കൊച്ചി - വിദേശത്തുനിന്ന് ലഹരി പാഴ്‌സലായി ഇറക്കുമതി ചെയ്ത അഞ്ചുപേര്‍ അറസ്റ്റില്‍. പോസ്റ്റ് ഓഫീസ് വഴി വന്ന സ്റ്റാമ്പുകളുടെ രൂപത്തിലുള്ള ലഹരി പദാര്‍ഥമാണ് പിടികൂടിയത്. ചിറ്റൂര്‍ റോഡിലെ വിദേശകാര്യ പോസ്റ്റ് ഓഫീസിലൂടെയാണ് ലഹരി നാട്ടിലെത്തിയത്. ലഹരിക്കടത്ത് സംഘത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റ് ചെയ്തു.
കാക്കനാട് സ്വദേശികളായ എബിന്‍, ഷാരോണ്‍, ആലുവ സ്വദേശി ശരത്ത് എന്നിവരുടെ പേരിലാണ് വിദേശത്തുനിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി എത്തിയത്. പാഴ്‌സല്‍ തുറന്നുപരിശോധിച്ചപ്പോഴാണ് ഇത് ലഹരിപദാര്‍ഥമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എന്‍.സി.ബി നടത്തിയ അന്വേഷണത്തില്‍ കൊച്ചി, കാക്കനാട്, ആലുവ, എരൂര്‍ പ്രദേശങ്ങളില്‍നിന്ന് അഞ്ചുപേരെ പിടികൂടുകയായിരുന്നു.
പ്രതികളില്‍നിന്ന് മുന്നൂറ് ലഹരി സ്റ്റാമ്പുകള്‍ പിടികൂടി. ഇവര്‍ കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി സ്റ്റാമ്പ് വിതരണം ചെയ്തതായി കണ്ടെത്തി. ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍നിന്നാണ് പാഴ്‌സല്‍ പോസ്റ്റ് വഴി എത്തിയത്. സംഘം ഇതിനു മുമ്പും രാജ്യത്തെ പല ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും ലഹരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്തിരുന്നു. സമീപകാലത്ത് ഇത് ആദ്യമായാണ് വിദേശത്തുനിന്ന് പോസ്റ്റ് വഴി ലഹരി ഇറക്കുമതി ചെയ്ത് പിടികൂടുന്നത്.