കൊച്ചി - കൈവെട്ട് കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി സവാദിന്റെ തിരിച്ചറിയല്‍ പരേഡ് വേഗത്തില്‍ പൂര്‍ത്തിയാക്കി കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ ഐ എ നീക്കം തുടങ്ങി. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ എന്‍ ഐ എ അന്വേഷണ സംഘം ഉടന്‍ അപേക്ഷ നല്‍കും. ഫ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ഒളിവില്‍ പോയി 13 വര്‍ഷത്തിന് ശേഷം ഇന്നലെ പിടിയിലായ സവാദിനെ ജനുവരി 24 വരെ എന്‍ ഐ എ കോടതി റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളിപ്പോള്‍ എറണാകുളം സബ് ജയിലിലാണ് തടവില്‍ കഴിയുന്നത്. പ്രതിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക് പരിശോധന നടത്തും. സവാദിനെ ചോദ്യം ചെയ്ത് കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും എന്‍ ഐ എ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.