മംഗളുരു-കര്‍ണാടകയിലെ തീരദേശ വാണിജ്യ നഗരമായ മംഗളുരുവില്‍ നിന്ന് ഗോവയിലെ മഡ്ഗാവിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിച്ചിട്ട് രണ്ടാഴ്ചയാവുന്നതേയുള്ളു. പ്രധാന മന്ത്രി നരേന്ദ്രമോഡിയാണ് അയോധ്യയില്‍ വെച്ച് ഈ ട്രെയിനിന്റെ ഉദ്ഘാടനം ഡിസംബര്‍ 30ന് ഓണ്‍ലൈനായി നിര്‍വഹിച്ചത്. ഗോവ ഇന്ത്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ നല്ല ട്രാഫിക്കും പ്രതീക്ഷിച്ചു. മംഗളുരുവില്‍ നിന്ന് പുറപ്പെട്ട് നാല് മണിക്കൂര്‍ കൊണ്ട് ഗോവയിലെത്തുന്ന വിധത്തിലാണ് സമയക്രമീകരണം. ഉഡുപ്പിയിലും കാര്‍വാറിലും മാത്രം സ്റ്റോപ്പുകള്‍. എന്നാല്‍ കണക്കുകൂട്ടലെല്ലാം അസ്ഥാനത്തായി. ആദ്യ വാണിജ്യ യാത്രയില്‍ മുപ്പത് ശതമാനം യാത്രക്കാരേ ഉണ്ടായിരുന്നുള്ളു. പിന്നീട് ആവശ്യക്കാര്‍ കുറയുന്നതാണ് കണ്ടത്. വിമാന നിരക്കില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ആളുകള്‍ക്ക് താല്‍പര്യമില്ല. എന്നാല്‍ കേരളത്തിലെ രണ്ടു വന്ദേഭാരത് ട്രെയിനുകളും 150 ശതമാനത്തിലേറെ ഒക്യുപന്‍സി റേറ്റുമായാണ് ഓടുന്നത്. സര്‍വീസ് നിലനിര്‍ത്താന്‍ മംഗളുരു വന്ദേഭാരതിനെ കണ്ണൂരിലേക്കോ, കോഴിക്കോട്ടേക്കോ ദീര്‍ഘിപ്പിക്കുന്ന കാര്യം റെയില്‍വേയുടെ സജീവ പരിഗണനയിലാണ്. കോഴിക്കോടിനും മംഗളുരുവിനുമിടയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന പ്രശ്‌നത്തിനും പരിഹാരമാവും. കണ്ണൂരിലേക്കാണ് ദീര്‍ഘിപ്പിക്കുന്നതെങ്കില്‍ രണ്ടു മണിക്കൂറിന്റെ കാര്യമേയുള്ളു. അതിനിടെ, മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്നവരെ ആകര്‍ഷിക്കാന്‍ ബൈന്തൂര്‍ റോഡില്‍ സ്‌റ്റോപ്പ് അനുവദിക്കുന്ന കാര്യവും റെയില്‍വേ ആലോചിച്ചു വരികയാണ്.