പ്രധാനമന്ത്രി നരേന്ദ്രമോഡി നയിച്ച വൈബ്രന്റ് ഗ്ലോബല്‍ ഉച്ചകോടിയിലാണ് വന്‍പ്രഖ്യാപനങ്ങള്‍
അബുദാബി- വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി വലിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഗുജറാത്തില്‍ നാലായിരം കോടി രൂപയുടെ നിക്ഷേപം ലുലു ഗ്രൂപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി അഹമ്മദാബാദില്‍ രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ്ങ് മാള്‍ അഹമ്മദാബാദില്‍ നിര്‍മ്മിക്കും. അത്യാധുനിക സൗകര്യങ്ങളോടെ ആഗോള നിലവാരത്തിലാണ് അഹമ്മദാബാദ് ലുലു മാള്‍ ഉയരുക. ഇതിന് പുറമേ പഞ്ചനക്ഷത്ര ഹോട്ടലും അഹമ്മദാബാദില്‍ നിര്‍മ്മിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ എന്നിവരുമായി ഉച്ചകോടിയുടെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.
പുതിയ നിക്ഷേപപദ്ധതികളുടെ മിനിയേച്വര്‍ മാതൃക യുഎഇ പവലിയനില്‍ ലുലു ഗ്രൂപ്പ് പ്രദര്‍ശിപ്പിച്ചു. യുഎഇ വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി, ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ജമാല്‍ അല്‍ ശാലി, അബുദാബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവര്‍ ചേര്‍ന്നാണ് യുഎഇ പവലിയന്‍ ഉദ്ഘാടനം ചെയതത്.
ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യം വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സംഗമത്തെ കൂടുതല്‍ സവിശേഷമാക്കിയെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ പ്രതീകമായി ഉച്ചക്കോടി മാറിയെന്നും എം.എ യൂസഫലി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും തമ്മില്‍ ഏറ്റവും മികച്ച സൗഹൃദമാണുള്ളത്, ഈ ശക്തമായ ബന്ധത്തിന്റെ ഭാഗമായാണ് ചടങ്ങില്‍ മുഖ്യാതിഥിയായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഗുജറാത്തിലെത്തിയെന്ന് യൂസഫലി ചൂണ്ടികാട്ടി. യുഎഇയിലെ നാല് മന്ത്രിമാരും ഉന്നതതല പ്രതിനിധി സംഘവും ഉച്ചകോടിക്ക് എത്തിയിരുന്നു. ഇന്ത്യ യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഈ ഉച്ചകോടിക്ക് സാധിച്ചുവെന്നും എം.എ യൂസഫലി വിലയിരുത്തി. വലിയ നിക്ഷേപങ്ങള്‍ക്കാണ് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വഴിതുറന്നതെന്നും ഇതിന് മുന്‍കൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിനെയും അഭിനന്ദിക്കുന്നതായും എം.എ യൂസഫലി കൂട്ടിചേര്‍ത്തു.