Sorry, you need to enable JavaScript to visit this website.

സംഘർഷങ്ങളുടെ സാഗരമുഖം; ഇന്ധനം പകരുന്ന വൻശക്തികൾ  

ഗാസയെക്കുറിച്ച് കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് ഐക്യരാഷ്ട്ര സഭ പറഞ്ഞത്  അത് ഒരു  മരണ സ്ഥലം ആയി മാറി എന്നാണ്. ഇത് പോലെ കൂടുതൽ സ്ഥലങ്ങൾ മരണ സ്ഥലം ആയിത്തീരുന്ന സാഹചര്യത്തിലേക്ക് എത്താതിരിക്കാൻ ഒരു യഥാർത്ഥ തന്ത്രം അന്തർദേശീയ തലത്തിൽ അടിയന്തരമായി ഉണ്ടായേ പറ്റൂ.

 


പശ്ചിമേഷ്യയും അന്താരാഷ്ട്ര സമൂഹവും കുറച്ചു വൈകിയാണെങ്കിലും അംഗീകരിക്കുന്ന ഒരു വസ്തുതയാണ് പശ്ചിമേഷ്യയിൽ  ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിരവധി അറബ് രാജ്യങ്ങളെ തകർച്ചയിലേക്ക് നയിച്ച മിലീഷ്യകൾ അന്തരാഷ്ട്ര സമൂഹത്തിനും ലോക സാമ്പത്തിക ഭദ്രതക്കും എങ്ങനെ ഭീഷണിയാകുന്നു എന്ന യാഥാർത്ഥ്യമാണ് ഇപ്പോൾ  അന്തർദേശീയ ചർച്ചാ വിഷയം.
അറബ് രാജ്യങ്ങളെ തകർക്കാൻ അമേരിക്കയും സയണിസ്റ്റ് ലോബിയും  ഉണ്ടാക്കിയ സായുധ സംഘങ്ങൾ സമുദ്ര നാവിഗേഷൻ തടസ്സപ്പെടുത്തി അന്താരാഷ്ട്ര സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണ്. അന്താരാഷ്ട്ര സമ്പദ്വ്യവസ്ഥയെ തന്നെ കീഴ്‌മേൽ മറിക്കുന്ന അപകടകരമായ കളിയാണ് സായുധ സംഘങ്ങൾ ചെങ്കടലിൽ പുറത്തെടുത്തിട്ടുള്ളത്.

അന്താരാഷ്ട്ര സമൂഹവും അമേരിക്കയും യൂറോപ്പും ഇറാഖിൽ വളരെക്കാലമായി അവഗണിച്ച ഒരു കാര്യം ഇന്ന് അവർക്ക് തന്നെ വിനയായി മാറിയിരിക്കുന്നു.
ഇറാനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന മിലീഷ്യകളാണ് ഇറാഖിന്റെ സമാധാന ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്നത് എന്ന യാഥാർത്ഥ്യം ലോകം തിരിച്ചറിയുകയാണ്. എന്തുകൊണ്ടാണ് ഈ മിലീഷ്യകളെ അമേരിക്കയും യൂറോപ്പും അവഗണിച്ചത് എന്നതിന്റെ ഒരു വിശകലനത്തിലേക്ക് കടക്കുന്നില്ല.
പക്ഷേ ഇത്  സദ്ദാം ഹുസൈൻ ഭരണത്തെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിന്റെ നിമിഷം മുതൽ അവർക്ക് രാഷ്ട്രീയ പരാജയത്തിന്റെ എന്നേക്കുമുള്ള പാഠമാണ്.

ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ സേനയെ ഇറാൻ മിലീഷ്യ ലക്ഷ്യം വെച്ചതിന് മറുപടിയായി, ഇറാഖിലെ അൽ-നുജബാ മിലീഷ്യയുടെ നേതാക്കളെ ടാർഗറ്റ് ചെയ്യാൻ വാഷിംഗ്ടൺ നിർബന്ധിതമായി.
ആ മിലീഷ്യകളെയും ഇറാഖിൽ അവർ ചെയ്തതും ചെയ്യുന്നതുമായ കാര്യങ്ങളെയും ദീർഘകാലം അവഗണിച്ചതിന്  ശേഷമാണ് ഈ പ്രതികാരം എന്ന് മാത്രം. അറബ് - ഇസ്ലാമിക ലോകത്തെ ഐക്യം തകർക്കാനും സംഘർഷങ്ങൾ വ്യാപിപ്പിക്കാനും സായുധ സംഘങ്ങൾക്ക് ഇന്ധനം പകർന്ന അമേരിക്കയുടെ  കൈയിൽ നിന്ന് അവർ സ്വയം പൊട്ടുമ്പോഴാണ് അപകടം അമേരിക്ക തിരിച്ചറിയുന്നത്.

ലെബനോനെതിരെ വിനാശകരമായ യുദ്ധത്തിലേക്ക് കടക്കുന്നതിന്റെ വക്കിലാണ് ഹിസ്ബുല്ലയെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അന്താരാഷ്ട്ര സമൂഹവും അമേരിക്കയും യൂറോപ്പും തിരിച്ചറിയുന്നത്. ഹിസ്ബുല്ല  ബെയ്‌റൂത്തിനെ പ്രദേശത്തെ ഇറാൻ സായുധ സംഘങ്ങളെ നിയന്ത്രിക്കുന്നതിനുള്ള  ഇടത്താവളമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.അതു വരെ ഹിസ്ബുല്ലയെ പ്രോത്സാഹിപ്പിച്ച അമേരിക്കക്ക് അടി കിട്ടുമ്പോഴാണ് സായുധ സംഘങ്ങൾക്ക് ചെല്ലും ചെലവും കൊടുക്കുന്ന പണി വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നത്.

ഇപ്പോൾ അന്തർദേശീയ മാധ്യമങ്ങളിൽ  ചെങ്കടലിലെ മിലീഷ്യകളെ കുറിച്ചു വാർത്തകൾ നിറയുകയാണ്.  ആഗോള സമ്പദ്വ്യവസ്ഥയ്ക്കും സമാധാനത്തിനുമുള്ള ഭീഷണി ഇത് വരെ അവർക്ക് ബോധ്യപ്പെട്ടിരുന്നില്ല. പാശ്ചാത്യ മാധ്യമ കവറേജ് ഒരു പുതിയ കണ്ടെത്തൽ പോലെയാണ് നിരീക്ഷകർ പ്രചരിപ്പിക്കുന്നത്. പത്ത് വർഷത്തിലേറെയായി യെമനിൽ സംഭവിച്ചതിന്റെ ഗൗരവം പൂർണമായും അവഗണിച്ചതിന് ശേഷം വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഹൂത്തി ആക്രമണങ്ങൾ  ഉണ്ടായപ്പോൾ സമുദ്ര നാവിഗേഷൻ സംരക്ഷിക്കുന്നതിനായി ഇന്ന് വാഷിംഗ്ടൺ ഒരു നാവിക സേന രൂപീകരിക്കാൻ തയാറെടുപ്പ് നടത്തുകയാണ്. യെമന്റെ അയൽ രാജ്യങ്ങളിൽ ഹൂത്തികൾ ഇറാൻ താൽപര്യം സംരക്ഷിക്കാൻ നശീകരണ പ്രവർത്തനം തുടർന്നപ്പോൾ അമേരിക്കയും യൂറോപ്യൻ സമൂഹവും കളി കാണുകയായിരുന്നു.
ഈ മേഖലയിൽ വളരെക്കാലമായി അവഗണിക്കപ്പെട്ട വിഷയത്തിലാണ് അന്താരാഷ്ട്ര  ഇടപെടൽ അമേരിക്ക ആവശ്യപ്പെടുന്നത്.  കാരണം നാശനഷ്ടം ഇപ്പോൾ എല്ലാ പ്രദേശത്തെയും അന്താരാഷ്ട്ര സമൂഹത്തെയും  ഭയപ്പെടുത്തുകയാണ്. പശ്ചിമേഷ്യയെ ഒരു പ്രതികാര യുദ്ധത്തിലേക്ക് തന്നെ തള്ളി വിടുന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകുന്നത്.

സിറിയയിൽ വെച്ചു ഇറാൻ കമാൻഡർ റിദാ മൂസവിയുടെ കൊലയും ലെബനോനിൽ വെച്ച് ഹമാസ് നേതാവ് സ്വാലിഹ് അൽ ആറൂരിയുടെ വധവും ഇറാനിൽ നൂറിലധികം പേരെ കൊന്ന സ്‌ഫോടനവും ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണവും മേഖലയിൽ വലിയ പ്രതികാര രാഷ്ട്രീയത്തിനു ഇന്ധനം പകരുന്നവയാണ്. അതിനിടെ, ഇറാൻ റവല്യൂഷണറി ഗാർഡ് ഔദ്യോഗിക വക്താവിന്റെ വാർത്ത സമ്മേളനവും വിവാദങ്ങൾക്ക് തിരികൊളുത്തിയിയിരിക്കുന്നു;  ഇറാൻ  കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനുള്ള പ്രതികാരമാണ് ഒക്ടോബർ ഏഴിലെ തൂഫാനുൽ അഖ്സ എന്നാണ് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞത്. ഫലസ്തീൻ വിഷയം തട്ടിയെടുക്കാനുള്ള ശ്രമം എന്നാണ് നിരീക്ഷകർ  ഇത് സംബന്ധിച്ച് പറയുന്നത്. ഏതായാലും ഈ സംഭവങ്ങൾ എല്ലാം മേഖലയെ വ്യാപകമായ സംഘർഷത്തിലേക്ക് തള്ളി വിടുകയാണ്.

ഇപ്പോൾ മേഖലയിലെ യുദ്ധത്തിൽ  പ്രവേശിക്കാൻ ഏറ്റവുമധികം സാധ്യതയുള്ള രാജ്യം ലെബനോനാണ്, പല കാരണങ്ങളാൽ: അതിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്റെ രാഷ്ട്രീയ ജീവിതം നീട്ടാനുള്ള നെതന്യാഹുവിന്റെ ആഗ്രഹവും മേഖലയിലെ സംഭവങ്ങളിൽ ഹിസ്ബുല്ലയുടെ പങ്കാളിത്തവുമാണ്. കാരണം ഹിസ്ബുല്ല നേതാവ് ഹസൻ നസ്റല്ല, പ്രദേശത്തെ മിലീഷ്യകളെ കൈകാര്യം ചെയ്തുകൊണ്ട് ഇറാഖിൽ കൊല്ലപ്പെട്ട ഇറാൻ കമാൻഡർ ഖാസിം സുലൈമാനിക്ക് ബദലായി മാറാൻ കൊതിക്കുകയാണ്. നെതന്യാഹുവിന്റെ രാഷ്ട്രീയ വ്യാമോഹവും ഹിസ്ബുല്ലയുടെ നേതൃ മോഹവും പശ്ചിമേഷ്യയിൽ യുദ്ധം നീളാൻ കാരണമാകുമെന്ന് നിരീക്ഷിക്കപ്പെടുന്നു.

അതനുസരിച്ച്, സിറിയ, ഇറാഖ്, യെമൻ, ലെബനോൻ എന്നിവയെ നശിപ്പിക്കുകയും ഫലസ്തീനികളുടെ  ഐക്യം തകർക്കുകയും ചെയ്ത മിലീഷ്യകളെ നേരിടാൻ ഈ മേഖലയ്ക്ക് ഇപ്പോൾ ഒരു യഥാർത്ഥ തന്ത്രം ആവശ്യമാണ്. ഫലസ്തീനികളെ മഹാ ദുരന്തത്തിൽ നിന്നും രക്ഷിക്കുന്ന നീക്കമാണ് ഉണ്ടാകേണ്ടത്. ഈ മേഖലയിൽ മിലീഷ്യ ഭീഷണിയെ നേരിടാൻ അന്താരാഷ്ട്ര അറബ്-അമേരിക്കൻ സഹകരണം ആവശ്യമാണ്. പരിമിതമായ സൈനിക പ്രവർത്തനങ്ങൾ കൊണ്ട് മാത്രം മതിയാകില്ല.
ഈ മിലീഷ്യകളുടെ സാന്നിധ്യത്തിന് ന്യായീകരണമായി ഉന്നയിക്കുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ തന്ത്രം വികസിപ്പിച്ചെടുക്കേണ്ടത് ആവശ്യമാണ്.  സമാധാന പ്രക്രിയയെ യഥാർത്ഥ രീതിയിൽ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് അതിൽ പ്രധാനം. സമാധാന പ്രക്രിയ പൂർത്തിയാക്കാൻ ഇതിനകം ലഭ്യമായ റഫറൻസുകളുള്ള ഒരു യഥാർത്ഥ ചട്ടക്കൂട് ഉണ്ടാകണം. സിറിയയിൽ ഒരു രാഷ്ട്രീയ പരിഹാരം ആരംഭിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കണം. ഇറാഖിലെ  വിഭാഗീയത കൈകാര്യം ചെയ്യുന്നതിനൊപ്പം സമാധാന പ്രക്രിയയുടെ ഭാഗമായി യെമനിലും അടിയന്തര ഇടപെടൽ ആവശ്യമാണ്.

ഗാസയെക്കുറിച്ച് കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് ഐക്യരാഷ്ട്ര സഭ പറഞ്ഞത്  അത് ഒരു  മരണ സ്ഥലം ആയി മാറി എന്നാണ്. ഇത് പോലെ കൂടുതൽ സ്ഥലങ്ങൾ മരണ സ്ഥലം ആയിത്തീരുന്ന സാഹചര്യത്തിലേക്ക് എത്താതിരിക്കാൻ ഒരു യഥാർത്ഥ തന്ത്രം അന്തർദേശീയ തലത്തിൽ അടിയന്തരമായി ഉണ്ടായേ പറ്റൂ.

Latest News