തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ 'സിസ്‌പേസ്' ഈമാസം പ്രവര്‍ത്തനമാരംഭിക്കും. കാണുന്ന ചിത്രങ്ങള്‍ക്ക് മാത്രം പണം നല്‍കുന്ന 'പേ പെര്‍ വ്യൂ' സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രങ്ങള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചശേഷമാണ് സിസ്‌പേസില്‍ എത്തുക. നിലവാരമുള്ള സിനിമകള്‍ക്ക് പുറമെ ഹ്രസ്വ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ എന്നിവയും ഇതുവഴി ആസ്വദിക്കാം.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകള്‍ സിനിമാപ്രവര്‍ത്തകരടക്കം അംഗങ്ങളായ പാനലാണ് തിരഞ്ഞെടുക്കുക. കിട്ടുന്ന വരുമാനം ആനുപാതികമായി നിര്‍മ്മാതാവിനും ലഭിച്ചുകൊണ്ടിരിക്കുന്ന വിധത്തിലാണിത് സജ്ജമാക്കിയിരിക്കുന്നത്. മറ്റ് ഒ.ടി.ടികളില്‍ നിര്‍മ്മാതാവിന് ഇത്തരത്തില്‍ വരുമാനം ലഭിക്കാറില്ല.
രണ്ടുവര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിനുശേഷമാണ് രാജ്യത്താദ്യമായി സര്‍ക്കാരിന് കീഴില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം വരുന്നത്. ട്രയല്‍ റണ്‍ വിജയകരമായിരുന്നു. കൊവിഡിനുശേഷം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി സിനിമകള്‍ റിലീസ് ചെയ്യുന്നത് കുതിച്ചുയര്‍ന്നതോടെയാണ് സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.