കോഴിക്കോട് -എം.ടി. മുഖ്യമന്ത്രിയെ വേദിയിൽ ഇരുത്തി പറഞ്ഞ മൂർച്ചയുള്ള വാക്കുകൾ ബധിരകർണങ്ങളിൽ പതിക്കരുതെന്നാണ് തന്റെ അഭ്യർഥനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കാലത്തിന്റെ ചുവരെഴുത്തും കാലം ആവശ്യപ്പെടുന്ന കാര്യങ്ങളുമാണ് അദ്ദേഹം പറഞ്ഞത്. നിക്ഷ്പക്ഷത നടിച്ച് സർക്കാരിനെ താങ്ങി നിർത്തുന്ന ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും ചില മാധ്യമ പ്രവർത്തകരും നിക്ഷ്പക്ഷരെന്ന് കരുതി സാമൂഹമാധ്യമങ്ങളിലൂടെ സർക്കാരിന് സ്തുതിഗീതം പാടുന്നവരും എം.ടി.യുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾക്ക് അത്രയേറെ മൂർച്ചയുണ്ട്. അത് മനസിലാക്കാനാണ് ശ്രമിക്കേണ്ടത്, വഴിതിരിച്ചു വിടാനല്ല. വഴി തിരിച്ച് വിടാൻ ശ്രമിച്ചാൽ വീണ്ടും ആപത്തിലേക്ക് കേരളം പോകും. കേരളത്തിൽ ഫാസിസത്തിന് ഇരുമുഖമാണെന്ന തിരിച്ചറിവ് നിരാശപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമാണ്. അത് തിരിച്ചറിഞ്ഞുള്ളതാണ് എം.ടി.യുടെ പ്രതികരണം. പണ്ഡിറ്റ് നെഹ്റുവിനെ താരതമ്യപ്പെടുത്തി രാജ്യത്തെ രാഷ്ട്രീയ സാഹചര്യമല്ല എം.ടി വിശദീകരിച്ചത്. ഇ.എം.എസിനെ താരതമ്യപ്പെടുത്തി വ്യക്തി പൂജയെ കുറിച്ചാണ് പറഞ്ഞത്. കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളിൽ പ്രതികരിക്കാൻ മറന്നു പോയ സാംസ്കാരിക പ്രവർത്തകർക്ക് കൂടിയുള്ള വഴിവിളക്കാണ് അദ്ദേഹം കത്തിച്ചുവച്ചത്. സാമാന്യബോധമുള്ളതു കൊണ്ട് ആരെക്കുറിച്ചാണ് എം.ടി. പറഞ്ഞതെന്ന് കേരളത്തിലെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ഇ.പി. ജയരാജന് മനസിലാകാത്തതിന് എന്തു ചെയ്യാൻ പറ്റും. അദ്ദേഹത്തെ മനസിലാക്കിക്കൊടുക്കാൻ വലിയ പാടാണെന്നും സതീശൻ പറഞ്ഞു.