- ഉന്തുവണ്ടി കച്ചവടക്കാരായ ദമ്പതികളെ റിപ്പബ്ലിക്ദിന ചടങ്ങിലേക്ക് ക്ഷണിക്കാൻ പ്രേരണയായത് പ്രധാനമന്ത്രിയുടെ സ്വനിധിയിലെ കൃത്യമായ തിരിച്ചടവ്.
- എല്ലാവരും വല്യ സന്തോഷത്തിലാണ്. ഞങ്ങൾ ഡൽഹിക്കു പോകുന്നതിലും വല്യ സന്തോഷം, വിവരം കേൾക്കുന്നവരുടെയെല്ലാം മുഖത്തുണ്ടെന്ന് തട്ടുകട കച്ചവടം നടത്തുന്ന മലപ്പുറം പള്ളിപ്രം സ്വദേശിനിയായ കദീജ പറഞ്ഞു.
(മഞ്ചേരി) മലപ്പുറം - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിൽനിന്ന് ഡൽഹിലേക്കുള്ള ക്ഷണം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് മലപ്പുറം മങ്കട പള്ളിപ്രം സ്വദേശികളായ കൊള്ളിത്തോട് കദീജയും ഭർത്താവ് റഷീദും. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലേക്കാണ് ദമ്പതികൾക്കു ക്ഷണമെങ്കിലും രാജ്യതലസ്ഥാനത്ത് എത്തുന്നതോടൊപ്പം പ്രധാനമന്ത്രിയെ കാണാനും അവസരമുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാറിൽനിന്നുള്ള അറിയിപ്പ്.
പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് കത്ത് ലഭിച്ചതോടെ എന്തുകൊണ്ടാണ് ഇവരെ ഡൽഹിക്കു ക്ഷണിച്ചതെന്നാണ് പലരും ചോദിക്കുന്നത്. ഉന്തുവണ്ടിയിൽ തട്ടു കച്ചവടം നടത്തി കുടുംബം പുലർത്തുന്ന ദമ്പതികൾ, പ്രധാനമന്ത്രി സ്വനിധിയിൽനിന്നെടുത്ത വായ്പ കൃത്യമായി തിരിച്ചടച്ചതിനുള്ള അംഗീകാരമെന്നോണമാണ് ഡൽഹിക്കുള്ള ക്ഷണം.
പി.എം സ്വനിധി പദ്ധതിപ്രകാരം തെരവുകച്ചവടക്കാർക്കുള്ള സൂക്ഷ്മ വായ്പയെടുത്ത് മൂന്നുതവണയും കൃത്യമായി തിരിച്ചടവ് നടത്തി ഉപജീവനം നടത്തുന്നതിനാലാണ് മഞ്ചേരി കുടുംബശ്രീ മുഖേന ഇവരെ തെരഞ്ഞെടുത്തത്. 2020-ലാണ് കദീജ കുടുംബിനികൾക്കുള്ള പ്രധാനമന്ത്രിയുടെ സ്വനിധിയിൽനിന്ന് ആദ്യമായി പതിനായിരം രൂപ വായ്പയെടുത്തത്. അത് അടച്ചുതീർന്നപ്പോൾ സ്വനിധിയുടെതന്നെ രണ്ടാംഘട്ടമായ 20,000 രൂപയും വാങ്ങി. ഇതിനിടെ, കോവിഡ് കാലത്ത് തിരിച്ചടവ് പ്രതിസന്ധിയിലായെങ്കിലും വൈകാതെ വീട്ടാനായി.
മൂന്നാമത്തെ ഘട്ടത്തിൽ അരലക്ഷം രൂപ വായ്പ എടുത്തെന്നും ഇതുവരെയും മുടങ്ങാതെ അടച്ചതായും അവർ പറഞ്ഞു.
മഞ്ചേരി-കോഴിക്കോട് റോഡിൽ ഉന്തുവണ്ടിയിലാണ് കദീജയും ഭിന്നശേഷിക്കാരനായ ഭർത്താവും കച്ചവടം നടത്തുന്നത്. ഉന്തുവണ്ടിയിൽ ഷെഡ് കെട്ടി വർഷങ്ങളായി തട്ടുകട നടത്തി പലരുടെയും വിശപ്പകറ്റുകയാണിവർ. ഒപ്പം കുടുംബവും സന്തോഷകരമായി പുലരുന്നു. കദീജ പുലർച്ചെ നാലിന് തുടങ്ങുന്ന ജോലി രാത്രി ഇരുട്ടിയശേഷമാണ് അവസാനിപ്പിക്കുന്നത്. അൻപതിരണ്ടാം വയസ്സിലും നാട്ടുകാർക്ക് കപ്പയും കഞ്ഞിയും ബീഫും നെയ്‌ച്ചോറും ചായയും ലഘുകടികളുമെല്ലാമായി വയറു നിറക്കുമ്പോൾ ഞങ്ങളുടെയും മനസ്സ് നിറയുകയാണെന്ന് കദീജ പറഞ്ഞു. 'എല്ലാവരും വല്യ സന്തോഷത്തിലാണ്. ഞങ്ങൾ ഡൽഹിക്കു പോകുന്നതിലും വല്യ സന്തോഷം, പറയുന്നവരുടെയെല്ലാം മുഖത്തുണ്ട്. 23ന് കോഴിക്കോട് നിന്ന് ഡൽഹിക്കു പുറപ്പെടാനുള്ള എല്ലാ തയ്യാറെടുപ്പുകളുമായിട്ടുണ്ട്. സന്തോഷത്തോടെ പോയിവരാം. എല്ലാവരുടെയും പ്രാർത്ഥനയുണ്ടാവണമെന്ന് നാട്ടിലെ താരമായി മാറിയ കദീജ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)