ജീവൻ നിലനിൽക്കാൻ ഓക്‌സിജൻ എത്രമാത്രം അനിവാര്യമാണോ, അത്രമാത്രം നിർണായകമാണ് ഇന്ത്യക്ക് ജനാധിപത്യം. പെറ്റുവീണത് ശക്തമായ ഒരു ഭരണഘടനയുടെ നിഴൽ പറ്റിയാണ്. അത് ലോകത്തെ ഏറ്റവും ഉന്നതവും മഹത്തരവുമാണ്. ജനാധിപത്യം ഉറപ്പ് നൽകുന്ന നെടുംതൂണും ഭരണഘടന തന്നെ. 2023 വർഷത്തിൽ ദേശീയ രാഷ്ട്രീയത്തിൽ കഴിഞ്ഞുപോയ ഏതാനും സംഭവങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണി മുഴക്കങ്ങളായി കണക്കാക്കാൻ പ്രേരിപ്പിക്കുന്ന സൂചനകൾ ഉൾച്ചേർന്നവയാണ്.
ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് പാർലമെന്റ്. 836 കോടി ചെലവഴിച്ച് നിർമിച്ച 64,500 ചതുരശ്ര മീറ്റർ വലിപ്പമുള്ള പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് പ്രഥമ പൗരയായ ദ്രൗപതി മുർമുവാണ്.
എന്നാൽ ഒരു ആദിവാസി സ്ത്രീയെക്കൊണ്ട് അത് ചെയ്യിക്കുകയെന്നത് ഐശ്വര്യക്കേടായി കണ്ട ആർ.എസ്.എസും ഉന്നത കുലജാതരായ സന്ന്യാസിമാരും അവരെ ആ പരിസരത്തേക്ക് തന്നെ അടുപ്പിച്ചില്ല.
ജാതി വ്യവസ്ഥക്ക് മേൽ സാമൂഹിക നീതിയും സമത്വവും വരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു രാഷ്ട്രപതിയോട് കാണിച്ച അയിത്തം.
ഈ ധർമ വ്യവസ്ഥിതിയെയാണ് സനാതന ധർമമെന്ന് പ്രധാനമന്ത്രിയും പരിവാറും വിളിക്കുന്നത്. ഉദയനിധി ചൂണ്ടിക്കാണിച്ചത് ഈ കാപട്യം തന്നെയാണ്. ജനാധിപത്യത്തിന്റെ പ്രതീകാത്മക മരണമണിയാണ് 2023, മെയ് 28 ന് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ബിജെപി മുന്നോട്ട് വെക്കുന്ന ഏകശിലാ വ്യവസ്ഥിതി എല്ലാതരം വൈജാത്യങ്ങൾക്കും എതിരാണ്. പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിൽ വെച്ചു തന്നെ ബിജെപിയുടെ ദൽഹിയിൽനിന്നുള്ള എം.പി രമേശ് ബിദുരി ബി.എസ്.പിയുടെ എം.പിയായ ഡാനിഷ് അലിയെ തീവ്രവാദിയെന്നും കൂട്ടിക്കൊടുപ്പുകാരനെന്നും രാജ്യദ്രോഹി എന്നും മറ്റും ആക്ഷേപിക്കുന്നതിന് ട്രഷറി സാക്ഷ്യം വഹിച്ചു. എന്നാൽ അച്ചടക്ക സമിതി ഇരുവരെയും കേട്ട ശേഷം ബിദുരിയെ വെറുതെ വിട്ടു.
പാർട്ടിയും ഷോക്കോസ് നോട്ടീസ് പോലും കൊടുത്തില്ല. എന്നാൽ 2019 ലെ ഒരു തെരെഞ്ഞെടുപ്പ് റാലിയിൽ മോഡിയെ വിമർശിച്ചുവെന്ന് ആരോപിച്ച് രാഹുലിന്റെ പാർലമെന്റ് അംഗത്വം റദ്ദ് ചെയ്തു.
മഹുവ മൊയ്ത്രയെ സസ്പെൻഡ് ചെയ്യാൻ അച്ചടക്ക സമിതിക്ക് മഹുവയെ കേൾക്കുക പോലും ചെയ്യേണ്ടിവന്നില്ല.
പാർലമെന്റിന്റെ വിന്റർ സെഷനിൽ രണ്ട് ചെറുപ്പക്കാർ പുകബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ചു. കൃത്യം ഇരുപത്തിരണ്ട് വർഷം മുമ്പാണ് ബിജെപിയുടെ തന്നെ ഭരണത്തിൽ അഞ്ച് ഭീകരവാദികൾ പാർലമെന്റ് ആക്രമിച്ചതും ആറ് പോലീസുകാരും ഭീകരരും കൊല്ലപ്പെട്ടതും. എന്നാൽ ഭീകരവാദികൾ ആരാണ്, എവിടുത്തുകാരാണ്, എന്ത് ലക്ഷ്യത്തിലാണ് ആക്രമിച്ചത് എന്നൊന്നും ഇന്നോളം തെളിയിക്കപ്പെട്ടിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ എം.പിമാർ പുതിയ സംഭവത്തിൽ ആഭ്യന്തര മന്ത്രിയിൽ നിന്നും ഒരു സ്റ്റേറ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം അനുവദിച്ചില്ലെന്ന് മാത്രമല്ല, ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി 146 പ്രതിപക്ഷ എം.പിമാരെ പാർലമെന്റിൽനിന്നും സസ്പെൻഡ് ചെയ്യുകയാണുണ്ടായത്.
1999 ൽ നടന്ന കാർഗിൽ യുദ്ധത്തിൽ ശഹീദായ ജവാന്മാർക്ക് ശവപ്പെട്ടികൾ വാങ്ങിയ ഇനത്തിൽ 13 ഇരട്ടിയുടെ വിലവ്യത്യാസവും കുംഭകോണവും പിടിക്കപ്പെട്ട വിവാദ സമയത്താണ് 2001 ലെ പാർലമെന്റ് ആക്രമണം ഉണ്ടായത്. 2019 ലെ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുന്ന നിമിഷങ്ങളിലാണ് ഫെബ്രുവരി 14 ന് പുൽവാമയിൽ 40 ജവാന്മാരുടെ ജീവൻ പൊലിഞ്ഞത്.
പത്ത് വർഷം പൂർത്തിയാക്കുന്ന മോഡി ഭരണത്തിന്റെ അവസാനത്തെ സമ്പൂർണ പാർലമെന്റ് സെഷനിലാണ് 146 പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയത്. അതുകൊണ്ട് സുപ്രധാനമായ 19 ബില്ലുകൾ എതിർപ്പൊന്നുംകൂടാതെ ചുട്ടെടുക്കുവാൻ സർക്കാരിന് സാധിച്ചു.
ഈ ബില്ലുകൾ മൂന്നെണ്ണം രാജ്യത്തെ നിലവിലുള്ള ശിക്ഷാ നിയമങ്ങളെ പൊളിച്ചെഴുതുന്നവയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാണ് മറ്റൊരു ബിൽ.
നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ് വേറൊന്ന്. ജമ്മു-കശ്മീരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഭാവിയുമായി ബന്ധപ്പെട്ടവയാണ് മറ്റൊന്ന്. ഇവയെല്ലാം തങ്ങളുടെ ഇംഗിതത്തിനൊത്ത് ചുട്ടെടുക്കാൻ സൃഷ്ടിച്ചെടുത്ത ഒന്നാവാം പാർലമെന്റിൽ അരങ്ങേറിയ പുക ബോംബ്.
സ്വേഛാധിപത്യം തങ്ങളുടെ ഇഛകൾ നടപ്പിലാക്കാൻ എന്ത് നെറികേടും ചെയ്യുമെന്ന് ഫാസിസ്റ്റ് ഭരണകൂടങ്ങൾ പണ്ടും തെളിയിച്ചിട്ടുണ്ട്.
ഒരു രാജ്യത്തെ സംബന്ധിച്ച് നിയമങ്ങൾ പൊളിച്ചെഴുതുന്നതിനേക്കാൾ ഭീകരമായ മറ്റൊന്നുമില്ല. ജനാധിപത്യത്തിന്റെ പഴുതുകൾ ഉപയോഗിച്ച് അധികാരത്തിൽ വരികയും പടിപടിയായി രാജ്യത്തിന്റെ ബഹുസ്വരത തകർത്തുകൊണ്ട് ഭൂരിപക്ഷത്തിന്റെ മാത്രമായ ദേശരാഷ്ട്രം കെട്ടിപ്പടുക്കുകയുമാണ് പരിപാടി. അതാണ് ഫാസിസത്തിന്റെ ലളിത രീതി.
അതിന് നിയമങ്ങളിലാണ് പിടിമുറുക്കാറുള്ളത്. പാർലമെന്റിലാണല്ലോ നിയമങ്ങൾ ഉണ്ടാക്കേണ്ടത്. ആ ശ്രീകോവിലിനെ നിസ്സാരവൽക്കരിക്കുന്ന നയമാണ് ഫാസിസം പിന്തുടർന്നിട്ടുള്ളത്. അതിനാവശ്യം പ്രതിപക്ഷമില്ലെന്ന് ബോധ്യപ്പെടുത്തലാണ്.
ജർമനിയിൽ ജൂതന്മാരുടെ പൗരത്വമെടുത്തു കളയുന്ന നിയമം പാസാക്കിയത് പാർലമെന്റിലല്ല. ന്യൂറംബർഗിൽ നടന്ന നാസി പാർട്ടിയുടെ സമ്മേളനത്തിൽ വെച്ചാണ്. കശ്മീരിനുള്ള 370 ാം വകുപ്പ് എടുത്തുകളഞ്ഞത് ചർച്ചകൾ കൂടാതെയാണ്. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന അധികാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള സമിതിയിൽനിന്ന് പ്രധാനമന്ത്രി മാത്രം തീരുമാനിക്കുന്ന ഭേദഗതി കൊണ്ടുവന്നത് പ്രതിപക്ഷമില്ലാത്ത പാർലമെന്റിലാണ്. പാർലമെന്റ് നോക്കുകുത്തിയാണ്. ലോകം കണ്ടതിൽവെച്ച് ഭീകരമായ വംശഹത്യയാണ് മണിപ്പൂരിൽ അരങ്ങേറിയത്. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ച പാർലമെന്റിൽ പ്രധാനമന്ത്രി ഹാജരുണ്ടായിരുന്നില്ല. മറുപടിക്ക് വേണ്ടി മാത്രം പാർലമെന്റിലെത്തിയ പ്രധാനമന്ത്രി കലാപത്തെക്കുറിച്ച് ഏതാനും മിനിട്ടുകൾ മാത്രമാണ് സംസാരിച്ചത്.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങളായ ടാൻസാനിയക്കും നൈജീരിയക്കും പിറകിൽ 108 ാം സ്ഥാനത്താണ് ഇന്ത്യ. 20 നും 24 നും ഉള്ളിലാണ് അമേരിക്ക, കാനഡ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ.
സ്വേഛാധിപത്യ പ്രവണതയുള്ള രാജ്യങ്ങളുടെ റാങ്കിംഗിലാവട്ടെ ഇന്ത്യ പത്തിനുള്ളിൽ ആണെന്നത് ഭീതിദാവസ്ഥയാണ്. അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളിൽ 161ാം സ്ഥാനമാണ് ഇന്ത്യക്ക്. മനുഷ്യ പുരോഗതി സൂചികയിൽ 192 ൽ 132ാം സ്ഥാനവും ആഗോള സമാധാന സൂചികയിൽ 163 ൽ 126ാം സ്ഥാനവുമാണുള്ളത്. സമാധാന സൂചികയിൽ ഏഷ്യയിലെ 26 രാജ്യങ്ങളിൽ ഇന്ത്യ 21ാമത് മാത്രമാണ്.
ആഗോള തലത്തിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താൻ പറ്റിയത് ജനസംഖ്യയിൽ മാത്രമാണ്. സാമ്പത്തിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയെന്നും ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ നമ്മുടേതാണെന്നും അവകാശപ്പെടുമ്പോൾ അതിന്റെ ഗുണം അദാനിക്കും അംബാനിക്കും മാത്രമാണ്. അദാനിയെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം പോലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനുള്ളിൽ ലഭ്യമല്ല.
അഭിപ്രായ സ്വാതന്ത്ര്യത്തിന് കെട്ടിപ്പടുത്ത പാർലമെന്റിലേക്ക് ജനം തെരഞ്ഞെടുത്ത പ്രതിപക്ഷ നേതാവ് രാഹുലിനെയും മെഹ്വ മൊയ്ത്രയെയും അയോഗ്യരാക്കാൻ അദാനിയെ വിമർശിച്ചുവെന്നതാണ് കാരണം. വിശ്വഗുരുത്വം നാമാഗ്രഹിക്കുന്നുവെങ്കിൽ ജനാധിപത്യം പുലരട്ടെ. സ്വേഛാധിപത്യം തുലയട്ടെ.