മലപ്പുറം- മലപ്പുറം വഴിക്കടവില്‍ റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് ബൈത്ത് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. വഴിക്കടവ് നെല്ലിക്കുത്ത്-രണ്ടാംപാടം റോഡിലാണ് സംഭവം. മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് പരുക്കേറ്റത്. എന്നാല്‍ പുലിയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. പന്താര്‍ അസര്‍ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, വഴിക്കടവ് നെല്ലിക്കുത്ത്-രണ്ടാംപാടം റോഡില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്ന് അസര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ട് ഭയന്ന് താന്‍ ഒരു വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് അസര്‍ പറഞ്ഞു. അസറിന്റെ തുടയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.