അബുദാബി- പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വി.പി. എസ് ഹെല്‍ത്ത് കെയര്‍ പ്രഖ്യാപിച്ച 50 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന് മെട്രോമാന്‍ ഇ. ശ്രീധരന്‍ നേതൃത്വം നല്‍കുമെന്ന് പ്രമുഖ പ്രവാസി വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ അറിയിച്ചു.
തിരക്കുകള്‍ക്കിടയിലും തങ്ങളുടെ കര്‍മസേനയില്‍ പങ്കാളിത്തം വഹിക്കാന്‍ സമ്മതിച്ച ഇ. ശ്രീധരന് നന്ദി അറിയിച്ചുകൊണ്ടാണ് ഷംഷീര്‍ വയലില്‍ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
മെട്രോമാന്‍ ശ്രീധരന്റെ ഉള്‍ക്കാഴ്ചയും അനുഭവപരിചയവും നവകേരളത്തിന്റെ നിര്‍മാണത്തിന് വിലമതിക്കാന്‍ സാധിക്കാത്തതാണ്. ഏറെ തിരക്കിനിടയിലും തങ്ങളുടെ ക്ഷണം സ്വീകരിച്ചതിന് നന്ദിയെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു.
കേരളത്തിന്റെ പുനരധിവാസത്തിനായി 50 കോടിയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍ അറിയിച്ചത്. ആരോഗ്യം, വീട്, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിദഗ്ധരുടെ സഹായത്തോടെയാണു പദ്ധതി തയാറാക്കുക.
ദുരിതബാധിതര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന്, കുടിവെള്ളം എന്നിവ തുടര്‍ന്നും ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പുനരധിവാസത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.
പ്രളയ സമയത്ത് പ്രാദേശികസംസ്ഥാന സര്‍ക്കാരുകള്‍, ഇന്ത്യന്‍ സൈന്യം, നാവികസേന, വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ തുടങ്ങിയ നടത്തിയ സേവനത്തെ അഭിനന്ദിക്കുന്നു. രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, വസ്ത്രം, ഭക്ഷണം, മരുന്ന്, വെള്ളം തുടങ്ങി വിവിധ മേഖലകളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ നടത്തുന്ന സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു.