കോട്ടയം - പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന ശേഷം കേന്ദ്രമന്ത്രി വി. മുരളീധരനും സഹപ്രവര്‍ത്തകരും സായാഹ്ന ചായ തട്ടുകടയിലാക്കി. പുതിയ കേന്ദ്രത്തിനു പുറത്ത് ടിബിക്ക് നേരെ എതിര്‍വശത്തുളള തട്ടുകടയിലെത്തിയ കേന്ദ്രമന്ത്രി മുളകു ബജ്ജിയും കഴിച്ചു.
ചടങ്ങ് കഴിഞ്ഞ ഉടനെ മന്ത്രി തന്നെയാണ് ചായ കുടിക്കണമെന്ന് ആവശ്യപ്പെട്ടത്. ചായ വരുത്താമെന്ന് പറഞ്ഞെങ്കിലും മന്ത്രി പുറത്തേക്ക് നടന്നു. ബിജെപി ജില്ലാ അധ്യക്ഷന്‍ ജി. ലിജിന്‍ലാലും നേതാക്കളും പോലീസ് സുരക്ഷാ ഉദ്യോഗസ്ഥരും അനുഗമിച്ചു.
തട്ടുകടയിലെത്തിയ കേന്ദ്രമന്ത്രി ഉടമയുടെ വിശേഷങ്ങളും തിരക്കി. ചെറുകിട കച്ചവടക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിവിധ വായ്പകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാണെന്ന് മന്ത്രി വിശദീകരിച്ചു. ഇക്കാര്യം തങ്ങള്‍ ഫോളോ അപ്പ് ചെയ്യാമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.