ജിദ്ദ - യെമനില്‍ ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സൗദി അറേബ്യ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ചെങ്കടലിലെ സൈനിക ഓപ്പറേഷനുകളും യെമനിലെ ഏതാനും കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ വ്യോമാക്രമണങ്ങളും സൗദി അറേബ്യ കടുത്ത ആശങ്കയോടെ നിരീക്ഷിച്ചുവരികയാണെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ചെങ്കടല്‍ പ്രദേശത്തെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കണം. ചെങ്കടലിലെ സ്വതന്ത്ര സമുദ്ര ഗതാഗതം അന്താരാഷ്ട്ര ആവശ്യമാണ്. ചെങ്കടലില്‍ സമുദ്ര ഗതാഗതം തടസ്സപ്പെടുന്നത് ലോകത്തിന്റെ മുഴുവന്‍ താല്‍പര്യങ്ങള്‍ക്കും ഹാനികരമാണ്. മേഖല സാക്ഷ്യം വഹിക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാവരും ആത്മസംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ മൂര്‍ഛിക്കാതെ നോക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം, തായിഫ് കിംഗ് ഫഹദ് വ്യോമതാവളത്തില്‍ വിദേശ സേനകള്‍ എത്തി എന്ന നിലക്ക് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി.
വെറുമൊരു മാപ്പ് മതിയോ; ചിക്കന്‍ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് യാത്രക്കാരി
ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മീഷന്‍
തുര്‍ക്കി വനിതയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭ സംഘം;ഇടപാടിന് ടെലഗ്രാമും വാടസ്ആപ്പും
VIDEO സോഷ്യല്‍ മീഡിയയില്‍ പുതിയ താരമായി രാജപ്പന്‍, നിങ്ങളും ഇഷ്ടപ്പെടും
യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ഉപയോഗിക്കുന്ന ഒരു ഡസനിലേറെ കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും വ്യാഴാഴ്ച രാത്രി വ്യോമാക്രമണങ്ങള്‍ നടത്തി. പടക്കപ്പലുകളില്‍ നിന്നുള്ള ടോമഹോക് മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തിയത്. ലോജിസ്റ്റിക്കല്‍ കേന്ദ്രങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ആയുധപ്പുരകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങള്‍ നടത്തിയത്. ഇസ്രായില്‍-ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം വാണിജ്യ കപ്പലുകള്‍ക്കു നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഹൂത്തികള്‍ നടത്തുന്ന നിരന്തര ആക്രമണങ്ങള്‍ക്കുള്ള ആദ്യ സൈനിക പ്രതികരണം എന്നോണമാണ് ഹൂത്തി കേന്ദ്രങ്ങള്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും സംയുക്തമായി ആക്രമണങ്ങള്‍ നടത്തിയത്.
ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ സൈനിക നടപടികള്‍ നേരിടേണ്ടിവരുമെന്നും ഹൂത്തികള്‍ക്ക് വൈറ്റ്ഹൗസും നിരവധി പങ്കാളി രാജ്യങ്ങളും അന്തിമ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഏകോപിതമായ സൈനിക ആക്രമണമുണ്ടായത്. ഏതാനും ദിവസങ്ങളില്‍ ആക്രമണങ്ങള്‍ നിലച്ചതിനാല്‍ മുന്നറിയിപ്പ് അല്‍പനേരത്തെങ്കിലും സ്വാധീനം ചെലുത്തിയതായി കണക്കാക്കപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ചെങ്കടലില്‍ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് ഹൂത്തികള്‍ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ച് എക്കാലത്തെയും വലിയ ആക്രമണങ്ങള്‍ നടത്തി. അമേരിക്കന്‍, ബ്രിട്ടീഷ് കപ്പലുകളും അമേരിക്കന്‍ പോര്‍വിമാനങ്ങളും ചേര്‍ന്ന് ഹൂത്തികളുടെ പതിനെട്ടു ഡ്രോണുകളും രണ്ടു ക്രൂയിസ് മിസൈലുകളും ഒരു ആന്റി-ഷിപ്പ് മിസൈലും വെടിവെച്ചിട്ടു. വ്യാഴാഴ്ച ഏദന്‍ ഉള്‍ക്കടലില്‍ വാണിജ്യ കപ്പല്‍ ലക്ഷ്യമിട്ട് ഹൂത്തികള്‍ ആന്റി-ഷിപ്പ് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടു. ഈ മിസൈല്‍ കപ്പലില്‍ തട്ടിയില്ല. നവംബര്‍ 19 മുതല്‍ ഹൂത്തികള്‍ ഡസന്‍ കണക്കിന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് 27 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നാലെ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കാനഡ, ഡെന്മാര്‍ക്ക്, ജര്‍മനി, നെദര്‍ലാന്റ്‌സ്, ന്യൂസിലാന്റ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കി. ആഗോള വ്യാപാരത്തെയും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതയില്‍ നാവികരുടെ ജീവനും ഭീഷണിപ്പെടുത്താന്‍ ഹൂത്തികള്‍ ഉപയോഗിക്കുന്ന ശേഷികളെ തടസ്സപ്പെടുത്താനാണ് ആക്രമണങ്ങളിലൂടെ ലക്ഷ്യമിട്ടതെന്ന് സംയുക്ത പ്രസ്താവന പറഞ്ഞു. നെദര്‍ലാന്റ്‌സ്, കാനഡ, ബഹ്‌റൈന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അമേരിക്കയും ബ്രിട്ടനും ആക്രമണങ്ങള്‍ നടത്തിയതെന്നും സംയുക്ത പ്രസ്താവന പറഞ്ഞു. ഹൂത്തി ലക്ഷ്യങ്ങള്‍ക്കു നേരെ അമേരിക്കയും ബ്രിട്ടനും വിജയകരമായി ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഓസ്‌ട്രേലിയയുടെയും ബഹ്‌റൈന്റെയും കാനഡയുടെയും നെദര്‍ലാന്റ്‌സിന്റെയും പിന്തുണയോടെയും ബ്രിട്ടനുമായി സഹകരിച്ചും അമേരിക്കന്‍ സൈന്യം തന്റെ നിര്‍ദേശാനുസരണമാണ് ആക്രമണങ്ങള്‍ നടത്തിയതെന്നും ബൈഡന്‍ പറഞ്ഞു.
യെമനിലെ തങ്ങളുടെ കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സേന നടത്തുന്ന ഏതൊരു ആക്രമണവും കടുത്ത സൈനിക പ്രതികരണത്തിന് കാരണമാകുമെന്ന് വ്യാഴാഴ്ച ഹൂത്തികള്‍ പറഞ്ഞു. 24 ലേറെ ഡ്രോണുകളും നിരവധി മിസൈലുകളും ഉപയോഗിച്ച് അടുത്തിടെ നടത്തിയ ഓപ്പറേഷന്റെ അതേ നിലവാരത്തിലല്ല, അതിനേക്കാള്‍ വലിയ ശക്തിയില്‍ ഏതൊരു അമേരിക്കന്‍ ആക്രമണത്തിനും പ്രതികരണം ഉണ്ടാകുമെന്ന് ഹൂത്തികളുടെ പരമോന്നത നേതാവ് അബ്ദുല്‍മലിക് അല്‍ഹൂത്തി പറഞ്ഞു. ഇസ്രായിലിന്റെ ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ തങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഹൂത്തികള്‍ പറയുന്നു.
എന്നാല്‍ ഇസ്രായിലുമായി വലിയ ബന്ധമോ തീരെ ബന്ധമോ ഇല്ലാത്ത കപ്പലുകള്‍ക്കു നേരെയാണ് ഹൂത്തികള്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ഇത് ഏഷ്യയെയും മിഡില്‍ ഈസ്റ്റിനെയും യൂറോപ്പുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക വ്യാപാര പാതയെ തടസ്സപ്പെടുത്തുന്നു. ഹൂത്തികള്‍ ഉടന്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ഹൂത്തികളുടെ ആയുധ വിതരണക്കാരായ ഇറാനെ പരോക്ഷമായി അപലപിക്കുകയും ചെയ്യുന്ന പ്രമേയം ബുധനാഴ്ച യു.എന്‍ രക്ഷാ സമിതി പാസാക്കിയിരുന്നു. പതിനൊന്നു രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. റഷ്യയും ചൈനയും അള്‍ജീരിയയും മൊസാംബിക്കും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.