കൊച്ചി - പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസില്‍ പിടിയിലായ മുഖ്യ പ്രതി സവാദ് എട്ടുവര്‍ഷമായി കേരളത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദിനെ ഇന്നലെയാണ് മട്ടന്നൂരിലെ ബേരത്ത് വെച്ച് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ഇളയകുട്ടിയുടെ ജനന സര്‍ട്ടഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാന്‍ എന്ന് പേര് മാറ്റിയാണ് ഇയാള്‍ വിവിധയിടങ്ങളില്‍ കഴിഞ്ഞിരുന്നതെങ്കിലും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നു തന്നെയായിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി വളപട്ടണം, വിളക്കോട്, ബേരം എന്നിവിടങ്ങളില്‍ താമസിച്ചു വരികയാണെന്നും എന്‍ ഐ എ കണ്ടെത്തി. ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തില്‍ മുറിവുകളും ഇതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാന്‍ സഹായകരമയി. എട്ടുവര്‍ഷം മുന്‍പ് സവാദ് കാസര്‍കോട് നിന്ന് ഒരു എസ് ഡി പി ഐ പ്രാദേശിക നേതാവിന്റെ മകളെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തില്‍ പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തില്‍ തന്നെ തങ്ങി.
റിയാസ് എന്നയാളാണ് സവാദിന് ബേരത്ത് ആശാരിപ്പണി തരപ്പെടുത്തിക്കൊടുത്തത്. റിയാസ് എസ് ഡി പി ഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ് ഡി പി ഐക്കാര്‍ക്കൊപ്പമായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് സവാദിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. നാടുമായി സവാദ് ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. വീട്ടില്‍ നിന്നും ഇന്നലെ അറസ്റ്റിലാകുമ്പോള്‍ സവാദിനൊപ്പം ഭാര്യയും രണ്ട് കുട്ടികളുമുണ്ടായിരുന്നു.