Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അയോധ്യയും ബിൽക്കീസും

ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ജുഡീഷ്യറിയിലും ഇനിയും ജനാധിപത്യ മതേതര വിശ്വാസികൾക്ക്  പ്രതീക്ഷയർപ്പിക്കാമെന്നു വ്യക്തമാക്കുന്ന രണ്ടു വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഔദ്യോഗികമായി പങ്കെടുക്കില്ലെന്ന കോൺഗ്രസ് തീരുമാനമാണ് ഒന്ന്. ബിൽക്കീസ് ബാനു കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവനുവദിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതാണ് മറ്റൊന്ന്. രാജ്യം നിർണായകമായ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ പോകുന്ന വേളയിൽ ഈ രണ്ടു വാർത്തകളും ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്.  
രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണെന്നാരോപിച്ചാണ് വിട്ടുനിൽക്കാനുള്ള കോൺഗ്രസ് തീരുമാനം. 'മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ബി.ജെ.പിയും ആർ.എസ്.എസും അയോധ്യയെ മുൻനിർത്തി കാലങ്ങളായി രാഷ്ട്രീയം കളിക്കുകയാണ്. ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ പൂർത്തിയാകാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തുന്നതു തെരഞ്ഞെടുപ്പിലെ നേട്ടം ലക്ഷ്യമിട്ടാണ്' -ഇങ്ങനെയാണ് ഇതുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ  പ്രസ്താവന. 2019 ലെ സുപ്രീം കോടതി വിധിയും ലക്ഷക്കണക്കിനു ശ്രീരാമ ഭക്തരുടെ വികാരവും മാനിച്ചു ഖാർഗെയും സോണിയ ഗാന്ധിയും അധീർ രഞ്ജൻ ചൗധരിയും ആർ.എസ്.എസ്/ബി.ജെ.പി പരിപാടിയെന്നു വ്യക്തമായ ചടങ്ങിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുകയാണ് എന്നും ജയറാം രമേശ് കൂട്ടിച്ചേർക്കുന്നു. 
തീർച്ചയായും വളരെ മൃദുവാണ് ഈ പ്രസ്താവന എന്നാരോപിക്കാം. എന്നാൽ കേരളത്തിലിരുന്ന് നമ്മൾ കരുതുന്ന പോലെയല്ലല്ലോ രാജ്യത്തെ പൊതുവായ അവസ്ഥ. നിലവിലെ സാഹചര്യത്തിൽ ഹിന്ദുത്വത്തിനെതിരെ അതിശക്തമായ നിലപാടെടുക്കാൻ ഒരു പാർട്ടിക്കും എളുപ്പമല്ല. ബാബ്‌രി മസ്ജിദ് തകർത്താണ് രാമക്ഷേത്രം നിർമിച്ചത്, അതിനാൽ തങ്ങൾ പങ്കെടുക്കില്ല എന്നാകണമായിരുന്നു പ്രസ്താവന എന്നു നമുക്ക് ആശിക്കാം. എന്നാലതത്ര എളുപ്പമല്ല. മാത്രമല്ല, അതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ അന്തിമവിധിയുടെ പശ്ചാത്തലത്തിലാണ് രാമക്ഷേത്ര നിർമാണം നടക്കുന്നത് എന്ന യാഥാർത്ഥ്യവും നിലനിൽക്കുന്നു. ഈ വിഷയത്തിൽ ഏറ്റവും എളുപ്പത്തിൽ നിലപാടെടുക്കാൻ കഴിയുന്ന സി.പി.എം പോലും തങ്ങളുടെ പ്രസ്താവനയിൽ ബാബ്‌രി മസ്ജിദ് എന്ന വാക്കുപയോഗിച്ചില്ല എന്നു മറക്കരുത്. പകരം പറഞ്ഞത് ചടങ്ങിനെ സർക്കാർ പരിപാടിയാക്കുന്നു എന്നാണ്. 
ബി.ജെ.പിയും ആർ.എസ്.എസും അയോധ്യയെ മുൻനിർത്തി കാലങ്ങളായി രാഷ്ട്രീയം കളിക്കുകയാണ് എന്നു പറയാനുള്ള ആർജവം കോൺഗ്രസ് പ്രകടമാക്കിയതിൽ അവരെ അഭിനന്ദിച്ചേ പറ്റൂ. ജയറാം രമേശിനേയും കെ.സി, വേണുഗോപാലിനേയും പോലുള്ള നേതാക്കളാണ് ഈ നിലപാടിനു പിറകിൽ എന്നു കരുതുന്നതിൽ തെറ്റില്ല. പാർട്ടിക്കകത്തു തന്നെ അതിരൂക്ഷമായ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുമ്പോഴാണ് ഈ പ്രഖ്യാപനമെന്നതും പ്രധാനമാണ്. എത്രയോ സീനിയറായ നേതാക്കളാണ് പരസ്യമായി തന്നെ ചടങ്ങിൽ പങ്കെടുക്കണമെന്ന അഭിപ്രായം പറഞ്ഞിട്ടുള്ളത്. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബി.ജെ.പിക്കല്ല, തങ്ങൾക്കാണെന്നു പറഞ്ഞ നേതാക്കളെപോലും നമ്മൾ കണ്ടല്ലോ. കോൺഗ്രസിൽ മാത്രമല്ല, ഇന്ത്യ സഖ്യത്തിലും ഇക്കാര്യത്തിൽ വലിയ ഭിന്നത നിലവിലുണ്ട്. എന്നാൽ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിൽ അതു വളരുമെന്നു ആരും പ്രതീക്ഷിക്കുന്നില്ല. 
വളരെ തന്ത്രപൂർവമാണ് കേന്ദ്ര സർക്കാരും ബി.ജെ.പിയും പ്രതിഷ്ഠാദിന പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. അതിലേറ്റവും പ്രധാനം പ്രതിപക്ഷ പാർട്ടി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതായിരുന്നു. അതിലൂടെ അവരെ അക്ഷരാർത്ഥത്തിൽ കെണിയിൽ പെടുത്തുകയായിരുന്നു. ഏറ്റവും പ്രതിസന്ധി നേരിട്ടത് സ്വാഭാവികമായും കോൺഗ്രസ് തന്നെ. മുകളിൽ പറഞ്ഞ പോലെ അയോധ്യയിലെ ക്ഷേത്രനിർമാണത്തിനു കാരണമായത് തങ്ങളുടെ നടപടികളായിരുന്നു എന്നു വാദിക്കുന്ന നേതാക്കൾ ആ പാർട്ടിയിലുണ്ടല്ലോ. അതിൽ കുറെ ശരിയില്ല എന്നു പറയാനുമാകില്ല. ബാബ്‌രി മസ്ജിദ് കോമ്പൗണ്ടിൽ രാമാരാധനക്കുള്ള അനുമതി ആദ്യം നൽകിയത് രാജീവ് ഗാന്ധിയായിരുന്നല്ലോ.  ബാബ്‌രി മസ്ജിദ് തകർത്തത് കോൺഗ്രസ് ഭരിക്കുമ്പോൾ തന്നെ. അന്നവർ ഒന്നും ചെയ്യാതെ മൂകസാക്ഷിയായി ഇരിക്കുകയായിരുന്നു. വാസ്തവത്തിൽ ഹിന്ദുവോട്ടുകളിലൂടെ അധികാരത്തിലെത്താൻ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ അതേ കാർഡിറക്കി അവരോട് മത്സരിക്കുകയായിരുന്നു കോൺഗ്രസ്. എന്നാൽ പിന്നീട് ബി.ജെ.പി ഒരു ഹിന്ദുത്വ വർഗീയ ഫാസിസ്റ്റ് പാർട്ടിയായി മാറുന്നതും മസ്ജിദ് തകർക്കുന്നതും രാജ്യമാകെ വർഗീയ കലാപങ്ങളും വംശഹത്യകളും നടത്തി, മുസ്‌ലിം വിരുദ്ധ വികാരം ഇളക്കിവിട്ട് അധികാരത്തിലേക്ക് മാർച്ച് ചെയ്യുന്നതുമാണ് നാം കണ്ടത്. അതിന്റെ തുടർച്ചയാണ് രാമക്ഷേത്ര പ്രതീഷ്ഠാ ചടങ്ങും. 
സത്യത്തിൽ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ തന്നെ മിക്ക പാർട്ടികളുടേയും നിലപാടുകൾ നാം കണ്ടതാണ്. മുഖ്യമന്ത്രിമാരടക്കമുള്ള പല കോൺഗ്രസ്  നേതാക്കളും അതിനെ പിന്തുണക്കുകയായിരുന്നു. അവരിൽ പുതുതലമുറയുടെ പ്രതിനിധി പ്രിയങ്കാഗാന്ധിയും പെട്ടിരുന്നു. വ്യത്യസ്ത അഭിപ്രായക്കാർ ആരെങ്കിലുമുണ്ടെങ്കിൽ തന്നെ വാ തുറന്നതുമില്ല. കോൺഗ്രസ് മാത്രമല്ല, രാജ്യത്തെ ഏതെങ്കിലും പാർട്ടി അതിനെതിരെ ശക്തമായി രംഗത്തുവന്നതുമില്ല. സത്യത്തിൽ ഹിന്ദുത്വത്തിന്റെ മൃദുരൂപം പറഞ്ഞ് ബി.ജെ.പിയെ നേരിടാനാകുമെന്ന ഇവരിൽ പലരുടേയും ധാരണ തെറ്റാണ്. അതാണ് രാജസ്ഥാനിലേയും മധ്യപ്രദേശിലേയും നിയമസഭാ തെരഞ്ഞെടുപ്പുഫലങ്ങൾ വ്യക്തമാക്കുന്നത്. ഹിന്ദുത്വം പറയാൻ ബി.ജെ.പിയുള്ളപ്പോൾ വേറെ പാർട്ടി എന്തിനാണ്. ഫലത്തിൽ ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാകുകയാണ് അതിലൂടെ സംഭവിക്കുക. എന്നിട്ടും പ്രതിഷ്ഠ നടക്കുന്ന 22 ാം തീയതി സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകൾ നടത്താൻ ഉത്തരവിട്ട കർണാടക സർക്കാരിന്റെ തീരുമാനത്തിനു പിറകിൽ എന്താണെന്നു മനസ്സിലാകുന്നില്ല. 
ഇത്തവണ 400 സീറ്റ്് നേടി, തങ്ങളുടെ അജണ്ട പരിപൂർണമായി നടപ്പാക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതിനുള്ള ഉപകരണം മാത്രമാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള രാമക്ഷേത്ര ഉദ്ഘാടനം എന്നത് പകൽ പോലെ പ്രകടം. വൻ പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്യുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് രണ്ടു കോടിയോളം പേരെ അയോധ്യയിലെത്തിക്കാനാണ് നീക്കം. അതിനായി ആയിരക്കണക്കിനു തീവണ്ടി സർവീസുകളും വിമാനങ്ങളും മറ്റു വാഹനങ്ങളുമാണ് ഉപയോഗിക്കാൻ പോകുന്നത്. ഭാരത് ദർശൻ യാത്ര എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ ന്യായ് യാത്ര തുടങ്ങുമ്പോൾ തന്നെയാണ് ഈ യാത്രയെന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിനു കോടി രൂപയാണ് അയോധ്യ നഗരത്തിന്റെ വികസനത്തിനായി ചെലവഴിക്കാൻ പോകുന്നത്. ഇത്തരം അതിസങ്കീർണ സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നതാണ് ജനാധിപത്യ, മതേതരവാദികൾക്ക് പ്രതീക്ഷ നൽകുന്നത്. രാജ്യത്തെ എല്ലാ മതേതര ജനാധിപത്യ പാർട്ടികൾക്കും ഈ തീരുമാനം പ്രചോദനമാകുമെന്നതിലും സംശയമില്ല. 
ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസിലേക്കു വരുമ്പോഴും ആശ്വാസകരമായ തീരുമാനമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. ജുഡീഷ്യറിയുടെ വിശ്വാസ്യത വർധിപ്പിക്കുന്ന വിധി.  ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം വിനിയോഗിച്ചാണ് പ്രതികൾക്ക് ശിക്ഷ ഇളവു നൽകിയതെന്നും അത് റദ്ദാക്കുന്നു എന്നും പ്രതികൾ രണ്ടാഴ്ചക്കുള്ളിൽ ജയിലിൽ തിരിച്ചെത്തണമെന്നുമാണ് വിധി. തീർച്ചയായും മഹാരാഷ്ട്രാ സർക്കാരിനെ പ്രതികൾ സമീപിച്ചാൽ ശിക്ഷാ ഇളവു കൊടുക്കില്ലേ, അതു തടയാൻ കോടതിക്കാവുമോ എന്ന ചോദ്യങ്ങളൊക്കെ ഉയരുന്നുണ്ട്. പ്രതികളാകട്ടെ ജയിലിൽ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കാനും വയ്യ. അവർ ഒളിവിൽ പോയിക്കഴിഞ്ഞു. അപ്പോഴും മുകളിൽ വിവരിച്ച രീതിയിൽ രക്തപ്പുഴകളിൽ നീന്തി അധികാരത്തിലെത്തിയ ബി.ജെ.പിയുടെ ജൈത്രയാത്രയിലെ ഏറ്റവും ഭയാനകമായ ഒരു അധ്യായത്തെയാണ് സുപ്രീം കോടതി വീണ്ടും പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്. അതും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പും അതിനു മുന്നോടിയായി കൊട്ടിഘോഷിച്ച് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം നടക്കുന്ന വേളയിൽ. അതിനാലാണ് ഈ വിധി ഏറെ പ്രസക്തമാകുന്നത്. 
വാൽക്കഷ്ണം - വീണ്ടും അധികാരത്തിലെത്താനാണ് ഇപ്പോൾ നടത്തുന്ന രാമക്ഷേത്ര ഉദ്ഘാടനം എന്നു വിലയിരുത്തുമ്പോഴും മറ്റൊന്നു മറക്കരുത്. തങ്ങൾ വിഭാവനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രത്തിലെ ഭരണഘടന എന്തായിരിക്കുമെന്നതിന്റെ സൂചന ഇതിൽ വ്യക്തമാണ്. ഒറ്റ ഉദാഹരണം മാത്രം മതി അതു മനസ്സിലാക്കാൻ. രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല എന്നതാണത്. കാരണം ഇവിടെ വ്യക്തമാക്കേണ്ടതില്ലല്ലോ. തങ്ങളുടെ ഭരണഘടന രചിച്ചത് അംബേദ്കറല്ല, മനുവാണെന്നാണ് അവരിതിലൂടെ പ്രഖ്യാപിക്കുന്നത്. പിന്നാലെ രാഷ്ട്രപിതാവായ ഗാന്ധിക്കും രാഷ്ട്രശിൽപിയായ നെഹ്‌റുവിനും ഇവർ പകരക്കാരെ കൊണ്ടുവരും. അതിന്റെയെല്ലാം വ്യക്തമായ പ്രഖ്യാപനമാണ് ജനുവരി 22 ന് അയോധ്യയിൽ നടക്കാൻ പോകുന്നത്.

Latest News