Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ വലിയ ഇടപാട്; കണക്ക് ചോദിച്ച് ഇന്‍കം ടാക്‌സ് നോട്ടീസ്

ദുബായ്- നാട്ടില്‍ നടത്തിയ വലിയ ഇടപാടുകളുമായി ബന്ധപ്പെട്ട് വിശദീകരണം ചോദിച്ച് നിരവധി പ്രവാസികള്‍ക്ക് ഇന്ത്യയിലെ ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഇത്തരം അറിയിപ്പുകള്‍ ലഭിച്ച പ്രവാസികള്‍ അടുത്ത ഘട്ടം എന്തായിരിക്കുമെന്ന ആശങ്കയിലാണ്. കേന്ദ്രസര്‍ക്കാര്‍ പ്രവാസികളെ എങ്ങനെയെങ്കിലും നികുതി വലയില്‍ ഉള്‍പ്പെടുത്തുമെന്ന ഭീതിയും ആശങ്കയും നിലനില്‍ക്കെയാണ് അതു ശരിവെച്ചുകൊണ്ട് ആദായ നികുതി വകുപ്പ് എന്‍.ആര്‍.ഐകളുടെ പിന്നാലെ കൂടൂന്നത്. നാട്ടില്‍ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ നിരീക്ഷണത്തിലാണെന്ന വസ്തുതക്കും ഇത് അടിവരയിടുന്നു.
എന്‍.ആര്‍.ഐ സ്റ്റാറ്റസുള്ളവര്‍ക്ക് വിദേശത്തെ വരുമാനത്തിന് ആദായ നികുതി ബാധകമല്ലെങ്കിലും നാട്ടിലെ വരുമാനത്തിന് നികുതി ബാധകമാണ്. അതുകൊണ്ടുതന്നെ റിയാല്‍ എസ്റ്റേറ്റ്, ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍ നടത്തുന്നവര്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. വരുമാനത്തിന്റെ സ്രോതസ്സില്‍ നികുതി ഈടാക്കുന്നുണ്ടെങ്കിലും ഓഹരി വിപണിയിലും മറ്റും നഷ്ടമുണ്ടാകുമ്പോള്‍ നേരത്തെ ലാഭത്തിന് ഈടാക്കിയ നികുതി തിരികെ ലഭിക്കണമെങ്കിലും നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് ആവശ്യമാണ്.

ആവിയായി പോയ സര്‍വീസ് മണി; പ്രവാസിയുടെ ദുരനുഭവം, നിങ്ങള്‍ക്കും പാഠം

കശാപ്പ് സംഘത്തില്‍ ഗോ സംരക്ഷക സംഘത്തിന്റെ ജില്ലാ നേതാവും, പോലീസിനോട് ഏറ്റുമുട്ടി

2023-24ലെ ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ എന്ന തലക്കെട്ടിലുള്ള ഇ മെയില്‍, എസ്.എം.എസ് അറിയിപ്പുകളാണ് വിവിധ ഗള്‍ഫ് നാടുകളിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിച്ചത്. ഇന്ത്യയില്‍ നടത്തിയ ചില ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ ഫയല്‍ ചെയ്ത ആദായ നികുതി റിട്ടേണില്‍ (ഐടിആര്‍) കാണിച്ചിട്ടില്ലെന്നാണ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇടപാടുകളെ കുറിച്ചുള്ള ഫീഡ്ബാക്ക് നല്‍കാനോ പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാനോ ആണ് പ്രവാസികളോട് ആവശ്യപ്പെടുന്നത്.
നാട്ടില്‍ സ്വത്ത് വാങ്ങുക, മ്യൂച്വല്‍ ഫണ്ട് വാങ്ങുക,  ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് അക്കൗണ്ട്(എഫ്.സി.എന്‍.ആര്‍) നിക്ഷേപം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാണ് ആദായ നികുതി വകുപ്പ്  ഇടപാടുകളുടെ വിശദാംശങ്ങള്‍ തയാറാക്കുന്നത്.  പട്ടികയില്‍ കാണിച്ചിരിക്കുന്ന തുക ചിലപ്പോള്‍ രണ്ടുതവണ ആവര്‍ത്തിച്ചതോ യഥാര്‍ത്ഥ തുകയും രേഖപ്പെടുത്തിയിരിക്കുന്ന തുകയും വ്യത്യസ്തമാകുകയോ ചെയ്യാം. നികുതി വിദഗ്ധരായിരിക്കും ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുക.
കഴിഞ്ഞ മൂല്യനിര്‍ണയ വര്‍ഷത്തില്‍ വരുമാനം ഇല്ലാതായതോ  കുറവുണ്ടായതോ ആകാം ആദായ നികുതി വകുപ്പിന്റെ സംശയത്തിനു കാരണം.
നികുതി പുനര്‍മൂല്യനിര്‍ണയ നോട്ടീസിന് മറുപടി നല്‍കുന്നതിനുള്ള സമയപരിധി  സെക്്ഷന്‍ 148 എ പ്രകാരം നോട്ടീസ് ലഭിച്ച തീയതി മുതല്‍ 60 ദിവസമാണ്. ഓരോ അറിയിപ്പിലും നികുതി ഫയലിംഗിനുള്ള സമയ പരിധി വ്യക്തമാക്കുകയും ചെയ്യും.

ആദായനികുതി വകുപ്പ് നടത്തിയ മൂല്യനിര്‍ണയത്തില്‍ തൃപ്തിയില്ലെങ്കില്‍, അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ആദായനികുതി കമ്മീഷണര്‍ മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യാം. നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ 1961 ലെ ആദായനികുതി നിയമത്തിലെ സെക്്ഷന്‍ 144 പ്രകാരം ആദായ നികുതി വകുപ്പിന് തുടര്‍ നടപടികള്‍ ആരംഭിക്കാം. ലഭ്യമായ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രതികൂലമായ ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞാല്‍  അത് മറികടക്കണമെങ്കില്‍ പ്രവാസികള്‍ക്ക് വലിയ കടമ്പകള്‍ കടക്കേണ്ടി വരും.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇത്തരം ആദായ നികുതി നോട്ടീസുകള്‍ അപൂര്‍വമാണെങ്കിലും നോട്ടീസിന്റെ കാരണം മനസ്സിലാക്കുകയും നിശ്ചിത സമയപരിധിക്കുള്ളില്‍ മറുപടി നല്‍കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് നികുതി വിദഗ്ധരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും അഭിപ്രായപ്പെടുന്നു.  വരുമാന റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയോ വേണം. നോട്ടീസില്‍ പറയുന്ന കാരണം വസ്തുതാ വിരുദ്ധമാണെങ്കില്‍  അതിനെ വെല്ലുവിളിച്ചു കൊണ്ടും രേഖാമൂലമുള്ള മറുപടി ഫയല്‍ ചെയ്യാം.

ഈ വാർത്ത കൂടി വായിക്കുക

പിക്ക് ചെയ്യാന്‍ സുന്ദരിമാര്‍ ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് വിളിക്കുന്നു; മെസേജ് തുറക്കരുത്

 

Latest News