ചെയ്യുമെന്ന് സർക്കാർ പറയുന്നുവെങ്കിൽ നല്ല കാര്യം. ഇതിനായി എന്തു നടപടികളാണ് സർക്കാർ ആലോചിക്കുന്നത്. സംഘടിത ശക്തിയായ ഡോക്ടർമാരോട് സർക്കാരിന് ഏറ്റുമുട്ടാനുള്ള ശേഷിയുണ്ടോ. മറ്റു പല മേഖലയിലെന്ന പോലെ ആരോഗ്യ മേഖലയിലും മാഫിയ സംഘങ്ങൾ വളർന്ന് കൊഴുക്കുകയാണ്.
ലോകജനതയുടെ ആരോഗ്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട ലോകാരോഗ്യ സംഘടന തന്നെ സംശയത്തിന്റെ നിഴലിലാണ്.
ലോക ബാങ്കിന്റെ കാര്യം പോലെ തന്നെയാണിതും. ജനജീവിതം ദുഷ്‌കരമാക്കാനാണ് ഇക്കൂട്ടരുടെയും ആസൂത്രണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചാൽ രോഗികളുടെ എണ്ണം കുറയാനിടയുണ്ട്. ഇത് തിരിച്ചറിഞ്ഞ ലോകാരോഗ്യ സംഘടന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിച്ചത് ഇവിടെ ഓർത്തുപോകുന്നു. ഇപ്പോൾ നിലപാടിൽ അവർ മാറ്റം വരുത്തിയിട്ടുണ്ട്. 2000 ാമാണ്ടോടെ എല്ലാവർക്കും ആരോഗ്യം എന്ന പഴയ മുദ്രാവാക്യം എല്ലാവരും മറന്ന മട്ടാണ്. ഇപ്പോൾ എല്ലാവരും മരുന്നിന്റെ അടിമകളായി മാറിക്കഴിഞ്ഞു.
ഒരനുഷ്ഠാനം പോലെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിക്കുന്നതായി അറിയുന്നുണ്ട്. എന്നാൽ ഈ മരുന്നുകൾ കമ്പോളങ്ങളിൽനിന്ന് യഥാർഥത്തിൽ പിൻവലിക്കപ്പെടുന്നുണ്ടോ. അതു തന്നെ കള്ളപ്പേരിൽ പുറത്തിറക്കപ്പെടുകയും ചെയ്യുന്നു. പൊതുജനത്തിന്റെ കണ്ണിൽ പൊടിയാടാനുള്ള തന്ത്രമെന്നല്ലാതെ എന്തു പറയാൻ. ഈ രംഗത്തെ കുറ്റവാളികൾ കാര്യമായി ശിക്ഷിക്കപ്പെട്ടതായി കേൾക്കാറില്ല.
എന്തായാലും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവർ അതു ചെയ്യുക തന്നെ വേണം. ജനത്തോട് കൂറും സ്‌നേഹവുമുള്ള പണമോഹികളല്ലാത്ത ഉദ്യോഗസ്ഥരെയും ആരോഗ്യ വിദഗ്ധരെയും മുന്നിൽ നിർത്തി ഈ മേഖല നന്നാക്കാനുള്ള പരിശ്രമം നടത്തണം. ഇല്ലെങ്കിൽ രോഗികളുടെ നാടായി നമ്മൾ മാറുമെന്ന കാര്യത്തിൽ സംശയമില്ല.