തലശ്ശേരി- ദിന പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കി വിവാഹ തട്ടിപ്പ് നടത്തുന്ന വിരുതനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് പാനൂര്‍ സി.ഐ വി.വി ബെന്നി അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വേദശിയുടെ പരാതിയിലാണ് അറസ്റ്റ്.
സുപ്രഭാതം ദിനപത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മുഹമ്മദ് അഷ്‌റഫ് വിവാഹ പരസ്യം നല്‍കിയത.് ദീനിയായ മുസ്‌ലിം യുവതി വരനെ തേടുന്നുവെന്നായിരുന്നു പരസ്യം. പത്രത്തില്‍ പരസ്യത്തോടൊപ്പം നല്‍കിയ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് സ്വദേശി അബുവിനെ, മുഹമ്മദ് അഷ്‌റഫ് തലശ്ശേരിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. തന്റെ സഹോദരിക്ക് വേണ്ടിയാണ് പരസ്യം നല്‍കിയതെന്നും പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോയും ഇയാള്‍ അബുവിന് കാട്ടിക്കൊടുത്തു. ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ട അബുവിനോട് നാളെ തന്നെ വിവാഹം നടത്താമെന്ന ഉറപ്പും നല്‍കാന്‍ മുഹമ്മദ് അഷറഫ് മറന്നില്ല. വിവാഹം നടത്താന്‍ പാനൂരിലെ മുസ്‌ലിയാരെ പരിചയപ്പെടുത്താമെന്ന് പറഞ്ഞ് അബുവിനെ പാനൂരിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു.
ഇതിനിടെ കല്യാണ വസ്ത്രങ്ങളും സ്വര്‍ണവും കല്യാണ ചെലവിലേക്കായി 10,000 രൂപയും വാങ്ങിച്ചെടുത്ത അഷറഫ്, മുസ്‌ലിയാരെ കൂട്ടി വരാമെന്ന് പറഞ്ഞ് അബുവിനെ പാനൂര്‍ ടൗണില്‍ നിര്‍ത്തുകയായിരുന്നു. ഏറെ നേരം കാത്ത് നിന്നിട്ടും മുഹമ്മദ് അഷറഫ് വരാത്തതിനെ തുടര്‍ന്ന് അബു ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ അബു പാനൂര്‍ സി.ഐക്ക് പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പോലീസും മുഹമ്മദ് അഷറഫിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. രണ്ട് ദിവസത്തിന് ശേഷം മൊബൈല്‍ ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാനൂര്‍ സി.ഐ ബെന്നി തന്ത്രപരമായി പ്രതിയെ വലയിലാക്കുകയായിരുന്നു. പത്ര പരസ്യം കണ്ട് വിളിക്കുകയാണെന്നും പറഞ്ഞ് തന്ത്രപരമായി മുഹമ്മദ് അഷറഫിനെ പാനൂരിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അബുവിന്റെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.