കോഴിക്കോട് - കേരളത്തെ ആകെ നടുക്കിക്കളഞ്ഞ കൂടത്തായി സയനൈഡ് കൂട്ടക്കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ് (51) ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങുമോ? ഇറങ്ങുമെന്ന പൂര്‍ണ്ണ ആത്മവിശ്വസത്തിലാണ് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി എ ആളൂരും, പ്രതിയായ ജോളിയും. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള എല്ലാ തന്ത്രങ്ങളും അഭിഭാഷകന്റെ കൂര്‍മ്മ ബുദ്ധിയില്‍ ജോളി പൂര്‍ത്തിയാക്കി കഴിഞ്ഞു, കൊടും ക്രിമനലുകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന അഡ്വ. ബി എ ആളൂര്‍ എന്ന അഭിഭാഷകന്റെ തന്ത്രപരമായ നീക്കങ്ങളാണ് ജോളി ജയിലില്‍ നിന്ന് പുറത്തിറങ്ങുമോയെന്ന് ആശങ്ക ഇപ്പോള്‍ ഉണ്ടാക്കിയിട്ടുള്ളത്.
തനിക്കെതിരെയുള്ള കേസുകളില്‍ തെളിവുകളൊന്നും ഇല്ലെന്നും തന്നെ കുറ്റ വിമുക്തമാക്കണമെന്നും ആവശ്യപ്പെട്ട് ജോളി ജോസ്ഫ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത് അഡ്വ ബി എ ആളൂരിന്റെ കാഞ്ഞ ബുദ്ധിയിലാണ്. വളരെ നിര്‍ണ്ണായക ഘട്ടത്തില്‍ കൃത്യസമയത്ത് തന്നെയാണ് സുപ്രീം കോടതിയില്‍ ജോളിയ്ക്കായി ഹര്‍ജി നല്‍കിയിരിക്കുന്നത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനാല്‍ ആളൂര്‍ നേരിട്ടല്ല ജോളിക്ക് വേണ്ടി സൂപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ സച്ചിന്‍ പവഹയാണ് ജോളിയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായാതെങ്കിലും ഈ ഹര്‍ജിക്ക് പിന്നിലുള്ള എല്ലാ ബുദ്ധിയും അഡ്വ. ആളൂരിന്റെതാണ്. കേസില്‍ തന്നെ കുറ്റവിമുക്തയാക്കണമെന്നും വിചാരണ നിര്‍ത്തിവെയ്ക്കണമെന്നും ജോളി ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീം കോടതി മാറ്റിവെച്ചിരിക്കുകയാണ്.
ജോളി ജയില്‍ മോചിതയായേക്കുമൊയെന്ന ആശങ്ക പരക്കുന്നത് എന്തുകൊണ്ട് ?
ഒരു സിനിമാ കഥയെ വെല്ലുന്ന രീതിയിലാണ് കൂടത്തായിയിലെ കൂട്ടക്കൊലപാതകത്തെ കുറിച്ച് കേരളം കേട്ടത്. അതിലെ ദുരൂഹതകളും നിഗൂഡതകളും കുറ്റകൃത്യം നടപ്പാക്കിയ രീതികളുമെല്ലാം ഓരോന്നായി പുറത്തെത്തിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങുകയായിരുന്നു. 2002 മുതല്‍ 2016 വരെയുള്ള പതിനാല് വര്‍ഷത്തനിടയ്ക്ക് തന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ ജോളി തോമസ് പല ഘട്ടങ്ങളിലായി വിഷം നല്‍കി കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് കേസ്. ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, ഭര്‍തൃമാതാവിന്റെ സഹോദരനായ എം എം മാത്യു, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലി, ഇവരുടെ മകള്‍ ആല്‍ഫൈന്‍ എന്നിവരെയാണ് ഒരു സംശയത്തിനും ഇടവരുത്താത്ത വിധത്തില്‍ ജോളി സയനൈഡ് നല്‍കിയും നായയെ കൊല്ലുന്ന വിഷം നല്‍കിയും കൊലപ്പെടുത്തിയത്. 2019 ഒക്ടബോര്‍ അഞ്ചിനാണ് കേസിലെ മുഖ്യപ്രതിയും എല്ലാത്തിന്റെയും ആസൂത്രകയുമായ ജോളി ജോസഫ് അറസ്റ്റിലാകുന്നത്. നാലു വര്‍ഷത്തിലേറെയായി വിചാരണത്തടവുകാരിയായി ജോളി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയാണ്.
നിലവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ഇപ്പോള്‍ പ്രത്യേക കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ഈ കേസിലാണ് ജോളിക്കെതിരെ ഏറ്റവും ശക്തമായ തെളിവുകളുള്ളത്. എന്നാല്‍ ആ തെളിവുകള്‍ പലതും ജോളിയുടെ കേസ് വാദിക്കാനായി സ്വമേധയാ എത്തിയ അഡ്വ. ബി എ ആളൂര്‍ കോടതിയില്‍ പൊളിച്ചടുക്കിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും തന്നെ ജയില്‍ മോചിതയാക്കണമെന്നും ആവശ്യപ്പെട്ട് ജോളിയുടെ ഹര്‍ജി സുപ്രീം കോടതിയിലെത്തിയത്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചതടക്കം നിരവധി കൊടും ക്രിമിനലുകളെ നിയത്തിന്റെ പിടിയില്‍ രക്ഷിച്ച അഡ്വ. ആളൂരിന്റെ കൂടത്തായി കേസിലെ ഏറ്റവും ബുദ്ധി പരമായ നീക്കമായാണ് സുപ്രീം കോടതിയിലെ ഈ ഹര്‍ജി വിശേഷിപ്പിക്കപ്പെടുന്നത്.
നിയമത്തിലെ പല പഴുതുകളും ഇപ്പോള്‍ ജോളിക്ക് അനുകൂലമാണ്. ഈ പഴുതുകളെ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നത് അനുസരിച്ചായിരിക്കും ജോളിയുടെ ജയില്‍വാസത്തിലെ തീരുമാനം. ഭര്‍ത്താവ് റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ വിചാരണയാണ് ഇപ്പോള്‍ പ്രത്യേക കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഏതാണ്ട് അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രോസിക്യൂഷന്‍ കൊണ്ടു വന്ന പ്രധാന സാക്ഷികളുടെയെല്ലാം വിസ്താരം പൂര്‍ത്തിയായി. ഇനി ജോളിക്കെതിരെയുള്ള അഞ്ച് കേസുകള്‍ കൂടി വിചാരണക്കെടുക്കേണ്ടതുണ്ട്. ഇത് എത്ര വേഗത്തില്‍ നടത്തിയാലും തീര്‍പ്പിലെത്താന്‍ ഏറ്റവും ചുരുങ്ങിയത് ആറ് വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്. ഈ കേസുകളില്‍ ജോളിക്കെതിരെ കാര്യമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്നത്.
റോയ് മാത്യുവിനെ കൊന്ന കേസില്‍ വിചാരണ അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തില്‍ ഇനിയും ജോളിയെ ജയിലില്‍ കിടത്തുന്നത് എന്തിനാണെന്ന ചോദ്യമാണ് അഡ്വ. ആളൂര്‍ സുപ്രീം കോടതിയില്‍ ഉന്നയിക്കുക. മുഴുവന്‍ കേസുകളുടെയും വിചാരണ പൂര്‍ത്തിയാകുന്നത് വരെ കാത്തിരക്കണമെങ്കില്‍ ജോളി ഇനിയും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വരും. അത് കഴിഞ്ഞ് കേസുകളില്‍ നിരപരാധിയാണെന്ന് വിധിക്കപ്പെടുകയാണെങ്കില്‍ ചെയ്യാത്ത കുറ്റത്തിന് വര്‍ഷങ്ങളോളം ജയിലില്‍ കിടക്കേണ്ടി വന്നതിന് ആര് ഉത്തരം പറയും എന്ന പ്രസക്തമായ ചോദ്യമായിരിക്കും കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കുക. ആറ് കൊലപാതകങ്ങളും നേരിട്ട് കണ്ടതിന് സാക്ഷികളില്ലാത്തതും അഞ്ച് കൊലപാതകങ്ങളും നടത്തിയത് സയനൈഡ് നല്‍കിയാണെന്നാണ് കേസെങ്കിലും ഇതില്‍ നാല് മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശം കണ്ടെത്താതിരുന്നതുമെല്ലാം ജോളിയെ പുറത്തിറക്കുന്നതിന് സുപ്രീം കോടതിയില്‍ പ്രതിഭാഗത്തിനുള്ള തുറുപ്പ് ചീട്ടാണ്. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ തോമസിനെ കൊലപ്പെടുത്തിയത് പട്ടിയെ കൊല്ലുന്ന വിഷം ഉപയോഗിച്ചും ബാക്കി എല്ലാവരെയും സയനൈഡ് ഉപയോഗിച്ചുമാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
തെളിവുകളില്ലെന്ന വാദം ഉന്നയിക്കും
കൂട്ടക്കൊലപാതക്കേസില്‍ നാല്ു വര്‍ഷത്തിലേറെയായി ജോളി ജോസഫ് ജയിലില്‍ കഴിയുകയാണെന്നും കേസുകളില്‍ തെളിവുകളില്ലെന്ന ഏറ്റവും പ്രധാന വാദമാണ് സുപ്രീം കോടതിയില്‍ അഡ്വ. ആളൂരും സഹഅഭിഭാഷകരും ഉന്നയിക്കുക. ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘവും പ്രോസിക്യൂഷനും പറയുന്നത് ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകത്തിലാണ്. അതുകൊണ്ട് തന്നെയാണ് ഈ കേസ് ആദ്യം തന്നെ വിചാരണക്കായി പ്രോസിക്യൂഷന്‍ കോടതിയില്‍ കൊണ്ടു വന്നതും. ഈ കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലായ സാഹചര്യത്തില്‍ പ്രതിയ്ക്ക് സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ടെന്നാണ് പ്രതിഭാഗം ഉന്നയിക്കുക. മറ്റ് നിരവധി കേസുകളില്‍ ഈ കാര്യം ഉയര്‍ത്തിക്കാട്ടി പ്രതികള്‍ ജാമ്യം നല്‍കിയതും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും. നാല് പേരുടെ കൊലപാതകത്തില്‍ ചുമത്തിയ കുറ്റം പ്രാഥമികമായി പോലും അന്വേഷണ സംഘത്തിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന വാദവും സുപ്രീം കോടതിയില്‍ നിര്‍ണ്ണായകമാകും. ഭക്ഷണത്തിലും ജ്യൂസിലും സയനൈഡ് കലര്‍ത്തിയാണ് മറ്റ് നാല് പേരെയും കൊലപ്പെടുത്തിയതെങ്കിലും ഇവരുടെ മൃതശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടില്ലതിനാല്‍ പ്രാഥമികമായി പോലും കുറ്റകൃത്യം നിലനില്‍ക്കില്ലെന്നും സുപ്രീം കോടതിയില്‍ ജോളിയുടെ അഭിഭാഷകര്‍ വാദിക്കും. എന്നാല്‍ മരണം സംഭവിച്ച സമയത്ത് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്താതിരുന്നതുകൊണ്ടും പിന്നീട് മൃതദേഹാവശിഷ്ടങ്ങള്‍ക്ക് ഒരുപാട് കാലത്തെ പഴക്കം ചെന്നതുകൊണ്ടുമാണ് സയനൈഡിന്റെ സാന്നിധ്യം തിരിച്ചറിയാത്തതെന്ന പ്രോസിക്യൂഷന്റെ വാദത്തിന് സുപ്രീം കോടതിയില്‍ ബലം കിട്ടുമോയെന്ന കാര്യം സംശയമാണ്.
എന്തിന് സുപ്രീം കോടതിയില്‍ പോയി
തനിക്കെതിരെ ഉന്നയിക്കപ്പെട്ട കേസുകളില്‍ തെളിവുകളില്ലാത്തതിനാല്‍ ജയില്‍ മോചിതയാക്കണമെന്നും കേസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജോളി ജോസഫ് എന്തിന് നേരിട്ട് സുപ്രീം കോടതിയില്‍ പോയി എന്ന ചോദ്യം പ്രസക്തമാണ്. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസ് എന്ന നിലയില്‍ കേരള ഹൈക്കോടതിയില്‍ നിന്ന് ജോളിയ്ക്ക് അനുകൂലമായ എന്തെങ്കിലും വിധി സമ്പാദിക്കുകയെന്നത് എളുപ്പമല്ലെന്ന് അഡ്വ. ബി എ ആളൂരിന് കൃത്യമായ ബോധ്യമുണ്ട്. കേസിലെ മെറിറ്റിനേക്കാള്‍ ഇത് സമൂഹത്തിലുണ്ടാക്കിയ ഭയവും വൈകാരിക ചലനങ്ങളുമൊക്കെയാകും ഹൈക്കോടതി പ്രധാനമായും പരിഗണിക്കുക. ഇതുകൊണ്ട് തന്നെ ജോളിയുടെ കാര്യത്തില്‍ വൈകാരികമായ വിഷയങ്ങള്‍ ഹൈക്കോടതിയെ വലിയ തോതില്‍ സ്വാധീനിക്കും. എന്നാല്‍ നേരിട്ട് സുപ്രീം കോടതിയില്‍ പോകുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങൊന്നും ഉദിക്കുന്നില്ല. പ്രതിക്കെതിരെയുള്ള തെളിവുകള്‍ ശക്തമല്ലെന്ന് തെളിയിക്കാനായാല്‍ നിയമത്തിന്റെ വലിയ ആനൂകൂല്യം നേടാന്‍ പ്രതിഭാഗത്തിന് കഴിയും. ഈ പൂഴിക്കടകന്‍ തന്നെയാണ് പ്രതിഭാഗം സുപ്രീം കോടതിയില്‍ പരീക്ഷിക്കുക.
തെളിവുകളുടെ അഭാവവും, കൂട്ടിയിണക്കുകയെന്ന സാഹസവും
താന്‍ എംകോം ബിരുദധാരിയാണെന്നും തനിക്ക് ഗസ്റ്റ് ലക്ച്വറായി ജോലിയുണ്ടെന്നതും അടക്കം പറഞ്ഞ നിരവധി കള്ളങ്ങള്‍ ഭര്‍തൃമാതാവ് 57 വയസ്സുരിയായ അന്നമ്മ തോമസ് പിടിക്കുമോയെന്ന ഭയമാണ് ആദ്യം തന്നെ അവരെ കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം. അന്ന് മുതല്‍ കൊലപാതക പരമ്പര ആരംഭിക്കുകയായിരുന്നു. പട്ടിയെ കൊല്ലനുള്ള വിഷം ഭക്ഷണത്തില്‍ കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്തിയത്. സ്വത്ത് കൈവശപ്പെടുത്തുകയെന്ന ജോളിയുടെ അത്യാഗ്രഹവും തര്‍ക്കങ്ങളും വിവാഹ ബന്ധത്തിലെ പ്രശ്‌നങ്ങളുമാണ് റോയ് മാത്യവിനെയും അദ്ദേഹത്തിന്റെ പിതാവ് ടോം തോമസിനെയും അന്നമ്മയുടെ സഹോദരന്‍ മാത്യുവിനെയും കൊലപ്പെടുത്താന്‍ കാരണമായത്. ജോളിയുടെ രണ്ടാം ഭര്‍ത്താവായ ഷാജു സക്കറിയയെ സ്വന്തമാക്കാനാണ് അയാളുടെ ഭാര്യ സിലിയെയും മകള്‍ ആല്‍ഫൈനെയും ഷാജു സക്കറിയ അറിയാതെ ജോളി കൊലപ്പെടുത്തിയത്. ഇങ്ങനെ നിരവധി ദുരൂഹതകളും നിഗൂഡതകളും നിറഞ്ഞതാണ് കൂടത്തായി കേസ്. ദൃക്‌സാക്ഷികളോ, കുറ്റമറ്റ തെളിവുകളോ ആ കേസുകളിലൊന്നും ഇല്ലാത്ത സ്ഥിതിയുണ്ട്. മാത്രമല്ല, കിട്ടിയ പല തെളിവുകളും കൂട്ടിയിണക്കുകയെന്നത് വലിയ സാഹസമാണ്. അതുകൊണ്ട് തന്നെ ശാസ്ത്രീയമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്.
റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. അതുകൊണ്ട് തന്നെ മറ്റു കൊലപാതകങ്ങളുടെ കാര്യത്തില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവവും നിഴലിക്കുന്നുണ്ട്. ആറു കൊലപാതകങ്ങളില്‍ ഏതെങ്കിലും ഒന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ജോളിയെ പൂട്ടാന്‍ പ്രോസിക്യൂഷന് കഴിയും. റോയ് തോമസിന്റെയും അന്നമ്മ തോമസിന്റെയും കേസുകളിലാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ മുഴുവന്‍. അതുകൊണ്ട് തന്നെയാണ് പ്രോസിക്യൂഷന് കൂടുതല്‍ ആത്മവിശ്വാസമുള്ള റോയ് തോമസിന്റെ കൊലപാതകം തന്നെ ആദ്യം വിചാരണക്കെടുത്തത്. എന്നാല്‍ പ്രതിഭാഗം വലിയ ആത്മവിശ്വാസത്തിലാണ്. കേസില്‍ ശക്തമായ തെളിവുകളില്ലാത്തതും മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും നാല് വര്‍ഷത്തിലേറക്കാലം ജയില്‍ കിടന്നതുമെല്ലാം പരിഗണിച്ച് ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതിഭാഗത്തിന്റെ പൂര്‍ണ്ണ പ്രതീക്ഷ. കേസ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചതല്ലാതെ അതില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷ പ്രതിഭാഗത്തിനില്ല.
ജോളിയുടെ അസുഖം
ജോളിയ്ക്ക് കാര്യമായുള്ള ചില അസുഖങ്ങള്‍ ഉള്ളതായും അതിന് വേണ്ടി ദീര്‍ഘകാലം ചികിത്സ വേണമെന്നതടക്കമുള്ള വാദങ്ങളും സുപ്രീം കോടതിയില്‍ പ്രതിഭാഗം ഉന്നയിക്കാന്‍ സാധ്യതയുണ്ട്. പ്രമാദമായ മറ്റ് പല കുറ്റകൃത്യങ്ങളിലും നിശ്ചിത കാലത്തെ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ ജാമ്യം ലഭിക്കാറുള്ളതും കൃത്യമായ തെളിവുകള്‍ പോലുമില്ലാത്ത കേസുകളില്‍ ഒരു സ്ത്രീയെ വിചാരണയുടെ പേരില്‍ അനിശ്ചിത കാലത്തേക്ക് ജയിലിലിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നതടക്കമുള്ള കാര്യങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടും. ഇത്തരത്തില്‍ ജോളിയെ പുറത്തിറക്കുന്നതിന് അനുകൂലമായ നിരവധി കാര്യങ്ങളുണ്ടെന്നാണ് അഡ്വ. ആളുരിന്റെ ആത്മവിശ്വാസം. ഈ അത്മവിശ്വാസത്തിന്റെ ബലത്തില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന പൂര്‍ണ്ണ പ്രതീക്ഷയാണ് ജോളിക്കുള്ളത്. അതേസമയം സുപ്രീം കോടതിയില്‍ പ്രതിഭാഗത്തിന്റെ വാദമുഖങ്ങളെ എങ്ങനെ പൊളിച്ചടുക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് പോലീസും പ്രോസിക്യൂഷനും.
കൂറുമാറുന്ന സാക്ഷികള്‍
റോയ് തോമസിന്റെ കൊലപാതകത്തിലെ വിചാരണ കോഴിക്കോട് പ്രത്യേക കോടതിയില്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുന്നതും പ്രോസിക്യൂഷന് വലിയ തിരിച്ചടിയാണ്. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത കേസിലെ പ്രതി സ്വര്‍ണപ്പണിക്കാരന്‍ പ്രജി കുമാറിന്റെ ഭാര്യ അടക്കം ആറ് പേര്‍ ഇത് വരെ കൂറുമായിട്ടുണ്ട്. സാക്ഷികളുടെ കൂറുമാറ്റം തുടര്‍ക്കഥയാകുമ്പോഴും കേസിലെ പ്രധാന സാക്ഷികളായ ജോളിയുടെ മകനും കൂട്ടക്കൊലപാതകം നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടു വരുന്നതിനായി ആദ്യം പരാതി നല്‍കിയ കൊല്ലപ്പെട്ട റോയ് തോമസിന്റെ സഹോദരങ്ങളും ജോളിക്കെതിരെയുള്ള മൊഴികളില്‍ ഉറച്ച് നില്‍ക്കുന്നത് പ്രോസിക്യൂഷന് പ്രധാന പിടിവള്ളിയാണ്.